ഇന്ദ്രാണി മുഖർജി, ഷീന ബോറയ്‌ക്കൊപ്പം ഇന്ദ്രാണി മുഖർജി

ഷീന ബോറ ജീവിച്ചിരുപ്പുണ്ടോ? അതോ മരണപ്പെട്ടുവോ, അമ്മ ഇന്ദ്രാണി മുഖര്‍ജിയാണോ ഷീനയുടെ കൊലപാതകി? ഈ സംശയങ്ങള്‍ക്ക് മറുപടിയായി ഇന്ദ്രാണിയ്ക്ക് പറയാനുള്ളത് എന്താണ്? അതിനുള്ള ഉത്തരം എന്ന് അവകാശപ്പെട്ടാണ് ഷീന ബോറ കൊലക്കേസിനെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കിയ ‘ദ ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി; ബറീഡ് ട്രൂത്ത്’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയത്. അസമിലെ ഗുവാഹട്ടിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഐ.എന്‍.എക്‌സ് മീഡിയയുടെ സ്ഥാപക എന്ന നിലയില്‍ പേരും പ്രശസ്തിയും നേടിയ ഇന്ദ്രാണിയുടെ വളര്‍ച്ച സമാനതകളില്ലാത്തതാണ്. എന്നാല്‍ ഇന്ദ്രാണി പിന്‍കാലത്ത് പ്രശസ്തി നേടുന്നത് മകള്‍ ഷീന ബോറയുടെ ഘാതക എന്ന നിലയിലാണ്. ഡല്‍ഹിയിലെ ആരുഷി തല്‍വാര്‍ കൊലപാതകക്കേസ് കഴിഞ്ഞാല്‍ രാജ്യത്ത് ഇത്രയേറെ കോളിളക്കം സൃഷ്ടിച്ചത് മറ്റൊരു കേസില്ല.

1972 ല്‍ ഉപേന്ദ്രകുമാര്‍ ബോറ, ദുര്‍ഗ ബോറ എന്നിവരുടെ മകളായാണ് ഇന്ദ്രാണിയുടെ ജനനം. പോരി ബോറ എന്നായിരുന്നു ആദ്യകാലത്തെ പേര്. അസാധാരണമായ സ്വപ്നങ്ങള്‍ കണ്ടിരുന്ന കുട്ടി എന്നാണ് ഡോക്യുമെന്ററിയില്‍ ഇന്ദ്രാണി തന്നെക്കുറിച്ച് അവകാശപ്പെടുന്നത്. എന്നാല്‍ തന്റെ ജീവിതം കീഴ്‌മേല്‍ മറിയുന്നത് പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടതിന് ശേഷമാണെന്ന് ഇന്ദ്രാണി വെളിപ്പെടുത്തുന്നു. പിതാവില്‍ നിന്ന് ഗര്‍ഭിണിയായി. അതിന് ശേഷം സിദ്ധാര്‍ഥ ദാസ് എന്നൊരാളെ പരിചയപ്പെടുന്നു. ആ ബന്ധം വിവാഹത്തിലെത്തി. 1987 ല്‍ ഷീന ബോറ ജനിക്കുന്നു. ഒരു വര്‍ഷത്തിന് ശേഷം മിഖായേല്‍ ബോറ എന്ന മകനുണ്ടായി. സിദ്ധാര്‍ഥ് ദാസുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷം കൊല്‍ക്കത്തയിലേക്ക് പോകുന്നു. ഷീനയെയും മിഖായേലിനെയും മാതാപിതാക്കള്‍ക്കൊപ്പം വിട്ടാണ് ഇന്ദ്രാണി ഗുവാഹട്ടിയില്‍ നിന്ന് യാത്രയാകുന്നത്. അതിന് ശേഷം സഞ്ജീവ് ഖന്ന എന്നൊരാളുമായി പ്രണയത്തിലാകുന്നു. ഈ ബന്ധത്തില്‍ വൃദ്ധി ബോറ എന്ന മകള്‍ ജനിക്കുന്നു.സഞ്ജീവ് ഖന്നയുമായുള്ള ബന്ധം വഷളായതിന് ശേഷമാണ് ഇന്ദ്രാണി മുംബൈയിലേക്ക് താമസം മാറുന്നത്. ഒരു പാര്‍ട്ടിയില്‍ വച്ചാണ് ഇന്ദ്രാണി സ്റ്റാര്‍ ഇന്ത്യയുടെ സി.ഇ.ഒ ആയിരുന്ന പീറ്റര്‍ മുഖര്‍ജിയെ പരിചയപ്പെടുന്നത്. പീറ്റര്‍ മുഖര്‍ജി പങ്കെടുക്കുന്ന പാര്‍ട്ടികളില്‍ ഇന്ദ്രാണി സജീവമായി. തന്നെ കാണുമ്പോള്‍ പുരുഷന്‍മാര്‍ ആരാധനയോടെ നോക്കുമെന്നും സ്ത്രീകള്‍ അസൂയാലുക്കള്‍ ആകുമെന്നും ഇന്ദ്രാണി ഡോക്യുമെന്ററിയില്‍ അവകാശപ്പെടുന്നുണ്ട്.

Peter Mukherjea, Indrani Mukherjea| Photo: Netflix

2002 ല്‍ ഇന്ദ്രാണി പീറ്ററിനെ വിവാഹം ചെയ്യുന്നു. ഇന്ദ്രാണിയുടെ മകള്‍ വൃദ്ധിയെ പീറ്റര്‍ സ്വന്തം മകളായി ദത്തെടുക്കുന്നു. ഭര്‍ത്താവിന്റെ സഹായത്തോടെ ഇന്ദ്രാണിയും ബിനിസന് രംഗത്ത് ചുവടുവയ്ക്കുന്നു. അങ്ങനെയാണ് അവര്‍ ഐ.എന്‍,എക്‌സിന്റെ സഹസ്ഥാപകയാകുന്നതും. മറ്റൊരാളുടെ തണലില്‍ ജീവിക്കാന്‍ ആഗ്രഹിക്കാത്ത സ്വപ്‌നം കാണുന്നതെന്തും വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന അസാധാരണ വ്യക്തിത്വമായാണ് ഇന്ദ്രാണി സ്വയം അവതരിപ്പിക്കുന്നത്. അതിന്റെ പേരില്‍ തനിക്ക് ശത്രുക്കളുണ്ടായി. ഒരു സ്ത്രീ ഇത്രയൊന്നും വളരേണ്ട എന്ന് ചിന്തിക്കുന്ന സമൂഹമാണ് തന്നെ തകര്‍ക്കാന്‍ നോക്കിയതെന്നും ഇന്ദ്രാണി അവകാശപ്പെടുന്നു.

അതേ സമയം അമ്മ എന്ന നിലയില്‍ സ്വന്തം കര്‍ത്തവ്യങ്ങള്‍ മറന്നുപോയ ഇന്ദ്രാണിയോട് ഷീനയ്ക്ക് കടുത്ത ദേഷ്യമുണ്ടായിരുന്നു. അതവള്‍ ഡയറില്‍ കുത്തിക്കുറിച്ചു. സഹോദരന്‍ മിഖായേല്‍ മാത്രമായിരുന്നു അവള്‍ക്ക് കൂട്ട്. അമ്മയുടെ സ്‌നേഹവും വാത്സല്യവുമറിയാതെ ഷീനയും മിഖായേലും വളര്‍ന്നു. 2006 ലാണ് ഷീനയും മിഖായേലും ഇന്ദ്രാണിയെ കണ്ടുമുട്ടുന്നത്. എന്നാല്‍ ഇരുവര്‍ക്കും മുന്നില്‍ ഇന്ദ്രാണി ഒരു നിബന്ധന വച്ചു, നിങ്ങള്‍ എന്റെ മക്കളാണെന്ന് ആരും അറിയരുത്, സഹോദരങ്ങളാണെന്നേ ഞാന്‍ പറയൂ. ഷീനയ്ക്കും മിഖായേലിനും അത് സമ്മതമായിരുന്നു. മുംബൈയിലേക്ക് താമസം മാറിയ ഷീനയെ ഇന്ദ്രാണി സെന്റ് സേവിയേഴ്‌സ് കോളേജില്‍ പഠിക്കാന്‍ വിട്ടു. സഹോദരി എന്ന പേരില്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. അതിനിടെയാണ് പീറ്ററിന്റെ ആദ്യ വിവാഹത്തിലെ മകന്‍ രാഹുലുമായി ഷീന പ്രണയത്തിലാകുന്നത്. അവിടം മുതലാണ് ഇന്ദ്രാണിയും ഷീനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. രാഹുലുമായുള്ള ഷീനയുടെ പ്രണയത്തെ ഇന്ദ്രാണി എതിര്‍ത്തു. എന്നാല്‍ ഷീന അത് വകവച്ചില്ല. അമ്മയും മകളും തമ്മില്‍ സംസാരിക്കാതായി. ഒരു ദിവസം പീറ്ററിനെ നേരില്‍ കാണണമെന്നും കുറച്ച് കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്നും പറഞ്ഞ് ഷീന ഫോണില്‍ വിളിക്കുന്നു. യഥാര്‍ഥത്തില്‍ താന്‍ ഇന്ദ്രാണിയുടെ മകളാണെന്നും സഹോദരിയാണെന്നത് പറയുന്നത് പച്ചക്കള്ളമാണെന്നും ഷീന പീറ്ററിനോടും വൃദ്ധിയോടും തുറന്ന് പറയുന്നു. അത് വലിയ പ്രശ്‌നങ്ങളാണുണ്ടാക്കിയത്. അതെക്കുറിച്ച് ഇന്ദ്രാണി പറയുന്നത് ഇങ്ങനെയാണ്. തന്റെ കഥകളെല്ലാം പീറ്ററിന് നേരത്തേ അറിയാമായിരുന്നു. എന്നാല്‍ ചെറിയ കുട്ടിയായ വൃദ്ധിയോട് ഷീന അത് പറയാന്‍ പാടില്ലായിരുന്നു. അല്‍പ്പം സമയമെടുത്താലും താന്‍ സത്യം തുറന്ന് പറയുമായിരുന്നു. എന്നാല്‍ രാഹുലിന്റെ സ്വാധീന വലയത്തില്‍ വീണ ഷീന തന്നോട് പക തീര്‍ക്കുന്നത് പോലെയാണ് പെരുമാറിയതെന്ന് ഇന്ദ്രാണി പറയുന്നു.

Sheena Bora, Rahul Mukherjea

ഷീനയുമായി തന്റ വിവാഹംനിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ചുകൊണ്ടുള്ള രാഹുലിന്റെ ഈമെയില്‍ ഒരു ദിവസം ഇന്ദ്രാണിക്കും പീറ്ററിനും ലഭിക്കുന്നു. അതിന് ശേഷമായിരുന്നു ഷീനയുടെ തിരോധാനം. 2012 എപ്രില്‍ മാസത്തിലാണ് ഷീനയെ കാണാതാകുന്നത്. ഒരു ഷോപ്പിങ് മാളിന് മുന്നില്‍ ഷീനയെ രാഹുല്‍ ഡ്രോപ്പ് ചെയ്യുകയാണുണ്ടായത്. രാഹുലിനോട് യാത്ര പറഞ്ഞ ഷീന മാളിനുള്ളലേക്ക് പോയി. പിന്നീട് അരങ്ങേറുന്നത് അസാധാരണമായ സംഭവങ്ങളാണ്. ഏപ്രില്‍ 24 ന് ഷീന താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ അവധിക്കപേക്ഷിക്കുകയും അതോടൊപ്പം രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തതാണ് സംഭവങ്ങള്‍ക്ക് തുടക്കം. അതേ ദിവസം തന്നെ, പ്രണയം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ഒരു എസ്.എം.എസ് ഷീനയുടെ ഫോണില്‍ നിന്നും രാഹുലിന് ലഭിക്കുകയും ചെയ്തു. രാഹുല്‍ അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. ഷീന എവിടെയാണെന്ന് ചോദിച്ച് ഇന്ദ്രാണിയെയും പീറ്ററിനെയും രാഹുല്‍ നിരന്തരം വിളിച്ചു. ഇതിന്റെയെല്ലാം വോയ്‌സ് റെക്കോഡുകള്‍ ഡോക്യുമെന്ററിയില്‍ പുറത്ത് വിടുന്നുണ്ട്. രാഹുലിന്റെ പരാതിയിന്‍മേല്‍, ഇന്ദ്രാണിയുടെ വര്‍ളിയിലുള്ള വീട് പോലീസ് പരിശോധിച്ചെങ്കിലും, ഷീന അമേരിക്കയിലേക്കു പോയി എന്ന മൊഴി തന്നെയാണ് അവിടെയുള്ള ജോലിക്കാരും ആവര്‍ത്തിച്ചത്. രാഹുലിന്റെ ശല്യം കാരണമാണ് ഷീന ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോയതെന്ന് ഇന്ദ്രാണി പോലീസില്‍ പറയുകയും ചെയ്തു. ഷീനയെ കാണാതായത് മുതല്‍ ആത്മാര്‍ഥമായി കേസിന് പിറകേ നടന്നത് രാഹുല്‍ മാത്രമായിരുന്നു എന്നാണ് ഡോക്യുമെന്ററിയില്‍ നിന്ന് വ്യക്തമാകുന്നത്.

ഷീനയുടെ തിരോധാനം കൊലപാതകമാകുന്നു

Indrani Mukherjea

ഇന്ദ്രാണിയുടെ ഡ്രൈവര്‍ ഷ്യാംവര്‍ റായ് തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീനയുടെ തിരോധാനം കൊലക്കേസായി മാറുന്നത്. ഷ്യാംവറാണ് കൊലപാതക വിവരം മുംബൈ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് റായ്ഗഡിലെ ഒരു കാടുപിടിച്ച പ്രദേശത്ത് നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുക്കുന്നു. മുംബൈയില്‍ ഒരു വീട് വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷീന, ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് ബാന്ദ്രയില്‍ വെച്ച് ഷീനയെ കൊലപ്പെടുത്തിയ ശേഷം റായ്ഗഡിലേക്ക് മൃതശരീരം കൊണ്ട് പോയി നശിപ്പിച്ചുവെന്നുമായിരുന്നു ഷ്യാംവര്‍ റായിയുടെ മൊഴി. ഇന്ദ്രാണിയുടെ മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്നയും കൊലപാതകത്തില്‍ പങ്കെടുത്തുവെന്നും ഷ്യംവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് 2015 ആഗസ്റ്റ് 25 ന് ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും കേസില്‍ അറസ്റ്റിലായി.

അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തറിഞ്ഞത്. രാഹുലും മകളും തമ്മിലുള്ള ബന്ധം ഇന്ദ്രാണിയ്ക്ക് ഇഷ്ടമായിരുന്നില്ല. മുംബൈയില്‍ ഒരു വീട് വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷീന, ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. മുംബൈയിലെ ബാന്ദ്രയില്‍ വെച്ച് ഷീനയെ കൊലപ്പെടുത്തിയ ശേഷം റായ്ഗഡിലേക്ക് മൃതശരീരം കൊണ്ട് പോയി നശിപ്പിച്ചുവെന്നും ഇതിന് തെളിവുണ്ടെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ വാദിക്കുന്നത്. എന്നാല്‍ ഇത് ഇന്ദ്രാണി നിഷേധിച്ചു. ഇന്ദ്രാണിക്ക് പുറമേ അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഈ കേസില്‍ അറസ്റ്റിലായിരുന്നു. കൊലപാതകത്തില്‍ കൂട്ടുപ്രതിയാണെന്ന് ആരോപിച്ച് പീറ്റര്‍ മുഖര്‍ജിയെയും പിന്നീട് പോലീസില്‍ അറസ്റ്റ് ചെയ്തു. ഇന്ദ്രാണിക്കെതിരേ പീറ്റര്‍ മൊഴി നല്‍കി. ഇതെ തുടര്‍ന്ന് ജയിയില്‍ വച്ച് ഇന്ദ്രാണി പീറ്ററില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും അത് അനുവദിക്കുകയും ചെയ്തു. ഇതിലൂടെ സ്വത്തിന്റെ വലിയ ഒരു ഭാഗമാണ് ഇന്ദ്രാണിയ്ക്ക് പീറ്റര്‍ നല്‍കേണ്ടി വന്നത്. ഇതിനിടെ പലതവണ ജാമ്യം തേടി ഇന്ദ്രാണി മുഖര്‍ജി സി.ബി.ഐ. കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളികൊണ്ടേയിരുന്നു. പിന്നീട് ആറര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഇന്ദ്രാണി മുഖര്‍ജിയ്ക്ക് സുപ്രീം കോടതി ജാമ്യം നല്‍കി. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. അതിനിടെയാണ് ഡോക്യുമെന്ററി പുറത്തുവരുന്നത്.

Sheena Bora, Indrani Mukherjea

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

ഷീനയുടെ തിരോധാനം നടന്ന സമയത്ത് ഇന്ദ്രാണി റായ്ഗഡിലുണ്ടായിരുന്നു. അതിന് അവര്‍ വിശദീകരണം ഇങ്ങനെ, ഭൂമി വാങ്ങുന്നതിന് വേണ്ടിയാണ് റായ്ഗഡിലെത്തുന്നത്. ഒരു ഫാം ഹൗസ് നിര്‍മിക്കുന്നതിന് വേണ്ടിയായിരുന്നു അത്. ഇതിന്റെ പേരില്‍ തന്നെ കൊലപാതകിയാക്കുന്നതെന്തിന്. മുന്‍ഭര്‍ത്താന് സഞ്ജീവ് ഖന്നയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അയാളും താനും ചേര്‍ന്ന് ഷീനയെ എന്തിന് കൊലപ്പെടുത്തണമെന്നും ചോദിക്കുന്നു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഷീനയുടേതാണെന്ന് സംശയത്തിന് അതീതമായി തെളിഞ്ഞിട്ടില്ലെന്നാണ് ഇന്ദ്രാണിയുടെ അഭിഭാഷകരുടെ വാദം. ഡി.എന്‍.എ പരിശോധിച്ച വിദഗ്ധര്‍ അതില്‍ കൃത്രിമം കാണിച്ചുവെന്നും അവര്‍ പറയുന്നു. തുടക്കത്തില്‍ പീറ്റര്‍ മുഖര്‍ജിയെ പിന്തുണച്ചിരുന്ന മകള്‍ വൃദ്ധി മുഖര്‍ജി ഇപ്പോള്‍ ഇന്ദ്രാണിയെ അനുകൂലിച്ചാണ് സംസാരിക്കുന്നത്.

ഇന്ദ്രാണിയുടെ പ്രധാന വാദങ്ങള്‍

Sheena Bora| Photo: Netflix

ഞാന്‍ തെറ്റുകാരിയല്ല. അതുകൊണ്ടാണ് എനിക്ക് ഇപ്പോള്‍ ചിരിച്ചുകൊണ്ട് നിങ്ങള്‍ക്ക് മുന്നിലിരിക്കാന്‍ സാധിക്കുന്നത്. മകളെ കൊന്ന ഞാന്‍ ചിരിക്കുന്നു എന്നാണ് ആരോപണം. യാതൊരു കുറ്റവും ചെയ്യാത്ത ഞാനെന്തിന് സങ്കടപ്പെടണം. ഷീനയെ കാണാതായെന്ന് പറയുന്ന സമയത്ത് അവള്‍ക്ക് 25 വയസ്സുണ്ടായിരുന്നു. സ്വതന്ത്രയായ അവളുടെ പിറകെ നടക്കേണ്ട കാര്യം എനിക്കില്ല. അതുകൊണ്ടു തന്നെയാണ് ഞാന്‍ അന്വേഷിക്കാതിരുന്നത്. എന്റെ കള്‍ എന്നെപ്പോലെ തന്നെയാണെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷേ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് അവള്‍ എന്നോട് ശത്രുവിനെപ്പോലെ പെരുമാറി. അവള്‍ മരിച്ചുവെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. കശ്മീരിലോ മറ്റോ ആണ് ജീവിക്കുന്നത്. എനിക്കതറിയേണ്ട കാര്യം ഇല്ല. പീറ്റര്‍ ഒരിക്കലുമെന്നെ വഞ്ചിക്കുമെന്ന് ഞാന്‍ കരുതിയില്ല. ആരോപണം വന്നപ്പോഴേക്കും അദ്ദേഹം എന്നെ കൈവിട്ടു.മകന്‍ മിഖായേലും എന്നെ വഞ്ചിച്ചു. എനിക്കെതിരേ കോടതിയില്‍ മൊഴി നല്‍കി. കള്ളങ്ങള്‍ മെനഞ്ഞു. 2012 മുതല്‍ ഷീന എവിടെയാണെന്ന് മിഖായേല്‍ ഒരിക്കല്‍ പോലും എന്നോട് ചോദിച്ചില്ല. മാത്രവുമല്ല എസ്.യു.വി വാങ്ങിക്കാന്‍ എന്റെ പക്കല്‍ നിന്ന് പണം കൈപ്പറ്റുകയും അമ്മയെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന് സന്ദേശം അയക്കുകയും ചെയ്തു. അതിന്റെ അര്‍ഥം എന്താണ്? ഇനിയുള്ള കാലം മറ്റാരെയും കുറിച്ച് ചിന്തിച്ച് സമയം കളയാനില്ല. എന്റെ ജീവിതം എനിക്ക് നോക്കിയേ പറ്റൂ.

ഇന്ദ്രാണിക്കെതിരേയുള്ള ആരോപണങ്ങള്‍

പീറ്ററിന്റെ മകന്‍ രാഹുല്‍ മുഖര്‍ജി, ഇന്ദ്രാണിയുടെ മകന്‍ മിഖായേല്‍ എന്നിവരുടെ മൊഴി കേസില്‍ വളരെ നിര്‍ണായകമായിരുന്നു. ഷീനയെക്കുറിച്ച് ചോദിക്കുമ്പോഴേല്ലാം വൈരുധ്യങ്ങള്‍ നിറഞ്ഞ മറുപടിയാണ് ഇന്ദ്രാണി നല്‍കിയത്. അതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തന്നെ ഇന്ദ്രാണിയുടെ നേതൃത്വത്തില്‍ ഒരു കൊല്ലത്തോളം ബെംഗളൂരുവിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അടച്ചിട്ടുവെന്ന് മിഖായേല്‍ ആരോപിക്കുന്നു. ഷീനയെയും തന്നെയെയും മക്കളായി ഇന്ദ്രാണി ഒരിക്കലും കരുതിയിട്ടില്ലെന്നും ഒരു അവസരം കിട്ടിയാല്‍ തന്നെയും കൊന്നുകളയുമായിരുന്നു. സഹോദരിയെക്കുറിച്ച് താന്‍ ചോദിച്ചപ്പോഴെല്ലാം അമേരിക്കയിലാണെ മറുപടിയാണെന്നാണ് ഇന്ദ്രാണി നല്‍കിയതെന്നും മിഖായേല്‍ പറയുന്നു.

Mikhel Bora| Photo: Netflix

ഇന്ദ്രാണിയുടെ വാദങ്ങള്‍ തന്നെയാണ് ഡോക്യുമെന്ററിയില്‍ പ്രധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. മകള്‍ വൃദ്ധി, അഭിഭാഷകര്‍ എന്നിവരും ഇന്ദ്രാണിയെ പിന്തുണയ്ക്കുന്ന വാദങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ഈ കേസ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ടെങ്കിലും ആരുടെയും പക്ഷം പിടിച്ചിട്ടില്ല. മിഖായേല്‍ മുഖര്‍ജി ഗുരുതരമായ ആരോപണങ്ങളാണ് അമ്മയ്‌ക്കെതിരേ മുന്നോട്ട് വയ്ക്കുന്നത്. അതേ സമയം രാഹുല്‍ മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവര്‍ ഡോക്യുമെന്ററിയുമായി സഹകരിക്കാന്‍ തയ്യറായില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.