ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | photo: PTI

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസിലർമാരെ പുറത്താക്കി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, സംസ്കൃത സർവകലാശാലാ വി.സി. ഡോ. എം.വി. നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്.

യുജിസി നിയമവും നിയമനം സംബന്ധിച്ച ചട്ടങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇവരെ പുറത്താക്കുന്നത് സംബന്ധിച്ച കേസിൽ ഹിയറിങ് നടത്തി തീരുമാനമെടുക്കുന്നതിന് കോടതി നിർദേശിച്ച ആറാഴ്ചസമയം വ്യാഴാഴ്ച കഴിയാനിരിക്കെയാണ് ഇപ്പോഴത്തെ നടപടി. തീരുമാനം ​ഗവർണർ കോതിയെ അറിയിക്കും.

സംസ്കൃത സർവകലാശാലാ വി.സി. നിയമനത്തിനായി സമർപ്പിച്ച പട്ടികയിൽ നാരായണന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരുൾപ്പെടുന്ന പാനൽ ചാൻസലർക്ക് നൽകണമെന്നാണ് ചട്ടം. മൂന്നുപേരില്ലാത്തതിനാലാണ് സാങ്കേതിക സർവകലാശാലാ വി.സി. സ്ഥാനത്തുനിന്ന് ഡോ. എം.എസ്. രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത്. ഈ വിധിയിൽ സർക്കാരുമായി ബന്ധപ്പെട്ടവർ സമിതിയിൽ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് വി.സി. തിരഞ്ഞെടുപ്പ് സമിതിയിൽ ചീഫ് സെക്രട്ടറിയും ഉൾപ്പെട്ടിരുന്നു.

രാജശ്രീയെ പുറത്താക്കിയതിനു പിന്നാലെ സമാന സാഹചര്യം നേരിടുന്ന 11 വി.സി.മാർക്ക് ഗവർണർ പുറത്താക്കാതിരിക്കാൻ കാരണംചോദിച്ച് നോട്ടീസ് നൽകിയിരുന്നു. ഫിഷറീസ് സർവകലാശാലാ വി.സി.യായിരുന്ന ഡോ. റിജി ജോണും ഇതേ കാരണത്താൽ കോടതിവിധിയിലൂടെ പുറത്തായി. ​ഗവർണർ നോട്ടീസ് നൽ​കിയ 11 പേരിൽ നിലവിൽ നാല് പേർമാത്രമാണ് വി.സിമാരായി തുടരുന്നത്.