പ്രതീകാത്മക ചിത്രം | Getty Images

പുതുച്ചേരി: രണ്ടുദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയില്‍ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. പുതുച്ചേരി സോലൈ നഗറിലാണ് സംഭവം. ആരതി എന്ന ഒന്‍പതുവയസ്സുകാരിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെടുത്തത്. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. മുണ്ടില്‍പ്പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കൈകാലുകള്‍ കെട്ടിയനിലയിലും വായ മൂടിക്കെട്ടിയ നിലയിലുമായിരുന്നു.

സംഭവത്തില്‍ കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികള്‍, ഒരു വയോധികന്‍ ഉള്‍പ്പെടെയുള്ളവരെ മുതിയാല്‍പേട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തു. ഡ്രൈവറായ നാരായണന്റെയും പി.എച്ച്.സി. ജീവനക്കാരിയായ മൈഥിലിയുടെയും മകളാണ് അഞ്ചാം ക്ലാസുകാരിയായ ആരതി. ശനിയാഴ്ച കളിക്കാന്‍ പോയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ കാണാതായത്. അഴുക്കുചാലില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന പരാതിക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആരതിയുടെ വീടിന് സമീപത്തെ അഴുക്കുചാലില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

കളിക്കാന്‍ പോയ പെണ്‍കുട്ടി മടങ്ങിവരാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കളും അയല്‍വാസികളും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. തുടര്‍ന്ന് ശനിയാഴ്ച രാത്രി എട്ടുമണിയോടെ പോലീസില്‍ പരാതി നല്‍കി. പോലീസ് നായകള്‍ ഉള്‍പ്പെടെയുള്ള സംഘം രണ്ടുദിവസം തിരച്ചില്‍ നടത്തിയെങ്കിലും ആരതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവദിവസം ഉച്ചയ്ക്കു ശേഷം, സമീപത്തെ തെരുവില്‍ കളിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു.

ആരതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ബുധനാഴ്ച രാവിലെ ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വന്‍പ്രതിഷേധവും സി.ബി.-സി.ഐ.ഡി. അന്വേഷണം എന്ന ആവശ്യവും ഉയരുന്നുണ്ട്.