ജെയ്‌സണും കുടുംബവും.

  • ജെയ്സണും ഭാര്യ മരീനയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മരീന ബി.എസ്സി. നഴ്സിങ് പഠിച്ചിട്ടുണ്ട്. കൊച്ചുകൊട്ടാരത്ത് ചുറ്റും ആള്‍ത്താമസമില്ലാത്ത, റബ്ബര്‍തോട്ടത്തിലുള്ള വീട്ടിലാണ് 15 മാസമായി ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.

പാലാ: ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കുകയായിരുന്നെന്ന് കരുതുന്നു. പൂവരണി കൊച്ചുകൊട്ടാരത്തിലാണ് സംഭവം. ഉരുളികുന്നം ഞണ്ടുപാറ കുടിലിപ്പറമ്പില്‍ ജെയ്സന്‍ തോമസ് (44), ഭാര്യ മരീന (29), മക്കളായ ജെറാള്‍ഡ് (നാല്), ജെറീന (രണ്ട്), ജെറില്‍ (ഏഴുമാസം) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ കൊച്ചുകൊട്ടാരത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം.

മരീനയുടേയും കുട്ടികളുടേയും മൃതദേഹം കട്ടിലിലായിരുന്നു. കട്ടിലിന് മുകളിലുള്ള ഫാനിന്റെ കൊളുത്തില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ജെയ്സണ്‍. മരീനയുടെ കഴുത്തിലും തലയിലും രക്തംപുരണ്ടിട്ടുണ്ട്.

മരീനയുടെ നെറ്റിയിലും ജെറാള്‍ഡിന്റെ തലയിലും ചുറ്റികയ്ക്ക് അടിച്ചതിന്റെയും കഴുത്തില്‍ കയറുകൊണ്ടുവരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ചതിന്റെയും പാടുണ്ട്. മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍നിന്ന്, കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റിക കണ്ടെത്തി. കുട്ടികളെ ശ്വാസംമുട്ടിച്ചുകൊന്നെന്നാണ് പോലീസിന്റെ നിഗമനം.

ലാറ്റക്സ് സംഭരണസ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു ജെയ്സണ്‍. ജെയ്സണ്‍ ജോലിക്ക് പോകുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും സഹായത്തിനായി സഹോദരന്‍ ജിസിനെയും ജിസിന്റെ ഭാര്യ സിജിയേയും വീട്ടിലേയ്ക്ക് വിളിച്ചുവരുത്താറുണ്ടായിരുന്നു.

ജെയ്സന്‍ ചൊവ്വാഴ്ച രാവിലെ ഏഴിന് ചേട്ടന്‍ ജിസിനെ വിളിച്ച് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ജിസും ഭാര്യയും രാവിലെ എട്ടോടെ ജെയ്സന്റെ വീട്ടിലെത്തി. വീടിന്റെ വാതില്‍ക്കല്‍നിന്ന്, ‘നാട്ടുകാരെ കൂട്ടി അകത്തേക്ക് വരൂ’ എന്നെഴുതിയ കുറിപ്പടി കിട്ടി.അകത്ത് കയറിയപ്പോഴാണ് കൂട്ടമരണം തിരിച്ചറിഞ്ഞത്.

ജെയ്സണും ഭാര്യ മരീനയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മരീന ബി.എസ്സി. നഴ്സിങ് പഠിച്ചിട്ടുണ്ട്. കൊച്ചുകൊട്ടാരത്ത് ചുറ്റും ആള്‍ത്താമസമില്ലാത്ത, റബ്ബര്‍തോട്ടത്തിലുള്ള വീട്ടിലാണ് 15 മാസമായി ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.

രണ്ട് കുറിപ്പുകള്‍ മുറിയില്‍ കണ്ടെത്തി. ഒന്നില്‍ അമ്മയുടെ അടുത്തേയ്ക്കുപോകുന്നു, ഫോണ്‍ ചേട്ടന് നല്‍കണമെന്ന് എഴുതിയിരുന്നു. മറ്റൊന്നില്‍ വീട്ടുടമയോട് സാധനങ്ങള്‍ കൈമാറുമെന്ന് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികപ്രതിസന്ധിമൂലമാണ് സംഭവമെന്നാണ് പോലീസിന്റെ നിഗമനം. സംസ്‌കാരം ചൊവ്വാഴ്ച നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056).