Photo | twitter.com/mufaddal_vohra
ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെയും എലിസ് പെറിയുടെയും ബാറ്റിങ് മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. യു.പി. വാറിയേഴ്‌സിനെയാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ 198 റണ്‍സെടുത്തു. മറുപടിയായി നിശ്ചിത ഓവറില്‍ 175 റണ്‍സെടുക്കാനേ യു.പി.ക്കായുള്ളൂ. സ്മൃതിയും എലിസ് പെറിയുമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 50 പന്തുകളില്‍ 80 റണ്‍സുമായി സ്മൃതിയും 37 പന്തില്‍ 58 റണ്‍സുമായി എലിസ് പെറിയും തകര്‍ത്തടിച്ചു.
പെറിയുടെ കൂറ്റനടികളില്‍ ഒന്നിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പെറി പറത്തിയ ഒരു കൂറ്റന്‍ സിക്‌സ് ചെന്നുകൊണ്ടത് ഡിസ്‌പ്ലേയില്‍ വെച്ച കാറിന്റെ വിന്‍ഡോയില്‍. പന്ത് കൊണ്ട മാത്രയില്‍ത്തന്നെ ചില്ല് തകര്‍ന്നു. 19-ാം ഓവറില്‍ ദീപ്തി ശര്‍മയുടെ പന്ത് ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയപ്പോഴായിരുന്നു സംഭവം. ബൗണ്ടറി ലൈനിന് അടുത്ത് സ്‌പോണ്‍സര്‍മാര്‍ വെച്ച ടാറ്റയുടെ പഞ്ച് ഇ.വി കാറിന്റെ ചില്ലാണ് തകര്‍ന്നത്.
സംഭവത്തിനു പിന്നാലെ രസകരമായ പ്രതികരണവുമായി എലിസ് പെറിയെത്തി. കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തതില്‍ വിഷമമുണ്ടായിരുന്നെന്നും കേടുപാടുകള്‍ നികത്താന്‍ തനിക്ക് ഒരു ഇന്‍ഷുറന്‍സും ഇല്ലെന്നും പെറി പ്രതികരിച്ചു. ‘ഞാന്‍ അല്‍പം പേടിച്ചിരുന്നു. എനിക്ക് ഇവിടെ ഒരു ഇന്‍ഷുറന്‍സുമില്ല’- ചിരിയോടെ പെറി പറഞ്ഞു.
