സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
- ഹോസ്റ്റലിലെ ശിക്ഷാരീതി എല്ലാവരും കാണണമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടുമുറ്റത്തെത്തിച്ചത്. പിന്നീടാണ് എല്ലാവരോടും വാതിലുകള്‍ തുറന്ന് കാണികളാവാന്‍ അക്രമികള്‍ നിര്‍ബന്ധിച്ചത്.
കല്‍പറ്റ: വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥനെ മര്‍ദിച്ച രീതി കോളേജിലെ അലിഖിത നിയമത്തിന്റെ ഭാഗം. മര്‍ദനം എല്ലാവരും കാണണമെന്നും അതിനായി നടുമുറ്റത്ത് വെച്ച് സിദ്ധാര്‍ഥനെ മര്‍ദിക്കുമ്പോള്‍ വാതിലുകള്‍ തുറന്നിട്ട് മറ്റ് വിദ്യാര്‍ഥികള്‍ കാഴ്ചക്കാരാവണമെന്നും നിര്‍ബന്ധിച്ചാണ് അക്രമിക്കൂട്ടം എത്തിയത്. ആദ്യം ഹോസ്റ്റലില്‍ നിന്നും കുന്നിന്‍ മുകളിലെത്തിച്ചാണ് മര്‍ദിച്ചത്. ശേഷം ഹോസ്റ്റലിന്റെ നടുമുറ്റത്തെ ഷട്ടില്‍കോര്‍ട്ടില്‍ എത്തിച്ചുവെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.
ഹോസ്റ്റലിലെ ശിക്ഷാരീതി എല്ലാവരും കാണണമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടുമുറ്റത്തെത്തിച്ചത്. പിന്നീടാണ് എല്ലാവരോടും വാതിലുകള്‍ തുറന്ന് കാണികളാവാന്‍ അക്രമികള്‍ നിര്‍ബന്ധിച്ചത്. അതിനായി എല്ലാ വാതിലുകളും തുറപ്പിച്ചു. അടിക്കാന്‍ മടിച്ചിരുന്ന വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് അടിപ്പിച്ചു. സിദ്ധാര്‍ഥന്റെ സുഹൃത്തുക്കളായ ചിലര്‍ കരഞ്ഞുകൊണ്ടാണ് മര്‍ദിച്ചത്. അതിന് ശേഷം അവര്‍ മുഖം മൊത്തി മുറിയിലേക്ക് ഓടിപ്പോയി. അടച്ചിട്ട ഒരു മുറി തുറപ്പിച്ച് മര്‍ദന രീതി കാണണമെന്ന് ഭീഷണിപ്പെടുത്തി. പുലര്‍ച്ചെ ഒന്നേമുക്കാല്‍ വരെ അവിടെ വെച്ച് മര്‍ദനം തുടര്‍ന്നു. തുടര്‍ന്ന് ഡോര്‍മെട്രിയില്‍ എത്തിച്ച് സിദ്ധാര്‍ഥനെ മൃതപ്രായനാക്കി മര്‍ദിച്ചു.

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍.
സമരത്തെരുവായി പൂക്കോട്
പൂക്കോട്: സമരങ്ങളും പ്രതിഷേധങ്ങളും ലാത്തിച്ചാര്‍ജും ഗ്രനേഡും ജലപീരങ്കിയുമൊക്കെയായി പൂക്കോട് വെറ്ററിനറി കോളേജ് പരിസരം തിങ്കളാഴ്ചയും സംഘര്‍ഷഭൂമിയായി. എം.എസ്.എഫും കെ.എസ്.യു.വും കോളേജിലേക്കു നടത്തിയ മാര്‍ച്ചിലാണ് പോലീസുമായി സംഘര്‍ഷമുണ്ടായത്. ബാരിക്കേഡിനു മുകളില്‍ കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ വടിയും കല്ലുകളുമെടുത്ത് പോലീസിനുനേരെ എറിഞ്ഞതോടെ ലാത്തിവീശി. തുടര്‍ന്നും സംഘര്‍ഷം തുടര്‍ന്നതിനാല്‍ സമരക്കാര്‍ക്കുനേരേ ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് എറിഞ്ഞതോടെ എം.എസ്.എഫ്., കെ.എസ്.യു. പ്രവര്‍ത്തകര്‍ നാലുഭാഗത്തേക്കും ചിതറിയോടി.
ഓടുന്നതിനിടെ നിലത്തുവീണ് അഞ്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു യൂത്ത് കോണ്‍ഗ്രസ്, രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കെ.എസ്.യു. കണ്ണൂര്‍ ജില്ലാപ്രസിഡന്റ് എം.സി. അതുല്‍, സംസ്ഥാനകമ്മിറ്റിയംഗം സുദേവ്, കെ.എസ്.യു. ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ദാസ് മണിയങ്കോട്, കെ.എസ്.യു. കോഴിക്കോട് ജില്ലാപ്രസിഡന്റ് വി.ടി. സൂരജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജിനു കോളിയാടി, എം.എസ്.എഫ്. നേതാക്കളായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം അമീന്‍ റാഷിദ്, ജില്ലാ കാംപസ് വിങ് കണ്‍വീനര്‍ അനസ് തന്നാനി തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.
സംഘര്‍ഷത്തില്‍ നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ പ്രവര്‍ത്തകരെ സംഘര്‍ഷത്തിനിടെ ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്കു മാറ്റി. മൂന്നുതവണ ജലപീരങ്കിയും പത്തിലേറെ ഗ്രനേഡുകളുമാണ് സംഘര്‍ഷത്തിനിടെ ഉപയോഗിച്ചത്. സെക്യൂരിറ്റി ഗേറ്റിനു സമീപത്തെ റോഡില്‍വെച്ചും മൃഗചികിത്സാ സമുച്ചയത്തില്‍വെച്ചുമാണ് ലാത്തിച്ചാര്‍ജുണ്ടായത്. ഉച്ചയ്ക്ക് ഒന്നരവരെ പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള പോര്‍വിളികളായിരുന്നു. പ്രവര്‍ത്തകര്‍ സംഘടിച്ച് തിരിച്ചെത്തുമ്പോഴേക്കും പോലീസ് ഗ്രനേഡ് എറിഞ്ഞ് പിന്തിരിപ്പിച്ചു. പ്രശ്‌നം നിയന്ത്രണംവിടുമെന്ന ഘട്ടമെത്തിയതോടെ ടി. സിദ്ദിഖ് എം.എല്‍.എ. ഉള്‍പ്പെടെയുള്ള നേതാക്കളെത്തി പ്രവര്‍ത്തരെ നിയന്ത്രിക്കുകയായിരുന്നു. പോലീസുമായി വാക്തര്‍ക്കത്തിലേര്‍പ്പെടാന്‍ പോയവരെ മുഴുവന്‍ ദേശീയപാതയിലേക്കു മാറ്റി. അവിടെ കാല്‍മണിക്കൂറോളം റോഡ് ഉപരോധിച്ചു. അല്പനേരം ഗതാഗതവും തടസ്സപ്പെട്ടു.

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റ പ്രവര്‍ത്തകന്‍
രാവിലെ മുതലേ സമരം, സംഘര്‍ഷം
കല്‍പറ്റ:ആള്‍ക്കൂട്ടവിചാരണയെത്തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ നാളുകളായി തുടരുന്ന പ്രതിഷേധമാണ് തിങ്കളാഴ്ച പൂക്കോടിനെ സംഘര്‍ഷഭൂമിയാക്കിയത്. തിങ്കളാഴ്ച രാവിലെത്തന്നെ കോളേജ് കവാടത്തില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു. കോളേജ് കവാടത്തില്‍ യൂത്ത്‌ലീഗിന്റെ ഉപവാസസമരമാണ് ആദ്യം തുടങ്ങിയത്. തുടര്‍ന്ന് ആദ്യം എം.എസ്.എഫ്. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദ്യം കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്. കോളേജ് കവാടത്തില്‍നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് സെക്യൂരിറ്റി ഗേറ്റിനു സമീപം തടഞ്ഞു. ഇതോടെ ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബാരിക്കേഡിന്റെ ഒരുഭാഗം പ്രവര്‍ത്തകര്‍ തകര്‍ത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ശേഷം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കെ.എസ്.യു.വിന്റെ മാര്‍ച്ച് എത്തുന്നതുവരെ എം.എസ്.എഫിന്റെ പ്രതിഷേധം തുടര്‍ന്നു. ഉച്ചയ്ക്ക് 12.30-ഓടെയാണ് കെ.എസ്.യു. സംസ്ഥാനകമ്മിറ്റിയുടെ മാര്‍ച്ച് കോളേജിലെത്തിയത്. കോളേജിന്റെ പ്രധാനകവാടത്തില്‍ ദിവസങ്ങളായി തുടരുന്ന കെ.എസ്.യു. ജില്ലാകമ്മിറ്റിയുടെ റിലേ സത്യാഗ്രഹം അവസാനിപ്പിച്ചശേഷമാണ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. ബാരിക്കേഡിനു മുകളില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ കൊടികുത്തി. ബാരികേഡ് മറികടന്ന് കോളേജിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇതോടെ പോലീസുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. കെ.എസ്.യു. പ്രവര്‍ത്തകര്‍ പോലീസിനുനേരേ കൊടികള്‍ വലിച്ചെറിഞ്ഞു.
എം.എസ്.എഫ്. പ്രവര്‍ത്തകരും കെ.എസ്.യു.വിനോടൊപ്പം ചേര്‍ന്നതോടെ സംയുക്തപ്രതിഷേധത്തിലേക്കു വഴിമാറി. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ റോഡിലൂടെ ചിതറിയോടി. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയലിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ മൃഗചികിത്സാസമുച്ചയത്തില്‍ കയറി പ്രതിഷേധിച്ചു. ഇതോടെയാണ് ലാത്തിച്ചാര്‍ജ് തുടങ്ങിയത്. ഇതോടെ സംഘര്‍ഷം രൂക്ഷമായി. പ്രവര്‍ത്തകര്‍ പോലീസിനുനേരേ കല്ലെറിയുകയും ചെയ്തു. ഇതോടെ ഗ്രനേഡ് പ്രയോഗത്തിലേക്കടക്കം കാര്യങ്ങള്‍ നീങ്ങി. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എല്‍.എ., പി.പി. ആലി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണ് കെ.എസ്.യു. പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. എങ്കിലും പലപ്പോഴും നേതാക്കളെ മറികടന്ന് പ്രവര്‍ത്തകര്‍ പോലീസിനുനേരേ തിരിഞ്ഞു. ഇത് ഉന്തിനും തള്ളിനും കാരണമായി.
കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദു കൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുണ്‍ രാജേന്ദ്രന്‍, മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അര്‍ജുന്‍ കറ്റയാറ്റ്, ഫര്‍ഹാന്‍ മുണ്ടേരി, സനൂജ് കുരുവട്ടൂര്‍, അസ്ലം ഓലിക്കന്‍, സംസ്ഥാന ഭാരവാഹികളായ ലിവിങ് വേങ്ങൂര്‍, റിനീഫ് മുണ്ടോത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ മുബാരിഷ് ആയ്യാര്‍, റ്റിയ ജോസ്, തുടങ്ങിയവർ നേതൃത്വംനല്‍കി.

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നടന്ന വിദ്യാര്‍ഥി സമരം സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍
ദേശീയപാതയിലും പ്രതിഷേധം; കോളേജ് ഗേറ്റും പൂട്ടി
കല്‍പറ്റ:കോളേജിലേക്കുള്ള മാര്‍ച്ചിനുശേഷം കെ.എസ്.യു. പ്രവര്‍ത്തകര്‍ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലിറങ്ങിയും പ്രതിഷേധിച്ചു. ഇതോടെ ഗതാഗതം നിലച്ചു. കൊടിയുമായി കെ.എസ്.ആര്‍.ടി.സി. ബസിനു മുകളില്‍ക്കയറി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ നേതാക്കള്‍ ഇടപെട്ട് താഴെയിറക്കി.
ബസിനു മുകളിലും പ്രവര്‍ത്തകര്‍ കൊടികുത്തി. യാത്രക്കാരെ ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനത്തില്‍, ദേശീയപാതയിലെ പ്രതിഷേധം കുറഞ്ഞ സമയത്തിനുള്ളില്‍ അവസാനിപ്പിച്ചു. റോഡരികിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിലെ എസ്.എഫ്.ഐ.യുടെ ബോര്‍ഡും നശിപ്പിച്ചു. കോളേജിന്റെ പ്രധാന കവാടത്തിലെ ഗേറ്റും പ്രവര്‍ത്തകര്‍ അടച്ചു. ശേഷം ഗേറ്റില്‍ കെ.എസ്.യു. കൊടി കെട്ടുകയും ചെയ്തു. ഗേറ്റിനു മുന്‍പില്‍നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പ്രതിഷേധം അവസാനിച്ചത്. കെ.എസ്.യു. പ്രതിഷേധമാര്‍ച്ച് ടി. സിദ്ദിഖ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു.
ഒരു പ്രകോപനവുമില്ലാതെയാണ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാംപസിനെ എസ്.എഫ്.ഐ. ക്രിമിനലുകളില്‍നിന്ന് മോചിപ്പിക്കുംവരെ സമരം തുടരുമെന്നും ലാത്തികൊണ്ടോ ഗ്രനേഡുകൊണ്ടോ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും ടി. സിദ്ദിഖ് എം.എല്‍.എ. പറഞ്ഞു.
