കെ. സുരേന്ദ്രൻ, ബിന്ദു കൃഷ്ണ
വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാഷിസത്തിന്റെ വക്താക്കളായി പൊതുജനം കണക്കാക്കുന്ന ഒരു ആശയത്തെ പത്മജ സ്വീകരിക്കുന്നത് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയില്ല. ഈ വാർത്ത കേട്ടപ്പോൾ സത്യമാകരുതേ എന്ന് പ്രാർഥിച്ചു. ലീഡറുടെ മകൾ ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നു.
കോട്ടയം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു കണികപോലും സത്യമില്ലെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. താൻ അടിമുടി ഒരു കോൺഗ്രസുകാരിയാണ്. ചെറുപ്പം മുതൽ കോൺഗ്രസ് ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന നേതാവാണെന്നും ബിന്ദു കൃഷ്ണ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
പത്മജാ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേരുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി.) ഭയന്നാണെന്ന ബിന്ദു കൃഷ്ണയുടെ വിമര്‍ശനത്തിന് ആ പറഞ്ഞ ആളുകളൊക്കെ ബി.ജെപിയുമായി ചര്‍ച്ച നടത്തിയിട്ടുള്ളവരാണെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ഇപ്പറയുന്ന വലിയ ആവേശം പറയുന്നവരൊക്കെ ഇതിന് മുന്‍പ് പാര്‍ട്ടിയുമായി ചര്‍ച്ചനടത്തിയിട്ടുള്ളവരാണെന്നും അതേക്കുറിച്ചൊന്നും തന്റെ മാന്യത മൂലം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയമായി ഇന്നേവരെ മറ്റൊരു പാർട്ടിയിലേക്ക് ഒരു നേതാവും ക്ഷണിച്ചിട്ടില്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ഇത്തരമൊരു ചർച്ച നടത്താനുള്ള അവസരം താനുണ്ടാക്കിയിട്ടുമില്ല. നാളെ ഇത്തരമൊരു ചർച്ച നടത്തുകയുമില്ല. കോൺഗ്രസുകാരെ മുഴുവൻ ബി.ജെ.പിയിലേക്കാത്തിക്കാമെന്ന് കരുതി ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ അത് മലർപൊടിക്കാരന്റെ സ്വപ്നമാണെന്നേ പറയാൻകഴിയൂ, അവർ വ്യക്തമാക്കി.
പത്മജാ വേണുഗോപാൽ കോൺഗ്രസ് വിട്ടത് പാർട്ടിക്കേറ്റ തിരിച്ചടി എന്നതിനേക്കാൾ അവർ അത്തരം ഒരു നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു എന്നതാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി. കേരളത്തിന്റെ മതേതര മുഖത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്നു ലീഡർ കെ. കരുണാകരൻ. അദ്ദേഹം എക്കാലത്തും എതിർത്തിരുന്നു ഒരു രാഷ്ട്രീയ ആശയത്തിലേക്കാണ് മകൾ പോകുന്നത്. അതും വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാഷിസത്തിന്റെ വക്താക്കളായി പൊതുജനം കണക്കാക്കുന്ന ഒരു ആശയത്തെ പത്മജ സ്വീകരിക്കുന്നത് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയില്ല. ഈ വാർത്ത കേട്ടപ്പോൾ സത്യമാകരുതേ എന്ന് പ്രാർഥിച്ചു. ലീഡറുടെ മകൾ ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നു.
പത്മജ പാർട്ടി വിട്ടത് വടകരയിലെ തിരഞ്ഞെടുപ്പിൽ മുരളീധരനെ ബാധിക്കില്ല. വടകരയിൽ അദ്ദേഹത്തിന്റൈ വിജയം സുനിശ്ചിതമാണ്. പ്രത്യക്ഷമായി അവർ കോൺഗ്രസ് വിടേണ്ട ഒരു കാര്യവുമില്ല. പാർട്ടിയിലെ ഒരു വനിതാ നേതാവെന്ന നിലയിൽ സാധാരണയിൽ കവിഞ്ഞ അവസരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്. പദവികൾക്കപ്പുറമായി ലീഡറുടെ മകൾ എന്ന നിലയിൽ താൻ ഉൾപ്പെടുന്ന എല്ലാ പ്രവർകത്തരും അവരെ ബഹുമാനിച്ചിരുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി വനിതാ നേതാക്കളെ അവഗണിക്കുന്നുവെന്ന് തോന്നുന്നില്ല. കോൺഗ്രസ് സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നത് വസ്തുതാവിരുദ്ധമാണ്. അതേസമയം, സമൂഹത്തിന്റെ ഭാഗമാണ് നമ്മുടെ പ്രസ്ഥാനങ്ങൾ. ജനസംഖ്യാനുപാതികമായി വനിതകൾക്ക് ഒരു പാർട്ടിയിലും അംഗീകാരം കിട്ടുന്നില്ല എന്നത് വസ്തുതയാണ്.
കുറച്ചുനാൾ കഴിഞ്ഞാൽ കെ. മുരളീധരനെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാമർശത്തെയും ബിന്ദു കൃഷ്ണ രൂക്ഷമായി വിമർശിച്ചു. ബി.ജെ.പി നേതാക്കൾ എവിടെനിന്നെങ്കിലും ആരെയെങ്കിലും കിട്ടുമോ എന്ന് പരീക്ഷണം നടത്തുകയാണ്. അവരുടെ ആളുകളെ നേരെയാക്കിയിട്ട് പോരെ മറ്റുള്ളവരെ പാർട്ടിയിലേക്കെത്തിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ അവസ്ഥ എന്താണ്. കഴിഞ്ഞ തവണ അവർ ആറ്റിങ്ങലിൽ ഒരുപാട് വോട്ടുകൾ പിടിച്ചു. എന്നാൽ, ഇത്തവണ ആവർക്ക് സീറ്റുപോലും നൽകിയില്ലല്ലോ. കോർ കമ്മിറ്റിയിൽപോലും അവർ അംഗമല്ല, ബിന്ദു കൃഷ്ണ പറഞ്ഞു.
ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പിയെന്ന സി.പി.എം പ്രചാരണം കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ്. ബംഗാളിലെ മുഴുവൻ സി.പി.എമ്മുകാരും ബി.ജെ.പിയിലേക്ക് പോയി. ത്രിപുരയിൽ സി.പി.എം ഓഫീസ് തന്നെ ബി.ജെ.പിയായി രൂപാന്തരപ്പെട്ടു. നിലവിൽ ബി.ജെ.പിയേയും ആർ.എസ്.എസ്സിനുമെതിരെ അതിശക്തമായി പോരാടുന്നത് കോൺഗ്രസാണെന്നും അവർ കൂട്ടിച്ചേർത്തു.
