മുഹമ്മദ് ഷിയാസിനെതിരായ പോലീസ് നടപടി, മുഹമ്മദ് ഷിയാസും മാത്യു കുഴൽനാടനും കോതമംഗലം പോലീസ് സ്റ്റേഷനിൽ | Photo:ANI
കോതമംഗലം: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് എന്നിവർ ഉൾപ്പെടെ 16 പേരുടെ ഇടക്കാല ജാമ്യം തുടരും. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം തുടരുമെന്ന് കോടതി വ്യക്തമാക്കിയത്. ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും നാളെ ഉത്തരവുണ്ടാകും.
കോതമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രട്രേറ്റ് കോടതിയാണ് കേസ് നാളത്തേക്ക് മാറ്റിയത്. പ്രതികളുടെ രണ്ടുദിവസത്തെ കസ്റ്റഡിയാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. അറസ്റ്റിലായവരിൽ ആറുപേർ കാട്ടാനയുടെ ആക്രമണമുണ്ടായ കാഞ്ഞിരവേലി സ്വദേശികളാണ്.
ഇടുക്കി അടിമാലി കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധിച്ച സംഭവത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസും ഉൾപ്പെടെ 16 പേരെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും ഇടക്കാല ജാമ്യം അനുവദിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച രാവിലെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കുഴൽനാടനും ഷിയാസും ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ എത്തിയിരുന്നെങ്കിലും പോലീസ് റിപ്പോർട്ട് ഹാജരാക്കിയിരുന്നില്ല. ഇതേത്തുടർന്ന് കോടതി ജാമ്യാപേക്ഷ ഉച്ചയ്ക്ക് പരിഗണിക്കുന്നത് മാറ്റിയിരുന്നു.
ആശുപത്രിയിൽനിന്ന് ബലമായി മൃതദേഹം കടത്തിക്കൊണ്ടുപോയതിനും മൂവാറ്റുപുഴ ഡി.വൈ.എസ്പി എ.ജെ തോമസിനെ കയ്യേറ്റംചെയ്യാൻ ശ്രമിച്ചതിനും പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
