Photo | PTI

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ഒന്നാംദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 218-ല്‍ അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യദിനം അവസാനിക്കുമ്പോള്‍ 30 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയിലാണ്. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 58 പന്തില്‍ 57 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (52) ശുഭമാന്‍ ഗില്ലും (26) ആണ് ക്രീസില്‍.

നേരത്തേ 57.4 ഓവറില്‍ 218 റണ്‍സിനിടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അവസാനിച്ചു. അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത കുല്‍ദീപ് യാദവും നാലുവിക്കറ്റ് നേടി 100-ാം ടെസ്റ്റ് ഗംഭീരമാക്കിയ രവിചന്ദ്രന്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കിയത്. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിച്ച വിക്കറ്റ്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ സാക് ക്രൗളി 79 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് കരുതലോടെയാണ് ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് 118 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഒന്‍പത് വിക്കറ്റുകള്‍ കളഞ്ഞു.

ടീം സ്‌കോര്‍ 64-ല്‍ നില്‍ക്കേയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി ബെന്‍ ഡക്കറ്റ് ആദ്യം മടങ്ങി (27 റണ്‍സ്). 100 റണ്‍സില്‍ നില്‍ക്കേ, ഒലീ പോപ്പിനെയും (11) കുല്‍ദീപ് മടക്കി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനാണ് ക്യാച്ച് ലഭിച്ചത്. അപ്പോഴും ഒരറ്റത്ത് സാക് ക്രൗളി പിടിച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്തി.

മൂന്നാമതായാണ് സാക് ക്രൗളി മടങ്ങിയത്. ഇത്തവണയും പന്തെറിഞ്ഞത് കുല്‍ദീപ്. ഇതോടെ കുല്‍ദീപിന് ഹാട്രിക്. 108 പന്തുകള്‍ നേരിട്ട് 79 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററാണ് ക്രൗളി. നാലാമതെത്തിയ ജോണി ബെയര്‍സ്‌റ്റോയെയും കുല്‍ദീപ് തന്നെയാണ് മടക്കിയത്. ഇത്തവണയും ക്യാച്ച് ധ്രുവ് ജുറേലിന്. തന്റെ 100-ാം ടെസ്റ്റ് മത്സരത്തില്‍ ബാറ്റേന്തിയ ബെയര്‍‌സ്റ്റോ തകര്‍പ്പനടികളോടെ തുടങ്ങിയെങ്കിലും വലിയ തുടര്‍ച്ചയുണ്ടായില്ല. 18 പന്തില്‍ 29 റണ്‍സെടുത്തു മടങ്ങി. ജോ റൂട്ടിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി രവീന്ദ്ര ജഡേജയും വേട്ടയ്ക്ക് തുടക്കമിട്ടു. 26 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം.

പിന്നാലെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ പൂജ്യത്തിന് മടക്കി കുല്‍ദീപ് വീണ്ടും തിരിച്ചെത്തി. എല്‍.ബി.ഡബ്ല്യൂ. ആയിരുന്നു. കുല്‍ദീപിന്റെ അഞ്ചാം വിക്കറ്റ്. ടീം സ്‌കോര്‍ 183-ല്‍ നില്‍ക്കേ, ടോം ഹാര്‍ട്ടിലിയെയും (ആറ്) മാര്‍ക്ക് വുഡിനെയും (പൂജ്യം) രവിചന്ദ്രന്‍ അശ്വിന്‍ മടക്കി. സ്‌കോര്‍ 218-ല്‍ നില്‍ക്കേ, ബെന്‍ ഫോക്‌സിനെയും (24) ജെയിംസ് ആന്‍ഡേഴ്‌സനെയും (പൂജ്യം) അശ്വിന്‍ തന്നെ മടക്കി. ആന്‍ഡേഴ്‌സണ്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഷുഹൈബ് ബഷീര്‍ പുറത്താവാതെ 11 റണ്‍സ് നേടി.

ഹിമാചല്‍പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പര നേരത്തേ 3-1ന് സ്വന്തമാക്കിയ ഇന്ത്യ ആധിപത്യം ക്കുകയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കുവേണ്ടി ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം കുറിച്ചു. രജത് പാട്ടിദറിനു പകരക്കാരനായാണ് ദേവ്ദത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആകാശ് ദീപിന് പകരമായി ജസ്പ്രീത് ബുംറയെയും ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് നിരയില്‍ ഒലീ റോബിന്‍സനു പകരം മാര്‍ക്ക് വുഡ് തിരിച്ചെത്തി എന്ന ഏക മാറ്റമാണുള്ളത്. രവിചന്ദ്രന്‍ അശ്വിന്റെ നൂറാം ടെസ്റ്റാണിതെന്ന പ്രത്യേകത കൂടിയുണ്ട് ഇന്ത്യക്ക്. ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയ്ക്കും ഇത് നൂറാം ടെസ്റ്റാണ്.