പ്രതീകാത്മക ചിത്രം | Photo: BSA Motorcycles Official

ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ‘ബി.എസ്.എ.’ വീണ്ടും ആഗോള വിപണി ലക്ഷ്യമിട്ട് നിര്‍മാണശാലകള്‍ സ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ നിര്‍മാണശാല യു.കെ.യില്‍ തുടങ്ങും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ നിയന്ത്രണത്തിലുള്ള ക്ലാസിക് ലെജന്‍ഡ്സ് ആണ് കമ്പനിയുടെ നിലവിലെ ഉടമകള്‍. 1919-ല്‍ നിരത്തിലിറങ്ങിയ ബി.എസ്.എ. പില്‍ക്കാലത്ത് വിപണി ഒഴിഞ്ഞിരുന്നു.

2016-ല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കമ്പനിയെ ഏറ്റെടുത്തതോടെയാണ് തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. നിലവില്‍ ആഭ്യന്തരവിപണിയാണ് ലക്ഷ്യം. വൈകാതെ തന്നെ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്ന് ക്‌ളാസിക് ലെജന്‍ഡ്സ് സഹ സ്ഥാപകന്‍ അനുപം തരേജ പറഞ്ഞു.

ബി.എസ്.എ.യുടെ ഏറ്റവും സ്വീകാര്യത നേടിയ മോഡലായ ‘ഗോള്‍ഡ് സ്റ്റാര്‍’ ഒരു വര്‍ഷത്തിലേറെയായി, ഇന്ത്യയില്‍ നിര്‍മിച്ച് യു.കെ.യിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ‘യെസ്ഡി’, ‘ജാവ’ എന്നീ ജനപ്രിയ മോഡല്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് മടങ്ങിവരവില്‍ ലഭിച്ച വില്പനയാണ് ബി.എസ്.എ.യും ഉന്നമിടുന്നത്.

ബി.എസ്.എ. ബ്രാന്റിന് കീഴില്‍ ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ക്ലാസിക് ലെജന്‍ഡ്സ് എന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബി.എസ്.എ. മോട്ടോര്‍സൈക്കിളിന്റെ കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒരുക്കുന്നതിനായി ലണ്ടനില്‍ ടെക്നിക്കല്‍ റിസേര്‍ച്ച് സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്നും മഹീന്ദ്ര മുമ്പ് അറിയിച്ചിരുന്നു.