Photo: Elon Musk
ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഒരുമണിക്കൂറിലധികം പണിമുടക്കിയതിനെ പരിഹസിച്ച് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്. മെറ്റയെ പരിഹസിച്ചുകൊണ്ടുള്ള എക്സ് (ട്വിറ്റർ) ഉടമകൂടിയായ മസ്കിന്റെ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചു. നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ അതിനുകാരണം ഞങ്ങളുടെ സെർവറുകൾ പ്രവർത്തിക്കുന്നത് കൊണ്ടാണ് എന്നായിരുന്നു എക്സിലെ ഒരു പോസ്റ്റ്. പ്രശ്നം പരിഹരിക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന മെറ്റ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എന്റി സ്റ്റോണിന്റെ പോസ്റ്റും തമാശരൂപേണ മസ്ക് പങ്കിട്ടു.
ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്, മെസൻജർ എന്നിവയടക്കമുള്ള വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ തകരാറുണ്ടായത്. ഉപയോക്താക്കളുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ തനിയെ ലോഗൗട്ട് ആകുകയായിരുന്നു. പിന്നീട് അക്കൗണ്ടിലേക്കു പ്രവേശിക്കാനുമായിരുന്നില്ല. ആദ്യം ഫെയ്സ്ബുക്ക് അക്കൗണ്ടുകളും തുടർന്ന് മറ്റ് പ്ളാറ്റ്ഫോമുകളും പിന്നീട് വീണ്ടെടുത്തു.
എന്നാൽ, സെർവർ തകരാറായതിന് കാരണമെന്തെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. ഇൻസ്റ്റഗ്രാം ഡൗൺ, ഫേസ്ബുക്ക് ഡൗൺ, സക്കർബർഗ്, മെറ്റ എന്നീ ഹാഷ് ടാഗുകൾ ഇതിനകം എക്‌സിൽ (ട്വിറ്റർ) ട്രെൻഡിങ് ആയിരുന്നു. സാമൂഹികമാധ്യമങ്ങളിലെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്ടറിൽ മൂന്നുലക്ഷംപേരാണ് ഫേസ്ബുക്കിൽ പ്രശ്‌നങ്ങളുള്ളതായി റിപ്പോർട്ട് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ പ്രശ്നം നേരിട്ടതായി 40000 റിപ്പോർട്ടുകളും ഉണ്ടായി. വാട്സ് ആപ്പും ത്രൈഡ്സും ഉൾപ്പെടെ മെറ്റ ആപ്പുകളിൽ പ്രതിദിനം 3.19 ബില്യൺ സജീവ ഉപയോക്താക്കളാണുള്ളത്.
