പത്മജ, ഭർത്താവ് വേണു​ഗോപാൽ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേരുമെന്ന് സ്ഥിരീകരിച്ച് ഭർത്താവ് ഡോ.വേണു​ഗോപാൽ. പാർട്ടിയിൽനിന്നും കിട്ടിയ വലിയ അവ​ഗണനയിൽ പത്മജ വേ​ദനിക്കുന്നത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പത്മജ എന്തുതീരുമാനമെടുത്താലും ഞാൻ അതിനെ പിന്തുണക്കാറാണ് പതിവ്. രാഷ്ട്രീയമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ല. കെ.കരുണാകരൻ സ്മാരക നിർമാണം വൈകുന്നതിനും അവർ അസ്വസ്ഥയായിരുന്നു. പലരും അതിന് എതിരുനിന്നു. രാഷ്ട്രീയമാറ്റമെന്ന തീരുമാനം നേരത്തെ ഉണ്ടായിരുന്നില്ല.

രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടിലിരിക്കാനാണ് താൻ പറയാറ്. പത്മജയുടെ മനസ്സിലും ഇതുതന്നെയായിരുന്നു. എന്നാൽ, മികച്ച ഒരു അവസരം വന്നപ്പോൾ ശ്രമിച്ചുനോക്കാമെന്ന് വിചാരിച്ചു. പത്മജയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും ഉണ്ട്. ഭാര്യയുടെ വ്യക്തിപരമായ തീരുമാനങ്ങൾ എതിർക്കാറില്ല- വേണു​ഗോപാൽ വ്യക്തമാക്കി. ചിലമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും പത്മജ സ്ഥാനാർഥിയാകാൻ സാധ്യതയുണ്ടോയെന്നുമുള്ള ചോദ്യത്തിന്, ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നായിരുന്നു പ്രതികരണം.

രാഷ്ട്രീയം സംസാരിക്കാറില്ല, രാഷ്ട്രീയത്തിൽ ഇടപെടാറില്ല. പക്ഷെ ഭാര്യ യുക്തിസഹമായ ഒരു തീരുമാനമെടുത്താൽ അതിനെ പിന്തുണയ്ക്കാറുണ്ട്. അത്തരത്തിലുള്ളതാണ് ഇപ്പോൾ വന്നത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടിട്ടും വേണ്ടത്ര പരി​ഗണന കിട്ടുന്നില്ലെന്നും അവ​ഗണിക്കപ്പെടുകയാണെന്നും കുറേനാളായി പത്മജ പറയാറുണ്ട്. സർക്കാർ സൗജന്യമായി സ്ഥലം നൽകിയിട്ടും കരുണാകരൻ സ്മാരകം പൂർത്തികരിക്കാനാകാത്തതിലാണ് പത്മജ ഏറ്റവും കൂടുതൽ വേദനിച്ചത്. ഇതിനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും നേതൃസ്ഥാനത്തിനായി ​ഗ്രൂപ്പുകൾ അടിയായി. തൃശൂരിൽ കൂടെനിന്നവർതന്നെ പത്മജയെ തോൽപ്പിച്ചു. കോൺ​ഗ്രസ് വിട്ടുപോകുകയെന്നത് ആലോചിക്കാൻ പറ്റാത്ത കാര്യമായിരുന്നു. പക്ഷെ വലിയ സമ്മർദ്ധമുണ്ടായപ്പോഴാണ് ഇപ്പോഴത്തെ തീരുമാനം. ബിജെപി നേതാക്കളെ വ്യക്തിപരമായി അറിയാം, രാഷ്ട്രീയ ബന്ധമില്ല. വാ​ഗ്ദാനങ്ങളൊന്നും ഇല്ല, നിരുപാധികമായാണ് ബിജെപിയിലേക്ക് പത്മജ പോകുന്നത്- വേണു​ഗോപാൽ വ്യക്തമാക്കി.

നിലവിൽ പത്മജ വേണുഗോപാൽ ഡൽഹിയിലാണ്. ബി.ജെ.പി. നേതാക്കളുമായി ചർച്ചയിലാണെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച ബി.ജെ.പി. ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വമെടുത്തേക്കുമെന്നാണ് സൂചന. ബുധനാഴ്ച ഉച്ചയോടെ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ചുകൊണ്ട് പത്മജ തന്നെ വൈകിട്ട് ഫേസ്ബുക്കിൽകൂടി രംഗത്തെത്തി. ‘ഒരു തമാശ പറഞ്ഞതാണ്, ഇങ്ങിനെയാകുമെന്ന് വിചാരിച്ചില്ല’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.