കെ. മുരളീധരൻ എം.പി.

കോഴിക്കോട്: പത്മജ വേണുഗോപാലിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്‍. പത്മജയ്ക്ക് കോണ്‍ഗ്രസ് മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

52,000 വോട്ടിന് കെ. കരുണാകരന്‍ ജയിച്ച മുകുന്ദപുരത്ത് ഒന്നരലക്ഷം വോട്ടിന് പത്മജ നമ്പാടനോട് പരാജയപ്പെട്ടു. പന്തീരായിരം വോട്ടിന് തേറമ്പില്‍ രാമകൃഷ്ന്‍ വിജയിച്ച സീറ്റില്‍ ഏഴായിരം വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ തൃശ്ശൂരില്‍ തൃകോണമത്സരത്തില്‍ 1,000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പ്. അങ്ങനെയെങ്കില്‍ എന്നെ ഒരുപാട് പേര് കാലുവാരിയിട്ടുണ്ട്. ഞാന്‍ പരാതിപ്പെടാന്‍ പോയിട്ടില്ല’, കെ. മുരളീധരന്‍ പറഞ്ഞു.

പത്മജ പറഞ്ഞ ഒരുകാരണത്തിനും അടിസ്ഥാനമില്ല. ഇത്രയും വളര്‍ത്തിവലുതാക്കിയ പാര്‍ട്ടിയല്ലേ കോണ്‍ഗ്രസ്. കോണ്‍ഗ്രസുവിട്ടുപോയപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും എടുക്കാത്ത കാലത്ത് ബിജെപിയുമായി താന്‍ കോംപ്രമൈസ് ചെയ്തിട്ടില്ല. കെ കരുണാകരന്‍ ഒരുകാലത്തും വര്‍ഗീയതയോട് സന്ധിചെയ്തിട്ടില്ല. അങ്ങനെയുള്ള കരുണാകരന്റെ കുടുംബത്തില്‍നിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്ന് പറയുന്നത് മതേതരവിശ്വാസികള്‍ക്ക് ദുഃഖം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.