ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും|photo:.instagram.com/rishisunakmp/
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പാചകവിരുതിന് നല്ല മാര്‍ക്കിട്ട് ഭാര്യ അക്ഷതാ മൂര്‍ത്തി. രാജ്യഭരണത്തിന്റെ തിരക്കുകാരണം പഴയപോലെ പാചകം ചെയ്യാനാകുന്നില്ലെന്ന് ഋഷി. വനിതാപ്രസിദ്ധീകരണമായ ഗ്രാസിയയ്ക്ക് അന്താരാഷ്ട്ര വനിതാ ദിനത്തിനു മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും വീട്ടുകാര്യത്തെക്കുറിച്ച് വാചാലരായത്.
തിരക്കിനിടയിലും ശനിയാഴ്ചകളില്‍ ഋഷി പ്രഭാതഭക്ഷണമുണ്ടാക്കും. ബ്രിട്ടീഷ് പാചകവിദഗ്ധന്‍ ഗോര്‍ഡണ്‍ റാംസേയുടെ പാചകവിധിപ്രകാരമുള്ള മുട്ടചിക്കിയതാണുണ്ടാക്കുക. ചിട്ടയുടെയും വൃത്തിയുടെയും കാര്യത്തിലും തന്നെക്കാള്‍ മുന്നിലാണ് ഋഷിയെന്ന് അക്ഷത. മക്കളുടെ പഠനകാര്യങ്ങള്‍ നോക്കുന്നത് അക്ഷതയാണ്. ജോലികഴിഞ്ഞു തളര്‍ന്നുവന്നാല്‍ ‘ഫ്രണ്ട്‌സ്’ എന്ന പരമ്പര കണ്ട് പിരിമുറുക്കമയക്കുന്നത് ഋഷിയുടെ പതിവാണ്.
തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് മുന്‍പ് അഭിമുഖങ്ങളില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്(ചില നേരങ്ങളില്‍ ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റിങ് രീതി) പിന്തുടരുന്ന ആളാണെന്ന് ഋഷി വെളിപ്പെടുത്തിട്ടുണ്ട്”ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നതിനാല്‍ പ്രാതല്‍ മിക്കപ്പോഴും കഴിക്കാറില്ല. രാവിലെ ആറ് മണിക്കും ഏഴ് മണിക്കും ഇടയില്‍ എഴുന്നേല്‍ക്കും. ജിമ്മില്‍ പോകുന്ന സമയമനുസരിച്ചായിരിക്കും ഇത്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് എടുക്കാത്ത ദിവസങ്ങളില്‍ ഗ്രീക്ക് യോഗര്‍ട്ടും ബ്ലൂബെറിയുമാണ് കഴിക്കാറ്.
എന്നാല്‍, പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ സിന്നമണ്‍ ബണ്‍, ചോക്ക്ലേറ്റ് ചിപ് മഫിന്‍, പാന്‍ ഒ ഷൊക്കോല(ബേക്ക് ചെയ്തെടുത്ത ഒരു വിഭവം) എന്നിവയില്‍ ഏതെങ്കിലും കഴിക്കും. ചിലപ്പോള്‍ ചോക്ക്ലേറ്റ് അടങ്ങിയ വിഭവങ്ങളും മധുരമുള്ള പേസ്ട്രിയും കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ആഴ്ചയുടെ അവസാനദിവസങ്ങളില്‍ കുടുംബത്തോടൊപ്പം ചേര്‍ന്നാണ് പ്രാതല്‍ കഴിക്കാറ്. ശനിയാഴ്ചയും ഞായറാഴ്ചയും പാന്‍കേക്കും വാഫിള്‍സും കഴിക്കാറുണ്ട്. ഇത് ഓരോ ആഴ്ചയും മാറി മാറി തയ്യാറാക്കും. അമേരിക്കന്‍ ശൈലിയിലുള്ള പാന്‍ കേക്കുകളാണ് തയ്യാറാക്കുന്നത്. ബ്ലൂബെറിയും സ്ട്രോബെറിയും പാന്‍കേക്കുമെല്ലാം ഞായറാഴ്ചകളില്‍ കഴിക്കും. ഓരോ ആഴ്ചയും പാന്‍കേക്കും വാഫിള്‍സും മാറി മാറി തയ്യാറാക്കുകയാണ് പതിവ്-ഋഷി അന്ന് വ്യക്തമാക്കി.
