രവിചന്ദ്രൻ അശ്വിൻ, ഭാര്യ പ്രീതി നാരായണൻ Photo | ANI, PTI

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യയുടെ സ്പിന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം കൊയ്ത ദിവസംതന്നെയായിരുന്നു അശ്വിന്റെ മടക്കം. രാജ്‌കോട്ട് ടെസ്റ്റിന്റെ രണ്ടാംദിവസമായിരുന്നു ഇത്. തുടര്‍ന്ന് നാലാംദിവസം തിരിച്ചെത്തുകയും ടീമിനൊപ്പം ചേര്‍ന്ന് പന്തെറിയുകയും ചെയ്തു. മെഡിക്കല്‍ അത്യാവശ്യമുണ്ടെന്ന് ബി.സി.സി.ഐ.യെ അറിയിച്ചായിരുന്നു അശ്വിന്റെ മടക്കം.

അമ്മയ്ക്ക് മെഡിക്കല്‍ അത്യാവശ്യമായതിനാലാണ് ടെസ്റ്റിനിടെ മടങ്ങിയതെന്ന് ബി.സി.സി.ഐ.യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നെങ്കിലും ബോര്‍ഡിന്റെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണമുണ്ടായിരുന്നില്ല. മെഡിക്കല്‍ അത്യാഹിതം എന്നുമാത്രമാണ് ബി.സി.സി.ഐ. ഔദ്യോഗികമായി അറിയിച്ചത്. ഇപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ പറയുകയാണ് അശ്വിന്റെ ഭാര്യ പ്രീതി നാരായണന്‍.

500 വിക്കറ്റ് നേട്ടത്തിന്റെ സന്തോഷം എല്ലാവരുമായി പങ്കിടുന്നതിനിടെ അശ്വിന്റെ അമ്മ ഒരു അലര്‍ച്ചയോടെ തളര്‍ന്നുവീണെന്നും ഒട്ടും സമയം പാഴാക്കാതെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പ്രീതി പറഞ്ഞു. മക്കള്‍ സ്‌കൂളില്‍നിന്ന് തിരിച്ചെത്തി അഞ്ചു മിനിറ്റ് കഴിഞ്ഞ് അശ്വിന്‍ 500 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. നേട്ടത്തില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് നിലയ്ക്കാതെ ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അമ്മയ്ക്ക് അത്യാഹിതം സംഭവിച്ചത്. ഉടന്‍തന്നെ ചേതേശ്വര്‍ പൂജാരയെ വിളിച്ച് അശ്വിന് കളിക്കിടയില്‍ വരാന്‍ കഴിയുന്നതെങ്ങനെയെന്നതില്‍ വിവരം തേടി. രാജ്‌കോട്ടില്‍നിന്ന് ചെന്നൈയിലേക്ക് വിമാന സര്‍വീസുകള്‍ വളരെ കുറവാണ്. അതിനാലാണ് പുജാരയെ വിളിച്ച് വേഗത്തില്‍ അശ്വിന് എങ്ങനെയെത്താമെന്നതില്‍ വിവരം തിരക്കിയതെന്നും പ്രീതി പറഞ്ഞു.

പിന്നീട് മകന്‍ അടുത്തുണ്ടായാല്‍ അമ്മയ്ക്ക് ആശ്വാസമാകും എന്ന ഡോക്ടറുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അശ്വിനെ ലഭ്യമായ സമയത്ത് വിളിച്ചു. കേട്ടമാത്രയില്‍ മറുതലയ്ക്കല്‍ അശ്വിന്റെ ശബ്ദം ഇടറി ഫോണ്‍ വെച്ചു. പിന്നെയും 20-25 മിനിറ്റോളം അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചതായും പ്രീതി പറഞ്ഞു. അശ്വിന്‍ വീട്ടിലെത്തുന്നതുവരെ പിന്തുണച്ച ബി.സി.സി.ഐ.ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും നന്ദി പറയാനും പ്രീതി മറന്നില്ല.

ചെന്നൈയിലെത്തിയ അശ്വിന്‍ ആശുപത്രിയില്‍ച്ചെന്ന് ഐ.സി.യു.വിലുള്ള അമ്മയെക്കണ്ടു. മകനെക്കണ്ടതോടെ അമ്മയ്ക്കും ആശ്വാസം. സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് നാലാംദിവസം ടെസ്റ്റിലേക്ക് തന്നെ മടങ്ങിയെത്തുകയും ടീമിനൊപ്പം ചേരുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം വ്യാഴാഴ്ച ധരംശാലയില്‍ ആരംഭിക്കും. അശ്വിനും ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍ സ്‌റ്റോയ്ക്കും ഇത് നൂറാമത്തെ ടെസ്റ്റാണെന്ന പ്രത്യേകതയുമുണ്ട്.