Photo | AFP

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത് കുല്‍ദീപ് യാദവ് വീണ്ടും താരമായിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സിലെ ഇംഗ്ലണ്ടിന്റെ ആദ്യ നാലു ബാറ്റര്‍മാരെയും പുറത്താക്കിയത് കുല്‍ദീപാണ്. ആറാം വിക്കറ്റും കുല്‍ദീപിന് തന്നെയാണ്. ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോററായ സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെയാണ് കുല്‍ദീപ് പുറത്താക്കിയത്.

ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ പ്രകടനത്തോടെ രണ്ട് നേട്ടങ്ങളാണ് കുല്‍ദീപിനെത്തേടിയെത്തിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റ് നാഴികക്കല്ല് പിന്നിടാനായെന്നതാണ് ഒരു നേട്ടം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കിയാണ് ഈ നേട്ടം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ടെസ്റ്റില്‍ താരത്തിന്റെ നാലാം അഞ്ചുവിക്കറ്റ് നേട്ടം കൂടിയാണിത്.

ധരംശാലയിലെ ഇതേ ഗ്രൗണ്ടില്‍ത്തന്നെയായിരുന്നു കുല്‍ദീപ് യാദവിന്റെ ഇന്ത്യന്‍ ടീമിനായുള്ള അരങ്ങേറ്റം എന്നതാണ് മറ്റൊരു പ്രത്യേകത. 2017-ല്‍ ഓസ്‌ട്രേലിയക്കെതിരേ ആയിരുന്നു അത്. അന്ന് നാലു വിക്കറ്റുകള്‍ നേടിയിരുന്നു. പിന്നീട് ഇപ്പോഴാണ് ഈ ഗ്രൗണ്ടില്‍ വീണ്ടും കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഈ മത്സരത്തിലും നാലിലധികം വിക്കറ്റ് നേടാനായി എന്നത് മറ്റൊരു നേട്ടം. 15 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 72 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപ്‌ അഞ്ച് വിക്കറ്റുകള്‍ നേടിയത്. 11.4 ഓവരില്‍ 51 റണ്‍സ് വിട്ടുനല്‍കി അശ്വിന്‍ നാല് വിക്കറ്റും നേടി.