ഐ.സി.സി. ടി20 ലോകകപ്പ് ക്രിക്കറ്റിൽ 2022-ൽ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീം ട്രോഫിയുമായി | AFP

ന്യൂഡല്‍ഹി: ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഈവര്‍ഷം നടക്കുന്ന ഐ.സി.സി. ടി20 ലോകകപ്പ് ക്രിക്കറ്റ് മൊബൈലില്‍ സൗജന്യമായി കാണാമെന്ന് ഹോട്‌സ്റ്റാര്‍ ഇന്ത്യ. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് സൗജന്യമായി ലോകകപ്പ് കാണാന്‍ അവസരമൊരുക്കുമെന്ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ അറിയിച്ചു. നേരത്തേ 2023 ഏഷ്യാ കപ്പും 2023 ഏകദിന ലോകകപ്പും ഹോട്‌സ്റ്റാര്‍ സൗജന്യമായി സംപ്രേഷണം ചെയ്തിരുന്നു.

കഴിഞ്ഞദിവസം യൂട്യൂബ് പ്രൊമോ വീഡിയോ വഴിയാണ് ഹോട്‌സ്റ്റാര്‍ ലോകകപ്പ് സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചത്. എല്ലാ കളികളും ഹോട്‌സ്റ്റര്‍തന്നെയാണ് സംപ്രേഷണം ചെയ്യുന്നത്. അതേസമയം, ലോകകപ്പ് വെബ്‌സൈറ്റില്‍ കാണണമെങ്കില്‍ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടിവരും.

ഈവര്‍ഷം ജൂണ്‍ ഒന്നുമുതല്‍ 29 വരെ യു.എസ്.എ.യിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുക. യു.എസ്.എ.യും ഗ്രാനഡയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യയും പാകിസ്താനും തമ്മില്‍ ന്യൂയോര്‍ക്കില്‍ ജൂണ്‍ ഒന്‍പതിന് നേരിടും. 20 ടീമുകളാണ് മത്സരത്തിനുണ്ടാവുക.