സച്ചിൻ മീണ, സീമ ഹൈദർ | Photo – AFP
ന്യൂഡൽഹി: പബ്ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാന്‍ നാല് കുട്ടികളുമൊത്ത് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവതിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യ ഭർത്താവ്. പാക് യുവതി സീമ ഹൈദ(27)റും ഇവരുടെ ഇപ്പോഴത്തെ ഭർത്താവായ യുപി സ്വദേശി സച്ചിൻ മീണ (22) യും മൂന്ന് കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആദ്യ ഭർത്താവായ ഗുലാം ഹൈദർ ആയച്ച നോട്ടീസിൽ പറയുന്നത്. മക്കളെ തിരികെ പാകിസ്താനിൽ എത്തിക്കാൻ ഇന്ത്യൻ അഭിഭാഷകനെ അദ്ദേഹം നിയമിച്ചിട്ടുണ്ട്. ഒരുമാസത്തിനകം നഷ്ടപരിഹാര തുക നൽകാൻ സീമയോടും സച്ചിനോടും ഹൈദറിന്റെ അഭിഭാഷകനായ അലി മോമിൻ ആവശ്യപ്പെട്ടു.
കുട്ടികളെ തിരികെ എത്തിക്കാൻ പാകിസ്താനിലെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ അൻസാർ ബർണി ഹൈദറിനെ നേരത്തെ സമീപിച്ചിരുന്നതായി വാർത്താഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തിരുന്നു. ഇന്ത്യയിൽ നിയമനടപടികൾ ആരംഭിക്കാനായി മോമിനെ ചുമതലപ്പെടുത്തിയതായും അൻസാർ ബർണി പിടിഐയോട് പറഞ്ഞിരുന്നു. സീമയോട് മടങ്ങിയെത്താന്‍ ഗുലാം ഹൈദര്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഒരു പാകിസ്താനി യുട്യൂബര്‍ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സീമ ഹൈദറിനോട് ആദ്യഭര്‍ത്താവ് തിരികെച്ചെല്ലണമെന്ന് അപേക്ഷിച്ചത്.
2020-ലാണ് പബ്ജിവഴി സീമയും സച്ചിനും പരിചയത്തിലായത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഫോൺനമ്പർ കൈമാറി വാട്‌സാപ്പിൽ ബന്ധമാരംഭിച്ചു. വിവാഹിതയും നാലുമക്കളുടെ അമ്മയുമായ യുവതി 15 ദിവസത്തെ സന്ദർശകവിസയിലാണ് പാകിസ്താനിൽനിന്ന് പോന്നത്. മാർച്ചിൽ ഇരുവരും നേപ്പാളിലെ കാഠ്മണ്ഡുവിൽ കണ്ടുമുട്ടുകയും ഹോട്ടലിൽ തങ്ങുകയും ചെയ്തിരുന്നു. പിന്നീട് മേയിൽ മക്കൾക്കൊപ്പം സീമ വീണ്ടും നേപ്പാളിലെത്തി. തുടർന്ന് ഇന്ത്യയിലേക്കും കടന്നു.
പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽനിന്ന് ദുബായ് വഴിയാണ് കാഠ്മണ്ഡുവിലെത്തിയത്. അവിടെനിന്ന് പൊഖാര വഴി ബസിൽ ഇന്ത്യൻ അതിർത്തികടന്നു. ഗ്രേറ്റർ നോയിഡയിൽ സച്ചിൻ വാടകയ്ക്കെടുത്തിരുന്ന വീട്ടിൽ തുടർന്ന് ഇവർ ഒന്നിച്ച് താമസമാരംഭിക്കുകയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇവർ നിയമസഹായം തേടിയപ്പോൾ, യുവതി അനധികൃതമായി അതിർത്തികടന്നതാണെന്ന് സംശയം തോന്നിയ അഭിഭാഷകൻ പോലീസിനെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യക്കാരിയായ ഇവർ ജൂലായ് നാലിനാണ് പോലീസിന്റെ പിടിയിലായത്.
അതേസമയം, യുവതി ചാര ഏജന്റാണോയെന്ന് ഉത്തർപ്രദേശ് ഭീകരവിരുദ്ധസ്ക്വാഡ് അന്വേഷിച്ചിരുന്നു. സച്ചിനെയും സീമയെയും എ.ടി.എസ്. ഓഫീസില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളമാണ് ചോദ്യംചെയ്തത്. പബ്ജി ഗെയിമില്‍ സജീവമായിരുന്ന സീമ ഇന്ത്യയില്‍നിന്നുള്ള മറ്റു യുവാക്കളുമായും ഗെയിമിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് എ.ടി.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തത്. സീമയ്ക്ക് അഭയം നൽകിയ കാമുകൻ സച്ചിൻ മീണ, ഇയാളുടെ അച്ഛൻ നേത്രപാൽ സിങ് (51) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. എല്ലാവരെയും പിന്നീട് കോടതി ജാമ്യത്തിൽ വിട്ടയച്ചു. സച്ചിനാണ് തന്റെ ഭര്‍ത്താവെന്നും നാലുകുട്ടികളും പിതാവായി അദ്ദേഹത്തെ സ്വീകരിച്ചതായും സീമ പിന്നീട് അറിയിച്ചിരുന്നു.
