രാമേശ്വരം കഫേ, എൻ.ഐ.എ പുറത്തുവിട്ട ലുക്കൗട്ട് നോട്ടീസ്‌ | Photo: PTI, Twitter:@ANI

ബെംഗളൂരു: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതിയെ കുറിച്ച് വിവരം കൈമാറുന്നവർത്ത് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). വിവരം കൈമാറുന്നവരെക്കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു. മാർച്ച് നാലിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എ കൈമാറിയത്.

അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്‌കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് അന്വേഷണസംഘം രം​ഗത്തെത്തുന്നത്. കേസിൽ നാല് പേർ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചനകൾ.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56-നായിരുന്നു സ്ഫോടനമുണ്ടായത്. 11.30-ഓടെ എത്തിയ പ്രതിയെന്ന് സംശയിക്കുന്ന ഇയാൾ കഫേയില്‍നിന്ന് റവ ഇഡ്‌ലി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇയാള്‍ കടയിലേക്ക് വരുന്നതടക്കം 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. 11.30-ന് കടയിലെത്തിയ ഇയാള്‍ 11.38-ഓടെയാണ് റവ ഇഡ്‌ലി ഓര്‍ഡര്‍ ചെയ്തത്. 11.44-ഓടെ ഇയാള്‍ വാഷ്‌ ഏരിയയില്‍ എത്തുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിക്കുന്നു.

11.45-ഓടെയാണ് ഇയാള്‍ കഫേ വിട്ടുപോകുന്നത്. ഫൂട്പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാള്‍ റോഡിലൂടെയാണ് തിരിച്ചുപോവുന്നത്. ഇത് സി.സി.ടി.വി. ക്യാമറയില്‍ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56-ഓടെ സ്‌ഫോടനമുണ്ടാകുകയായിരുന്നു.