മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പള്ളി തുടങ്ങിയവർ കോതമംഗലത്തെ ഉപവാസ സമരപ്പന്തലിൽ

കോതമംഗലം: പിണറായി സര്‍ക്കാരിന് തന്നോട് വ്യക്തിവൈരാഗ്യമാണെന്നും കോതമംഗലത്ത് പോലീസും സര്‍ക്കാരും അജണ്ടയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇതുകൊണ്ടൊന്നും തളരില്ലെന്നും നീതി കിട്ടുംവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലത്തെ ഉപവാസ സമരപ്പന്തലില്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.

വൈകാരികമായ അന്തരീക്ഷത്തില്‍ സമാധാനപരമായാണ് ഞങ്ങള്‍ സമരം ചെയ്തത്. എന്നാല്‍ അകാരണമായി പോലീസ് മൂന്നുവട്ടം പ്രകോപനം സൃഷ്ടിക്കുകയും ലാത്തിചാര്‍ജ് നടത്തി സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയുമായിരുന്നു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ശമ്പളം കൊടുക്കാനില്ലാത്ത അവസ്ഥയാണ്. വയനാട്ടിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ സര്‍ക്കാരും സി.പി.എമ്മും എസ്.എഫ്.ഐയും പ്രതിക്കൂട്ടിലാകുന്ന സാഹചര്യമുണ്ടായി. ഇതില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് പോലീസിന്റെ ആക്രമണ നടപടികളെന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി വൈരാഗ്യബുദ്ധിയോടെയാണ് പിണറായി സര്‍ക്കാര്‍ എന്നോട് പെരുമാറുന്നത്. അതിലെനിക്ക് അത്ഭുതമില്ല. അത് പ്രതീക്ഷിച്ചുതന്നെയാണ് എന്റെ പോരാട്ടം. ഇതുകൊണ്ടൊന്നും ഞങ്ങളെ തളര്‍ത്താനാവില്ല. അതിശക്തമായിത്തന്നെ നേരിടും -കുഴല്‍നാടന്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ പേരില്‍ കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മാത്യു കുഴല്‍നാടനെയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും പോലീസ് രാത്രി സമരപ്പന്തലിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, മൃതദേഹത്തെ അനാദരിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് കുഴല്‍നാടനെതിരേ ചുമത്തിയിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവരെ മജിസ്‌ട്രേറ്റ് ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചത്. ഇവര്‍ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാകും.

സമരത്തിനായി മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണം കുഴല്‍നാടന്‍ നിഷേധിച്ചു. പന്തല്‍ കെട്ടി മൃതദേഹം ഫ്രീസറില്‍ വെച്ച് എല്ലാ ആദരവോടും കൂടിയായിരുന്നു തങ്ങളുടെ പ്രതിഷേധം. എന്നാല്‍, സംഘര്‍ഷാവസ്ഥ ഉണ്ടാക്കി മൃതദേഹം തെരുവിലൂടെ വലിച്ചിഴച്ച പോലീസും അവരെ വിട്ട സര്‍ക്കാരുമാണ് മൃതദേഹത്തോട് അനാദരവ് കാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കോതമംഗലത്തെ ഉപവാസ സമരപ്പന്തല്‍