സന്തോഷ് ട്രോഫി ഫുട്‌ബോൾ ക്വാർട്ടറിൽ മിസോറമിനോട് തോറ്റ കേരള താരങ്ങൾ നിരാശയോടെ മടങ്ങുന്നു.

തുടര്‍ച്ചയായ രണ്ടാം തവണയും സന്തോഷ് ട്രോഫി ഫുട്ബോളില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ് കേരള ഫുട്ബോള്‍ ടീം. ചൊവ്വാഴ്ച നടന്ന ക്വാര്‍ട്ടറില്‍ മിസോറമിനോട് നിശ്ചിത സമയത്തും അധികസമയത്തും പൊരുതി ഒടുവില്‍ സഡന്‍ ഡെത്തിലാണ് കേരളം വീണത്. കളിക്കളത്തില്‍ സാങ്കേതികമായി മികച്ച നിലവാരം പുലര്‍ത്തിയ വടക്കുകിഴക്കന്‍ ശക്തികള്‍ക്കെതിരേ മികച്ച മത്സരം കാഴ്ചവെയ്ക്കാനായെങ്കിലും നിശ്ചിത സമയത്തും അധിക സമയത്തും ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. മിസോറം ഗോളി ലാല്‍മുവാനമയുടെ മികച്ച സേവുകളും കേരളത്തിന്റെ വിജയം തടഞ്ഞു.

പ്രധാന താരങ്ങളില്ലാതെ

ആദ്യ ഇലവനില്‍ ഇടംപിടിക്കേണ്ട നാല് പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് കേരളത്തിന് ക്വാര്‍ട്ടറില്‍ കളത്തിലിറങ്ങേണ്ടിവന്നത്. ഗ്രൂപ്പ്് ഘട്ടത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട സ്ട്രൈക്കര്‍ ഇ. സജീഷിനും ഡിഫന്‍ഡര്‍ ആര്‍. ഷിനുവിനും കളത്തിലിറങ്ങാനായില്ല. ഗോവയ്ക്കെതിരായ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ പേശീവലിവ് കാരണം കളംവിട്ട മധ്യനിരയിലെ പ്രധാനിയായ ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ടിനും ആദ്യ ഇലവനില്‍ കളിക്കാനായില്ല. കാലിന് പരിക്കേറ്റ ഡിഫന്‍ഡര്‍ ബെല്‍ജിന്‍ ബോള്‍സ്റ്ററും കളത്തിലില്ലായിരുന്നു. ഇതിനൊപ്പം കളിക്കിടെ നിര്‍ജലീകരണവും പേശീവലിവും കാരണം 62-ാം മിനിറ്റില്‍ സ്ട്രൈക്കര്‍മാരായ മുഹമ്മദ് ആഷിഖിനെയും 71-ാം മിനിറ്റില്‍ ബി. നരേഷിനെയും പരിശീലകന് പിന്‍വലിക്കേണ്ടി വന്നതോടെ ശേഷിച്ച സമയമത്രയും സ്ട്രൈക്കര്‍മാര്‍ ആരുമില്ലാതെ കേരളത്തിന് കളിക്കേണ്ടതായി വന്നു. 86-ാം മിനിറ്റില്‍ അബ്ദു റഹീമിനെയും പിന്നാലെ പ്രതിരോധത്തിലെ പ്രധാനിയായ അഖില്‍ ജെ. ചന്ദ്രനേയും കൂടി പിന്‍വലിക്കേണ്ടി വന്നതോടെ അധികസമയത്തെ കേരളത്തിന്റെ പ്രകടനത്തില്‍ ഇടിവ് സംഭവിച്ചു. ഗോള്‍ നേടാനാകാതെ വന്നതോടെ 62-ാം മിനിറ്റില്‍ പരിക്കില്‍നിന്ന് പൂര്‍ണമായി മുക്തനല്ലാത്ത നിജോ ഗില്‍ബര്‍ട്ടിനെ കളിക്കാനിറക്കിയ തീരുമാനവും ഫലം കണ്ടില്ല. ബാന്‍ഡേജണിഞ്ഞ് വേദനസംഹാരികളുടെ സഹായത്തോടെ കളത്തിലിറങ്ങിയ നിജോയുടെ നിഴല്‍ മാത്രമായിരുന്നു കാണാനായത്. 25 മിനിറ്റുമാത്രം കളത്തില്‍ തുടര്‍ന്ന താരത്തെ 87-ാം മിനിറ്റില്‍ കോച്ചിന് പിന്‍വലിക്കേണ്ടിവരികയും ചെയ്തു.

ഒരുക്കം തന്നെ പാളി

ഗോവയില്‍ നടന്ന യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കു ശേഷം ഫൈനല്‍ റൗണ്ടിനു മുമ്പ് മുഴുവന്‍ സ്‌ക്വാഡിനെയും ഒന്നിച്ച് പരിശീലനത്തിനായി ലഭിച്ചത് വെറും അഞ്ച് ദിവസങ്ങള്‍ മാത്രമായിരുന്നു. കോതമംഗലത്തും കണ്ണൂരിലുമായിട്ടായിരുന്നു ക്യാമ്പ്. ഇതിനിടയ്ക്ക് കെപിഎല്‍ വന്നതോടെ താരങ്ങളെ ക്യാമ്പില്‍ നിന്ന് റിലീസ് ചെയ്യേണ്ടിയും വന്നു. ഇതോടെ മിക്കവാറും സമയവും താരങ്ങള്‍ക്ക് ഒന്നിച്ച് പരിശീലിക്കാനും സാധിച്ചില്ല. അരുണാചലിലെത്തി ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളില്‍ ഈ ഒത്തിണക്കമില്ലായ്മ നിഴലിച്ചു. കെപിഎല്ലും സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പുമല്ലാതെയുള്ള ടൂര്‍ണമെന്റുകളുടെ അഭാവം കളിക്കാരുടെ മത്സര പരിചയത്തെ ബാധിക്കുന്നുണ്ടെന്നും പരിശീലകന്‍ സതീവന്‍ ബാലന്‍ ചൂണ്ടിക്കാട്ടി.

ടൂര്‍ണമെന്റിന്റെ തുടക്ക മത്സരങ്ങളില്‍ പലപ്പോഴും ആത്മവിശ്വാസമില്ലാതെ കളിക്കുന്ന കേരള ടീമിനെയാണ് കാണാനായത്. അസമിനെതിരേ 3-1ന് ജയിച്ചു തുടങ്ങിയെങ്കിലും സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നതുപോലെയുള്ള ഒരു ആധിപത്യം ഒരു മത്സരത്തിലും കേരളത്തിന് കാഴ്ചവെയ്ക്കാനായില്ല. വേഗവും മികച്ച പന്തടക്കവും പന്തിന്മേലുള്ള മികച്ച നിയന്ത്രണവും ഉപയോഗിച്ച് കളിക്കുന്ന വടക്കുകിഴക്കന്‍ ടീമുകള്‍ക്കെതിരേ കൃത്യമായ ഒരു മറുതന്ത്രം പയറ്റാനും കേരളത്തിന് സാധിക്കാതെ പോയി. തുടക്ക മത്സരങ്ങളില്‍ കേരളത്തിന്റെ മധ്യനിര ശരാശരിയിലും താഴെപ്പോയ പ്രകടനമാണ് നടത്തിയത്. എന്നാല്‍ മിസോറമിനെതിരേ ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റിലെ തന്നെ മികച്ച മത്സരമാണ് ടീം പുറത്തെടുത്തത്. പലരും ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മത്സരമെന്ന നിലക്കാണ് കേരളം – മിസോറം ക്വാര്‍ട്ടര്‍ പോരാട്ടത്തെ വിലയിരുത്തിയത്.

കൃത്രിമ ടര്‍ഫില്‍ കളിച്ചുള്ള പരിചയക്കുറവും ടീമിന്റെ പ്രകടനത്തില്‍ നിഴലിച്ചിരുന്നു. പലപ്പോഴും ഇത് കളിക്കാരുടെ ഫസ്റ്റ് ടച്ചുകളെയും ഗോളിലേക്കുള്ള ഷോട്ടുകളെയും ബാധിച്ചു.

”ടീമിനെ സെമിയിലെത്തിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ട്. ടര്‍ഫില്‍ കളിച്ചുള്ള പരിചയക്കുറവും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി. ടൂര്‍ണമെന്റില്‍ മികച്ച സ്‌കോറിങ് റേറ്റുള്ള ടീമിനെ നാല് പ്രധാന താരങ്ങളുടെ അഭാവത്തില്‍ 120 മിനിറ്റ് ഗോള്‍വഴങ്ങാതെ പിടിച്ചുനിര്‍ത്തിയ കളിക്കാരുടെ അധ്വാനത്തില്‍ അഭിമാനിക്കുന്നു. ടെക്നിക്കലായുള്ള മികവും മത്സര പരിചയവും ഗെയിം സെന്‍സുമാണ് മറ്റ് ടീമുകള്‍ക്ക് കരുത്താകുന്നത്. ഒറ്റ രാത്രി കൊണ്ടോ കുറച്ചു മത്സരങ്ങള്‍ കൊണ്ടോ ഇതൊന്നും നേടിയെടുക്കാനാകില്ല. മേജര്‍ ടൂര്‍ണമെന്റുകളില്‍ തിളങ്ങാനാവശ്യമായ ശേഷി കേരള താരങ്ങള്‍ക്ക് ലഭിക്കുന്നില്ല. പ്രതികൂലസാഹചര്യത്തിലും ക്വാര്‍ട്ടര്‍ പ്രവേശനം തന്നെ മികവുറ്റതായി കാണുന്നു.” – സതീവന്‍ ബാലന്‍, കേരള ടീം പരിശീലകന്‍.

സെമി പോരാട്ടങ്ങള്‍ ഇന്ന്

ഇറ്റാനഗര്‍: 77-ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന ആദ്യ സെമിയില്‍ സര്‍വീസസ്, മിസോറമിനെ നേരിടും. റെയില്‍വേസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സര്‍വീസസിന്റെ സെമി പ്രവേശനം. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ മത്സരത്തില്‍ കേരളത്തെ പരാജയപ്പെടുത്തിയാണ് (7-6) മിസോറം സെമിയിലെത്തിയത്.

വൈകീട്ട് ഏഴിന് നടക്കുന്ന രണ്ടാം സെമിയില്‍ കരുത്തരായ മണിപ്പുരിന് ഗോവയാണ് എതിരാളികള്‍. ഡല്‍ഹിയെ 2-1ന് കീഴടക്കിയായിരുന്നു ഗോവയുടെ സെമി പ്രവേശനം. അസമിനെ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് മണിപ്പുര്‍ സെമിയിലെത്തിയത്.