പ്രതീകാത്മകചിത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ. നാലുശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ഡി.എ. നാലു ശതമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓണ്‍ എക്കണോമിക് അഫയേഴ്‌സ് (സി.സി.ഇ.എ.) അംഗീകരിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാലു ശതമാനം വര്‍ധന നിലവില്‍വരുന്നതോടെ ഡി.എയും ഡി.ആറും (ഡിയര്‍നെസ് റിലീഫ്) അന്‍പതു ശതമാനമായി ഉയരും. പ്രതിവര്‍ഷം രണ്ടുതവണയാണ് ഡി.എയും ഡി.ആറും വര്‍ധിപ്പിക്കുക. രാജ്യത്തിന്റെ സി.പി.ഐ.-ഐ.ഡബ്യൂ (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്‌സ്)-ന്‍റെ അടിസ്ഥാനത്തിലാണ് ഡി.എ., ഡി.ആര്‍. വര്‍ധന നിശ്ചയിക്കുന്നത്.

ഒടുവില്‍ ഡി.എ. വര്‍ധിപ്പിച്ചത് 2023 ഒക്ടോബറിലായിരുന്നു. അന്ന് നാല് ശതമാനം വര്‍ധിപ്പിച്ചതോടെ ഡി.എ. 46 ശതമാനമായി ഉയര്‍ന്നു.