twitter.com/CEmpire_7

ന്യൂഡല്‍ഹി: ഐ.പി.എലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ അണ്‍ക്യാപ്പ്ഡ് താരം റോബിന്‍ മിന്‍സിന് ബൈക്കപകടത്തില്‍ പരിക്ക്. താരത്തിന്റെ കവാസാക്കി ബൈക്ക് മറ്റൊരു ബൈക്കിലിടിച്ചാണ് അപകടം. പരിക്ക് ഗുരുതരമല്ലെന്ന് റോബിന്റെ പിതാവ് ഫ്രാന്‍സിസ് മിന്‍സ് അറിയിച്ചു. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഐ.പി.എല്‍. അരങ്ങേറ്റത്തിനായി കാത്തിരിക്കേയാണ് അപകടം.

ശനിയാഴ്ച നടന്ന അപകടത്തില്‍ റോബിന്റെ വലതു കാല്‍മുട്ടിന് ചെറിയ പരിക്കുണ്ട്. അതേസമയം ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഝാര്‍ഖണ്ഡില്‍നിന്നുള്ള ഗോത്രവര്‍ഗക്കാരനായ ആദ്യ ക്രിക്കറ്ററാണ് റോബിന്‍ മിന്‍സ്. 3.6 കോടി രൂപയ്ക്കാണ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്ററെ ഗുജറാത്ത് ടൈറ്റന്‍സ് വിളിച്ചെടുത്തത്. 20 ലക്ഷമായിരുന്നു അടിസ്ഥാന വില. ഇടംകൈയന്‍ ബാറ്ററായ ഈ ഇരുപത്തൊന്നുകാരന്‍, ആഭ്യന്തര ക്രിക്കറ്റില്‍ കൂറ്റനടികള്‍ക്ക് പേരുകേട്ടയാളാണ്. മഹേന്ദ്ര സിങ് ധോനിയുടെ കടുത്ത ആരാധകനുമാണ്.

എട്ടാം വയസ്സുമുതല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ റോബിന്‍, ഝാര്‍ഖണ്ഡിനുവേണ്ടി അണ്ടര്‍-19, അണ്ടര്‍-25 ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. ഇടംകൈയന്‍ കീറന്‍ പൊള്ളാര്‍ഡ് എന്നാണ് റോബിന്‍ ഉത്തപ്പ ഒരിക്കല്‍ റോബിന്‍ മിന്‍സിനെ വിശേഷിപ്പിച്ചത്.