അയോഗ്യയാക്കപ്പെട്ട പ്രമീള ഗിരീഷ്കുമാർ | Photos: 1. lsgkerala.gov.in, 2. PTI

മൂവാറ്റുപുഴ: യു.ഡി.എഫിൽനിന്ന് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന കൗണ്‍സിലറെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി. മൂവാറ്റുപുഴ നഗരസഭയിലെ 13-ാം വാർഡ് കൗണ്‍സിലറായ പ്രമീള ഗിരീഷ് കുമാറിനെയാണ് അയോഗ്യയാക്കിയത്. ആറ് വർഷത്തേക്കാണ് അയോഗ്യത.

യു.ഡി.എഫില്‍നിന്ന് കൂറുമാറി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന പ്രമീള ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പഴ്സണായി വിജയിച്ചിരുന്നു. വിപ്പ് ലംഘനവും കൂറുമാറ്റവും ചൂണ്ടിക്കാട്ടി നഗരസഭ ചെയര്‍പേഴ്സൺ പി.പി. എല്‍ദോസ് തെരഞ്ഞെടുപ്പ് കമ്മിഷന് രണ്ട് പരാതികൾ നൽകിയിരുന്നു. രണ്ട് പരാതികള്‍ ഒന്നായി പരിഗണിച്ചാണ് കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

2020 ഡിസംബറില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായാണ് പ്രമീള മത്സരിച്ച് ജയിച്ചത്. സീനിയര്‍ കൗണ്‍സിലര്‍ ആയിട്ടും നഗരസഭാ ഉപസമിതി അധ്യക്ഷ സ്ഥാനത്തേക്ക് ഇവരെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കാതിരുന്നതോടെ കൗണ്‍സിലിന്റെ തുടക്കം മുതല്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് പ്രമീള സ്വീകരിച്ചത്. പിന്നീട് ഇടതുപക്ഷത്ത് ചേർന്ന് ഇവർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണാവുകയായിരുന്നു.