എം.കെ.നാരായണൻ

കല്‍പറ്റ: വെറ്റിനറി കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെൻഷൻ.

വീഴ്ചകളുണ്ടായെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കോളേജ് ഡീന്‍ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാര്‍ഡൻ ആർ. കാന്തനാഥനെയും പുതിയ വി.സി. ഡോ. സി.സി. ശശീന്ദ്രനാണ് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ ഇരുവരോടും വി.സി വിശദീകരണം തേടിയിരുന്നു.

വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ഡീന്‍ എം.കെ. നാരായണന്‍ മറുപടിയില്‍ അറിയിച്ചത്. ഇത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഇവര്‍ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വി.സി.ചൂണ്ടിക്കാട്ടി.

ആശുപത്രിയില്‍വെച്ച് സിദ്ധാര്‍ഥന്റെ മരണം സ്ഥിരീകരിച്ച് പത്തു മിനിറ്റിനുള്ളില്‍ത്തന്നെ സിദ്ധാര്‍ഥന്റെ അമ്മാവനെ വിവരമറിയിച്ചിട്ടുണ്ടെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ഡീന്‍ എം.കെ. നാരായണന്‍ മാധ്യമങ്ങേളാട് പറഞ്ഞിരുന്നു.

സിദ്ധാര്‍ഥന്റെ മരണത്തില്‍ വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.