മുഖ്യപ്രതി സിൻജോ ജോൺസണെ പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ പോലീസ് തെളിവെടുപ്പിനെത്തിച്ചപ്പോൾ
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ ആൾക്കൂട്ടവിചാരണയ്ക്ക് ഇരയായി ആത്മഹത്യചെയ്ത കേസിലെ ആസൂത്രകൻ സിൻജോ ജോൺസൺ ഹോസ്റ്റലിലെ തെളിവെടുപ്പിനെത്തിയത് ഒരു കൂസലുമില്ലാതെ.
പോലീസിന്റെ ചോദ്യങ്ങൾക്ക് ഭാവഭേദങ്ങളൊന്നുമില്ലാതെ മറുപടിനൽകി. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് കല്പറ്റ ഡിവൈ.എസ്.പി. ടി.എൻ. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സിൻജോയുമായി തെളിവെടുപ്പിനെത്തിയത്. ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിലായിരുന്നു ആദ്യ തെളിവെടുപ്പ്.
സിദ്ധാർഥനെ മർദിക്കാനുപയോഗിച്ച ഗ്ലൂഗണിന്റെ വയർ മുറിയിലെ കട്ടിലിനടിയിൽനിന്ന് സിൻജോ എടുത്തുനൽകി. ആൾക്കൂട്ടവിചാരണ നടത്തിയ ഹോസ്റ്റൽ നടുമുറ്റവും സിൻജോ പോലീസ് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. ശേഷം സിൻജോ താമസിച്ചിരുന്ന 36-ാം നമ്പർ മുറിയിലേക്കാണ് സംഘം പോയത്. മുറിയിൽനിന്ന് കണ്ടെത്തിയ കറുപ്പുനിറമുള്ള റബ്ബർചെരുപ്പുകൾ തന്റേതാണെന്ന് സിൻജോ സമ്മതിച്ചു.
ചെരുപ്പിന്റെ അളവുൾപ്പെടെ രേഖപ്പെടുത്തേണ്ടതിനാലും റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടതിനാലും സിൻജോയുടെ മുറിയിൽ കൂടുതൽസമയം ചെലവഴിച്ചു. ഫോട്ടോകൾ എടുത്തപ്പോഴും സിൻജോയ്ക്ക് ഭാവവ്യത്യാസമുണ്ടായില്ല.
തെളിവെടുപ്പിനുശേഷമുള്ള മടക്കയാത്രയിൽ സിദ്ധാർഥൻ താമസിച്ചിരുന്ന മുറിയും അന്വേഷണസംഘത്തിന് സിൻജോ കാണിച്ചുകൊടുത്തു. കേസിലെ പ്രതിയും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുമായ അമൽ ഇസ്ഹാൻ താമസിച്ചിരുന്നത് 21-ാം നമ്പർ മുറിയിലാണ്. ഈ മുറിയിൽവെച്ചാണ് കഴിഞ്ഞ 16-ന് സിൻജോയും അമൽ ഇസ്ഹാനും ചേർന്ന് സിദ്ധാർഥനെ ചോദ്യംചെയ്തതത്. തുടർന്നാണ് ഹോസ്റ്റൽ നടുമുറ്റത്തുവെച്ച് ആൾക്കൂട്ടവിചാരണ നടത്തിയത്.
കൊലപാതകസാധ്യത അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കൊലപാതകസാധ്യത പരിശോധിക്കണമെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സിദ്ധാർഥൻ ആത്മഹത്യചെയ്യില്ലെന്നാണ് മാതാപിതാക്കൾ അധികാരികൾക്ക് പരാതി നൽകിയിട്ടുള്ളത്. ശരീരത്തിലെ പരിക്കുകൾ ഇതിനെ സാധൂകരിക്കുന്നതാണെന്നും പരാതിയിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ ആഴത്തിലുള്ള അന്വേഷണം നടത്തി കൊലപാതകസാധ്യതയെപ്പറ്റി വ്യക്തമായ നിഗമനത്തിൽ എത്തിച്ചേരണമെന്ന് അന്വേഷണസംഘം കല്പറ്റ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് (മൂന്ന്)കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കണ്ണില്ലാക്രൂരതയാണ് സഹപാഠികളുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്. രാത്രി ഒൻപതുമുതൽ പുലർച്ചെ രണ്ടുവരെ അടിവസ്ത്രംമാത്രം ധരിപ്പിച്ചാണ് ആറുമണിക്കൂർ തുടർച്ചയായി മൃഗീയമായി മർദിച്ചത്. ആൾക്കൂട്ട വിചാരണയ്ക്കുശേഷം മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത അവസ്ഥയിലേക്ക് സിദ്ധാർഥനെ എത്തിച്ചു. അങ്ങനെ 18-ന് 12.30-നും 1.45-നും ഇടയിൽ ഹോസ്റ്റലിലെ കുളിമുറിയിൽ ജീവനൊടുക്കി. ബെൽറ്റ്, കേബിൾ വയർ എന്നിവയാണ് മർദനത്തിനായി ഉപയോഗിച്ചത്. കൈകൊണ്ട് അടിക്കുകയും കാൽകൊണ്ട് തൊഴിക്കുകയും ചെയ്തു. 21-ാം നമ്പർ മുറിയിലും ഹോസ്റ്റലിന്റെ നടുമുറ്റത്തും കാംപസിനകത്തെ വിവിധ സ്ഥലങ്ങളിലും വെച്ച് ക്രൂരമായ മർദനം തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമത്തിനുമേല്‍ അലിഖിതനിയമം
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാർഥികൾക്കിടയിലെ പ്രശ്നങ്ങൾ അധികൃതരെയോ പോലീസിനെയോ അറിയിക്കാതെ എസ്.എഫ്.ഐ.യുടെയും കോളേജ് യൂണിയൻ പ്രസിഡന്റുൾപ്പെടെയുള്ള ഭാരവാഹികളുടെയും നേതൃത്വത്തിൽ തീർപ്പാക്കാറാണ് പതിവെന്ന സൂചനയാണ് ആൾക്കൂട്ടവിചാരണക്കേസിലെ റിമാൻഡ് റിപ്പോർട്ട് നൽകുന്നത്.
കോളേജിൽ സമാന്തരനീതി നടപ്പാക്കുന്നുണ്ടെന്ന വ്യക്തമായ സൂചനയാണ് അലിഖിതനിയമം ഉണ്ടെന്ന റിമാൻഡ് റിപ്പോർട്ടിലെ പരാമർശം.
ഫെബ്രുവരി 15-ന് സ്വന്തം നാടായ നെടുമങ്ങാട്ടേക്ക് പോയ സിദ്ധാർഥനെ എറണാകുളത്ത് എത്തിയപ്പോൾ വിളിച്ചുവരുത്തി 16-ന് രാവിലെ പ്രതികൾ കോളേജിലെത്തിക്കുകയായിരുന്നു. തുടർന്ന് ഹോസ്റ്റൽ മുറിയിൽനിന്ന് എങ്ങും പോവാൻ അനുവദിക്കാതെ തടങ്കലിലാക്കി. മർദിക്കണമെന്നും വിചാരണ നടത്തി അപമാനിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് സിദ്ധാർഥനെ തിരികെയെത്തിച്ചത്. 12-ന് സഹപാഠിയായ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നാണ് ഇവർ കാരണമായി പറഞ്ഞത്. പെൺകുട്ടിയുടെ പരാതിയിൽ നിയമപടികളുമായി മുന്നോട്ടുപോയാൽ പോലീസ് കേസാവുമെന്നും ഹോസ്റ്റലിലെ അലിഖിതനിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാമെന്നും ഇവർ സിദ്ധാർഥനെ ഭീഷണിപ്പെടുത്തി.കോളേജിലെ മുതിർന്ന വിദ്യാർഥികളും സഹപാഠികളുമടക്കമുള്ള 18 പ്രതികൾ ഹോസ്റ്റലിലെ മറ്റു വിദ്യാർഥികളുടെ മധ്യത്തിൽവെച്ചാണ് പരസ്യവിചാരണ നടത്തിയത്.
ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യും -മന്ത്രി
കൊല്ലം: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റൽ വാർഡനായ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. നിരന്തരം ഹോസ്റ്റലിൽ പോവുകയും കാര്യങ്ങൾ നോക്കിനടത്തുകയുമാണ് വാർഡന്റെയും അസിസ്റ്റന്റ് വാർഡന്റെയും ചുമതല. ഇരുവർക്കും വീഴ്ചയുണ്ടായി.
മാപ്പ് ചോദിച്ച് എസ്.എഫ്.ഐ.
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ കുടുംബത്തോട് മാപ്പുചോദിച്ചെന്ന് എസ്.എഫ്.ഐ.
വിദ്യാർഥിയുടെ വീട്ടിൽപ്പോയി സംസ്ഥാനപ്രസിഡന്റ് അച്ഛനോടും അമ്മയോടും മാപ്പുപറഞ്ഞതാണല്ലോയെന്ന് എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം ഇ. അഫ്സൽ ടെലിവിഷൻ ചാനൽ ചർച്ചയിൽ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ കുടുംബത്തെ സന്ദർശിച്ച് പറയാനുള്ളത് മുഴുവനും കേട്ട് തലകുനിച്ചുനിന്നതായാണ് അഫ്സൽ പറഞ്ഞത്.‘‘ഞങ്ങളുടെ സംഘടനയിൽപ്പെട്ടവർ ചെയ്യാൻ പാടില്ലാത്തതു ചെയ്തു. അതു വെച്ചുപൊറുപ്പിക്കാനാവില്ല. എസ്.എഫ്.ഐ. പ്രവർത്തകരെ സംഘടന ആഗ്രഹിക്കുന്നതരത്തിൽ നയിക്കാൻ കഴിയാത്തത്, ഒറ്റപ്പെട്ട സംഭവമാണെങ്കിൽപ്പോലും അംഗീകരിക്കാൻ കഴിയില്ല. ഇതിൽ ഞങ്ങൾ തലകുനിക്കുകയാണ്. മാപ്പപേക്ഷിക്കുകയാണ്. സംഘടന ആത്മപരിശോധന നടത്തും’’ -അഫ്സൽ പറഞ്ഞു.
തെളിവുനശിപ്പിക്കാൻ പോലീസ് സഹായിച്ചു -ടി. സിദ്ദിഖ്
കല്പറ്റ: വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥനെ മർദിച്ചകേസിലെ പ്രതികൾക്ക് തെളിവുനശിപ്പിക്കാനും ഒളിവിൽപ്പോവാനും പോലീസ് സൗകര്യംചെയ്തുകൊടുത്തെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ. പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതികൾക്ക് രക്ഷപ്പെടാൻ പോലീസ് ബോധപൂർവമായ കാലതാമസം വരുത്തി. ഉന്നതതല രാഷ്ട്രീയ ഇടപെടലാണ് ഇതിനുപിന്നിൽ. പ്രതികളെ പിടികൂടുന്നതിലെ ആദ്യത്തെ സുവർണസമയമാണ് പോലീസ് നഷ്ടപ്പെടുത്തിയത്. സീൻമഹസർ തയ്യാറാക്കിയത് എസ്.എഫ്.ഐ. നേതാക്കളുടെ സാന്നിധ്യത്തിലാണ്. സിദ്ധാർഥനെ ആൾക്കൂട്ടവിചാരണ ചെയ്തതിനു പിന്നിൽ ക്രിമിനൽഗൂഢാലോചന നടന്നെന്ന് വ്യക്തമായിട്ടും പോലീസ് ആ വകുപ്പ് ചേർക്കാൻ തയ്യാറായില്ല. അത് പോലീസും ഇതിന്റെ ഭാഗമായതുകൊണ്ടാണ്. അതുകൊണ്ട് കേസ് കുടുംബം ആവശ്യപ്പെട്ടതുപോലെ സി.ബി.ഐ.പോലുള്ള ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. സംഭവത്തിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘സി.കെ. ശശീന്ദ്രൻ മജിസ്‌ട്രേറ്റിന്റെ വസതിയിൽപ്പോയത് ആർക്കുവേണ്ടി’
കല്പറ്റ: പ്രതികളെ ഹാജരാക്കുന്ന സമയത്ത് മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ ആർക്കുവേണ്ടിയാണ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ പോയതെന്ന് ടി. സിദ്ദിഖ് എം.എൽ.എ. കുടുംബത്തിനൊപ്പമാണെങ്കിൽ എങ്ങനെയാണ് ശശീന്ദ്രൻ അങ്ങനെ പ്രവർത്തിക്കുക. അതിനുപിന്നിൽ സി.പി.എമ്മിന്റെ പാർട്ടിതീരുമാനമാണ്. ഡിവൈ.എസ്.പി.യുടെ ഓഫീസിൽപ്പോയും ഭീഷണിപ്പെടുത്തി, എന്നിട്ട് സിദ്ധാർഥനൊപ്പമാണെന്ന് പറയുകയാണെന്നും എം.എൽ.എ. പറഞ്ഞു.
