നിഷ ബാലകൃഷ്ണൻ

കോഴിക്കോട്: നാല് സെക്കൻഡ് എന്നത് നിഷാ ബാലകൃഷ്ണന് വെറും സമയം മാത്രമല്ല, തന്റെ ജീവിതം കൂടിയായിരുന്നു. നാല് സെക്കൻഡിൽ നഷ്ടപ്പെട്ട സർക്കാർ ജോലി നേടിയെടുക്കാൻ നിഷയ്ക്കുവേണ്ടുവന്നത് നീണ്ട ആറുവർഷമാണ്. തിരുവനന്തപുരം നഗരകാര്യ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരുടെ നടപടി മൂലം ഇല്ലാതായ ജോലി ഇന്നവർക്ക് തിരികെ കിട്ടിയിരിക്കുന്നു.

ഏറെ പ്രതിസന്ധികൾ നേരിട്ടെങ്കിലും അർഹതപ്പെട്ട ജോലി ലഭിച്ചതിന്റെ സന്തോഷത്തിലാണ് കൊല്ലം ചവറ സ്വദേശിനിയായ നിഷാ ബാലകൃഷ്ണൻ. ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് നിഷയെ തദ്ദേശവകുപ്പിൽ എൽ.ഡി. ക്ലാർക്കായി നിയമിക്കാനാണ് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. നിഷയ്ക്കുമാത്രമല്ല, ഉദ്യോ​ഗസ്ഥർ സാങ്കേതികത്വം പറഞ്ഞ് തഴയുന്ന നിരവധിപേർക്ക് പ്രതീക്ഷനൽകുന്നതാണ് സർക്കാർ തീരുമാനവും നിഷയുടെ പോരാട്ടവും.

ആറുവർഷം നീണ്ട നിയമപോരാട്ടം, ഒടുവിൽ നീതി

എറണാകുളം ജില്ലയിൽ 2015 മാർച്ച് 31-ന് നിലവിൽവന്ന വിവിധ വകുപ്പുകളിലേക്കുള്ള എൽ.ഡി. ക്ലാർക്ക് റാങ്ക് പട്ടികയിലാണ് 696-ാം റാങ്കുകാരിയായി നിഷ ഉൾപ്പെട്ടിരുന്നത്. കൊച്ചി കോർപ്പറേഷനിലെ മൂന്ന് ഒഴിവുകൾ കോർപ്പറേഷൻ 2018 മാർച്ച് 28-ന് നഗരകാര്യ ഡയറക്ടറേറ്റിലേക്ക് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം നഗരകാര്യ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനാകട്ടെ, എറണാകുളം ജില്ലാ പി.എസ്.സി. ഓഫീസർക്ക് ഒഴിവ് റിപ്പോർട്ട് ചെയ്തത് മാർച്ച് 31-ന് രാത്രി 12 മണിക്കും. പി.എസ്.സി. ഓഫീസിൽ ഇ-മെയിലിൽ ലഭിച്ചത് രാത്രി 12 മണി കഴിഞ്ഞ് നാല് സെക്കൻഡുകൾക്കുശേഷം.

പട്ടികയുടെ കാലാവധി അർധരാത്രി 12-ന് അവസാനിച്ചെന്ന് പി.എസ്.സി. സാങ്കേതികത്വം പറഞ്ഞതോടെ നാല് സെക്കൻഡുകളുടെ വ്യത്യാസത്തിൽ നിഷയ്ക്ക് ജോലി നഷ്ടമായി. നിരന്തരം തിരുവനന്തപുരം നഗരകാര്യ ഡയറക്ടറേറ്റും എറണാകുളത്തെ പി.എസ്.സി ഓഫീസും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നിഷ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. പക്ഷെ, സാങ്കേതികമായി പട്ടികയുടെ കാലാവധി കഴിഞ്ഞിരുന്നെന്നു ചൂണ്ടിക്കാട്ടി ട്രിബ്യൂണൽ ഹർജി തള്ളി. പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2020 ഓ​ഗസ്റ്റ് 20-ന് നിഷയുടെ ഹർജി കോടതി തള്ളി.

എന്നാൽ, തോറ്റുകൊടുക്കാൻ നിഷ തയ്യാറായിരുന്നില്ല. വീണ്ടും ഹൈക്കോടതിയിലേക്ക്. 2022 ഓ​ഗസ്റ്റിൽ പുനഃപരിശോധനാ ഹർജി നൽകി. അതുവരെ പുറംലോകം അറിയാതിരുന്ന നിഷയുടെ പോരാട്ടത്തെക്കുറിച്ച് അതേവർഷം ഡിസംബറിൽ മാധ്യമങ്ങൾ വാർത്ത നൽകിത്തുടങ്ങി. ഇതോടെ നിഷയ്ക്ക് സമൂഹത്തിൽനിന്ന് വലിയ പിന്തുണ ലഭിച്ചു. 2023 മാർച്ചിൽ നിഷ മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകി. സംഭവം അന്വേഷിക്കാൻ ഏപ്രിൽ 30-ന് ഭരണപരിഷ്കാരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന് മുഖ്യമന്ത്രി നിർദേശവും നൽകി. നഗരകാര്യ ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായെന്ന് ജയതിലകിന്റെ അന്വേഷണത്തിൽ വ്യക്തമായി.

നേരത്തെ നിഷ ഹൈക്കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജിയിൽ അതേവർഷം ഒക്ടോബർ 12-ന് ഹൈക്കോടതിവിധി വന്നു.

നിഷാ ബാലകൃഷ്ണനു ജോലി നൽകാൻ സർക്കാരിനു തീരുമാനിക്കാമെന്നു ഹർജി തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലി നൽകണമെന്ന് അപേക്ഷിച്ച്‌ മുഖ്യമന്ത്രിക്കു നിഷ വീണ്ടും അപേക്ഷ നൽകി. ഇതാണ് മന്ത്രിസഭായോഗം പരിഗണിച്ചതും നിഷയ്ക്ക് അർഹതപ്പെട്ട ജോലി നൽകാൻ തീരുമാനിച്ചതും.

നിഷ പറയുന്നു…

2007-ൽ ആയിരുന്നു വിവാഹം. അന്നുമുതൽ ആരംഭിച്ചതാണ് സർക്കാർ‍ ജോലി നേടിയെടുക്കാനുള്ള പ്രയത്നം. ഒടുവിൽ നേടിയെടുത്തെങ്കിലും അർഹതപ്പെട്ട ജോലി നഷ്ടമായെന്നു അറിഞ്ഞതോടെ വലിയ നിരാശയായിരുന്നു. പിന്നീട് പി.എസ്.സി പഠനം രണ്ടുവർഷത്തോളം ഉപേക്ഷിച്ചു. എന്നാൽ, ഭർത്താവ് പ്രവീണിന്റെ പിന്തുണയാണ് തോറ്റുപോകാതെ പോരാട്ടം തുടരാൻ ഊർജമായത്. കേസുമായി ബന്ധപ്പെട്ട് പലതവണ തിരിച്ചടി നേരിട്ട് നിരാശയായി പിന്മാറിയപ്പോൾ ഭർത്താവാണ് കൂടെനിന്നത്.

നിഷ ബാലകൃഷ്ണൻ ഭർത്താവ് പ്രവീണിനൊപ്പം

കേസ് നടത്തിപ്പിന് കുറേ പണം ചെലവായി. പക്ഷെ അതെല്ലാം തരണംചെയ്ത് മുന്നോട്ടുപോയി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അം​ഗം പ്രകാശ് ബാബുവിന്റെ വലിയ പിന്തുണയും ലഭിച്ചിരുന്നു. അദ്ദേഹമാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നതിന് സഹായിച്ചത്. ഒന്നേ പറയാനുള്ളൂ, സമാന അനുഭവം ഉണ്ടാകുമ്പോൾ ആരും തോറ്റ് പിന്മാറരുത്. വിയജത്തിനായി ഏതറ്റംവരെയും നിയമപോരാട്ടം നടത്തണം. ഇതെന്റെ അനുഭവത്തിൽനിന്ന് പറയുന്നതാണ്…

ഇക്കണോമിക്സ് ബിരുദധാരിയാണ് നിഷ. ഭർത്താവ് പ്രവീൺ സിവിൽ സപ്ലൈസ് റേഷനിങ് ഇൻസ്പെക്ടറാണ്. പത്താം ക്ലാസ് വിദ്യാർഥിയായ സൂര്യനാരായണനും ആറാം ക്ലാസിൽ പഠിക്കുന്ന കാശിനാഥനുമാണ് മക്കൾ.

ചോദ്യങ്ങൾ ബാക്കി

2018 മാർച്ച് 28-നാണ് നഗരകാര്യ ഡയറക്ടറേറ്റിലേക്ക് കൊച്ചി കോർപ്പറേഷനിൽനിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. 29, 30 തീയതികളിൽ ഓഫീസ് അവധിയായിരുന്നു. 31-ന് പകൽ ഡയറക്ടറേറ്റിലേക്കു നിരവധി തവണ വിളിച്ചെങ്കിലും ഒഴിവ് റിപ്പോർട്ട് ചെയ്തുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചില്ലെന്ന മറുപടിയാണ് നിഷയ്ക്കു ലഭിച്ചത്.

പിന്നീട് ഏപ്രിൽ രണ്ടിന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ നേരിട്ടുചെന്ന് അന്വേഷിച്ചപ്പോൾ, മാർച്ച് 31-ന് രാത്രി 12.04-നാണ് ഗനകാര്യ ഡയറക്ടറേറ്റിൽനിന്ന് അയച്ച ഇ-മെയിലിൽ കിട്ടിയതെന്ന് അറിയുന്നു. മാർച്ച് 31-ന് പകൽ അറിയിപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞ നഗരകാര്യ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ അതേദിവസം രാത്രി 12-ന് എറണാകുളം ജില്ലാ പി.എസ്.സി. ഓഫീസർക്കു ഒഴിവ് റിപ്പോർട്ട് ചെയ്തുവെന്നതാണ് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്. അതും രാത്രി 12-ന്!.