ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ് | Photo : PTI

ന്യൂഡല്‍ഹി: ഹൈക്കോടതി സിറ്റിങ് ജഡ്ജി രാജിവെച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ അനൗചിത്യമൊന്നുമില്ലെന്ന് കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായ. ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം സ്ഥിരീകരിച്ചു. നീതി നടപ്പാക്കാനും വലിയ അഴിമതി കണ്ടെത്താനും ശ്രമിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അധിക്ഷേപിച്ചെന്നും അദ്ദേഹം ആരോപിച്ചു.

‘സി.ബി.ഐ. അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടപ്പോള്‍ അവര്‍ എന്നെ വ്യക്തിപരമായി ആക്രമിച്ചു. തൃണമൂല്‍ നേതാക്കള്‍ ഭാഗിക വിദ്യാഭ്യാസം മാത്രമുള്ളവരാണ്. ജഡ്ജിമാരോട് എന്താണ് പറയേണ്ടതെന്ന് അവര്‍ക്കറിയില്ല. രാഷ്ട്രീയത്തിലിറങ്ങാന്‍ അവരെന്നെ വെല്ലുവിളിച്ചു. ഞാന്‍ ചിന്തിച്ചു, അവരുടെ വെല്ലുവിളിയില്‍നിന്ന്‌ എനിക്ക് പ്രചോദനം ലഭിച്ചു. സംസ്ഥാനത്തെ നിസ്സഹായരായ ആളുകള്‍ക്കൊപ്പം നില്‍ക്കാനുള്ള സമയമായെന്ന് തിരിച്ചറിഞ്ഞു’, ഗംഗോപാധ്യായ ദേശീയ മാധ്യമത്തോട് പറഞ്ഞു.

ബി.ജെ.പിയുമായി മൂന്നോ നാലോ ദിവസം മുമ്പ് മാത്രമാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ യാതൊരു വിധിന്യായവും നടത്തിയിട്ടില്ല. ബംഗാളിന് യോജിച്ച പാര്‍ട്ടി ബി.ജെ.പി. ആയതിനാലാണ് അതില്‍ ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ചൊവ്വാഴ്ച ന്യായാധിപ പദവി രാജിവെച്ച അഭിജിത്ത് ഗംഗോപാധ്യായ വ്യാഴാഴ്ച ബി.ജെ.പിയില്‍ ചേരും. പശ്ചിമബംഗാളിലെ തംലുക് മണ്ഡലത്തില്‍നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് വിവരമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഇവിടെ വിജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണ്.