കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച അബ്രഹാം.

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഒരാൾക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നുമുള്ള നിലപാടില്‍ ഉറച്ച് കുടുംബം. അല്ലാത്തപക്ഷം ഇന്‍ക്വസ്റ്റ് നടപടികളുമായി സഹകരിക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങാനായില്ല.

അബ്രഹാമിന്റെ ബന്ധുക്കൾ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. അബ്രഹാമിന്റെ സഹോദരൻ, മകൻ, സംയുക്ത സമരസമിതി അംഗങ്ങൾ, എം.കെ രാഘവൻ എം.പി, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. 10 ലക്ഷം ഇപ്പൊൾ നൽകാമെന്ന് കലക്ടർ അറിയിച്ചെങ്കിലും ബന്ധുക്കൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. മൃതദേഹത്തിന്‍റെ പോസ്റ്റ് മോർട്ടം നടത്താൻ അനുവദിക്കില്ലെന്നും അവർ നിലപാടെടുത്തു. ഇതോടെ 12 മണിക്ക് കളക്ടറുടെ നേതൃത്വത്തിൽ സിസിഎഫ് ഉൾപ്പെടെ പങ്കെടുക്കുന്ന യോഗം വിളിക്കാൻ തീരുമാനിച്ചു. ഈ യോഗത്തിൻ്റെ തീരുമാനം അനുസരിച്ച് പോസ്റ്റ് മോർട്ടം നടപടികളുമായി മുന്നോട്ടുപോകും.

ചൊവ്വാഴ്ച വൈകുന്നേരംതന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പോലീസ് കഴിഞ്ഞ ദിവസംതന്നെ എത്തിയിരുന്നെങ്കിലും ബന്ധുക്കള്‍ സഹകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടക്കാതെപോയത്. ബുധനാഴ്ച രാവിലേയും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് എത്തിയെങ്കിലും അപ്പോഴും തങ്ങളുടെ ആവശ്യത്തില്‍ തീരുമാനമാവാതെ സഹകരിക്കില്ലെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു.

കൃഷിയിടത്തില്‍ നിന്ന് തേങ്ങയെടുത്ത് വീട്ടിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ കര്‍ഷകനായ പാലാട്ടില്‍ അബ്രഹാമി(70)ന് കാട്ടുപോത്തിന്റെ കുത്തേല്‍ക്കുന്നത്. കക്ഷത്തിൽ ആഴത്തില്‍ കൊമ്പ് ഇറങ്ങി പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വെടിവെച്ചുകൊല്ലാന്‍ അധികാരമില്ല- എളമരം കരീം

ആക്രമികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ കേരളത്തിലെ പോലീസ് സംവിധാനത്തിന് അധികാരമില്ലന്ന് കോഴിക്കോട് എളമരം കരീം എം.പി പ്രതികരിച്ചു. അബ്രഹാമിന്‍റെ മൃതദേഹത്തിന് അന്തിമോപചാരം അർപിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദഹം. 1972-ലെ വനനിയമം അനുസരിച്ച് കര്‍ശനമായി വിലക്കുണ്ട്. അതില്‍ ഭേദഗതിവേണമെന്ന് കേരളം പലപ്പോഴായി കേന്ദ്രത്തോട് ആവശ്യപ്പട്ടതാണ്. പക്ഷെ, വനസംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന നയം ഉള്ളതുകൊണ്ട് മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭാഗത്തുനിന്ന് പിന്നെ ചെയ്യാനുള്ളത് ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നതാണ്. അത് ചൊവ്വാഴ്ചതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു.

സര്‍ക്കാരിന്‍റേത് കടുത്ത അനാസ്ഥ- എം.ടി രമേശ്

എന്നാല്‍, സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണമെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ടി രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുകയാണെങ്കില്‍ വെടിവെച്ച് കൊല്ലാം. ഇതിനാവശ്യമായിട്ടുള്ള അധികാരം സംസ്ഥാന സര്‍ക്കാരിലും വനംവകുപ്പിലും നിക്ഷിപ്തമാണെന്നും ആ അധികാരം പ്രയോഗിക്കാമെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ ഫെബ്രുവരി മാസം തന്നെ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.