Photo | BCCI, AFP

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ അരങ്ങേറ്റംകുറിച്ച ദേവ്ദത്ത് പടിക്കലിന് തകര്‍പ്പന്‍ തുടക്കം. ആദ്യ ടെസ്റ്റില്‍തന്നെ അര്‍ധസെഞ്ചുറി കുറിച്ചു. ഹിമാചല്‍പ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാംദിനം 65 റണ്‍സാണ് ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി നേടിയത്. 87-ാം ഓവറില്‍ ഷുഐബ് ബഷീറിന്റെ പന്ത് സിക്‌സർ പറത്തിയാണ് ദേവ്ദത്ത് അര്‍ധ സെഞ്ചുറി കണ്ടെത്തിയത്. 103 പന്തുകള്‍ നേരിട്ട ദേവ്ദത്ത് പടിക്കല്‍, ഒരു സിക്‌സും പത്തു ഫോറും അടിച്ചെടുത്തു. 93-ാം ഓവറില്‍ ഷുഐബ് ബഷീറിന്റെ പന്തില്‍ മടങ്ങി.

പരിക്കേറ്റ രജത് പാട്ടിദറിന് പകരക്കാരനായാണ് ദേവ്ദത്ത് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ട്രെയിനിങ്ങിനിടെ കണങ്കാലിന് പരിക്കേറ്റതാണ് പട്ടിദറിന് വിലങ്ങുതടിയായത്. ഇതോടെ പരമ്പരയിലെ അഞ്ചാമത്തെ അരങ്ങേറ്റതാരമായി പടിക്കല്‍ ടീമിലെത്തുകയായിരുന്നു. സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍, രജത് പാട്ടിദര്‍, ആകാശ് ദീപ് എന്നിവരാണ് പരമ്പരയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മറ്റുള്ളവർ.

മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ബാബുവിന്റെയും എടപ്പാള്‍ സ്വദേശിയായ അമ്പിളിയുടെയും മകനാണ് ദേവ്ദത്ത് പടിക്കല്‍. വ്യാഴാഴ്ച 100-ാം ടെസ്റ്റ് കളിച്ച അശ്വിന്റെ കൈയില്‍നിന്നാണ് ഇരുപത്തിമൂന്നുകാരനായ താരം ടെസ്റ്റ് ക്യാപ്പ് സ്വീകരിച്ചത്. 2021-ല്‍ ശ്രീലങ്കയ്‌ക്കെതിരേ ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇടക്കാലത്ത് ശരീര ഭാരം കുറഞ്ഞതടക്കമുള്ള പ്രശ്‌നങ്ങള്‍ ദേവ്ദത്ത് പടിക്കലിന് നേരിടേണ്ടിവന്നിട്ടുണ്ട്..