ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ

  • ആറു മിനിറ്റുകൊണ്ട് ഒരാളുടെ ഡ്രൈവിങ് കഴിവ് വിലയിരുത്തുന്ന പരിശോധനയാണ് നടക്കുന്നതെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് വ്യാഴാഴ്ച മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞത് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിലാക്കി. നിയന്ത്രണത്തിനെതിരേ പ്രതിഷേധം കടുത്ത സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. ‘അങ്ങനെ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും രേഖയുണ്ടോ’? എന്നുമായിരുന്നു സംഭവത്തില്‍ മാധ്യമങ്ങളോടുള്ള മന്ത്രിയുടെ ചോദ്യം.

എന്നാല്‍, അപ്രതീക്ഷിതമായി ടെസ്റ്റുകളുടെ എണ്ണം കുറച്ചതിനെ തള്ളിപ്പറയാന്‍ മന്ത്രി തയ്യാറായതുമില്ല. ഉദ്യോഗസ്ഥര്‍ പരീക്ഷണം നടത്തി നോക്കിയതാകും. അവരെ തെറ്റുപറയേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി ഉന്നതതല യോഗത്തിലെ വിവരങ്ങള്‍ പുറത്ത് ചോര്‍ത്തിനല്‍കിയ ഉദ്യോഗസ്ഥരെ ഉടന്‍തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്നും ചാരന്മാരെ കണ്ടെത്താന്‍ സൈബര്‍ അന്വേഷണം നടത്തുമെന്നും പറഞ്ഞു.

അതേസമയം, ആരുടെ നിര്‍ദേശപ്രകാരമാണ് ടെസ്റ്റുകളുടെ എണ്ണം പെട്ടെന്ന് കുറച്ചതെന്ന കാര്യത്തില്‍ മന്ത്രിയുടെ ഓഫീസോ ഗതാഗതവകുപ്പോ വ്യക്തത വരുത്തിയിട്ടില്ല. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മുതല്‍ ജോയിന്റ് ആര്‍.ടി.ഒ.മാര്‍ വരെ പങ്കെടുത്ത യോഗത്തില്‍ മന്ത്രി നല്‍കിയ നിര്‍ദേശമാണ് നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇത് കൊല്ലാനുള്ള ലൈസന്‍സ് -മന്ത്രി

ആറു മിനിറ്റുകൊണ്ട് ഒരാളുടെ ഡ്രൈവിങ് കഴിവ് വിലയിരുത്തുന്ന പരിശോധനയാണ് നടക്കുന്നതെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. വലിയ കോക്കസാണ് പിന്നിലുള്ളത്. ഉദ്യോഗസ്ഥരില്‍ ചിലരും കൂട്ടുനില്‍ക്കുന്നുണ്ട്. വാഹനം ഓടിക്കാനല്ല കൊല്ലാനുള്ള ലൈസന്‍സാണ് കൊടുക്കുന്നത്. ഇത് അനുവദിക്കാനാകില്ല. ഡ്രൈവിങ് പരിശോധന കര്‍ശനമാക്കും -മന്ത്രി പറഞ്ഞു.

ട്രാന്‍. കമ്മിഷണര്‍-മന്ത്രി പോര് തുടരുന്നു

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണങ്ങളുടെ പേരില്‍ മന്ത്രി ഗണേഷ് കുമാറും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തുമായി ഉണ്ടായ അസ്വാരസ്യം തുടരുന്നു. ബുധനാഴ്ച മന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കമ്മിഷണര്‍ക്കുപകരം അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കറാണ് പങ്കെടുത്തത്. നേരിട്ടല്ലെങ്കിലും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ മന്ത്രി യോഗത്തില്‍ വിമര്‍ശിക്കുകയും ചെയ്തു.

മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചുകൊണ്ട് കഴിഞ്ഞദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലറിനെക്കുറിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തന്റെ നിര്‍ദേശങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധത്തിലാണ് നടപ്പാക്കുന്നതെന്ന് ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി. ഇടനിലക്കാരെ ഒഴിവാക്കാന്‍വേണ്ടി ഇറക്കിയ സര്‍ക്കുലര്‍ പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന വിധത്തിലാണ് വന്നതെന്നും മന്ത്രി പറഞ്ഞു. വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാനും മന്ത്രി ആവശ്യപ്പെട്ടു.