Photo | twitter.com/dailypakistangl

റോം: ഒളിമ്പിക്‌സ് യോഗ്യതാ ടൂര്‍ണമെന്റിന് ഇറ്റലിയിലെത്തിയ പാകിസ്താന്‍ ബോക്‌സര്‍ സൊഹൈബ് റഷീദ് സഹതാരത്തിന്റെ പണം അടിച്ചുമാറ്റി മുങ്ങി. അമേചര്‍ ബോക്‌സിങ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. സഹതാരത്തിന്റെ ബാഗില്‍നിന്ന് പണം കവര്‍ന്ന് മുങ്ങുകയായിരുന്നു. സൊഹൈബിനെ കാണാതായതിനെത്തുടര്‍ന്ന് ഇറ്റലിയിലെ പാകിസ്താന്‍ എംബസിക്കും പോലീസിലും ഫെഡറേഷന്‍ അധികൃതര്‍ നോട്ടീസ് നല്‍കി.

ഈവര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്നതിനായുള്ള ടൂര്‍ണമെന്റിന് ഇറ്റലിയിലെത്തിയതായിരുന്നു പാക് ടീം. അഞ്ചംഗ ബോക്‌സിങ് സംഘമാണുള്ളത്. ഈ ടീമിലാണ് കഴിഞ്ഞവര്‍ഷത്തെ ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവുകൂടിയായ. സൊഹൈബ് ഉള്‍പ്പെട്ടത്. പാകിസ്താന്റെ ഭാവി ബോക്‌സിങ് പ്രതീക്ഷയായി കൂടി വിശേഷിപ്പിക്കപ്പെട്ട വ്യക്തിയാണ് സൊഹൈബ്.

സംഘത്തിലുള്‍പ്പെട്ട വനിതാ ബോക്‌സറായ ലോറ ഇക്രം ട്രെയ്‌നിങ്ങിനായി പുറത്തുപോയ സമയത്താണ് കവര്‍ച്ച. ഹോട്ടലിലെ റിസപ്ഷനില്‍നിന്ന് ലോറയുടെ മുറിയുടെ താക്കോല്‍ സ്വന്തമാക്കിയ സൊഹൈബ്, അതിനകത്തു കയറി പഴ്‌സില്‍നിന്ന് വിദേശ കറന്‍സികള്‍ മോഷ്ടിച്ച് മുങ്ങുകയായിരുന്നു. സംഭവത്തില്‍ ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു.