Photo: Gettyimages

കൊച്ചി: ഇതിഹാസതാരങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തില്‍ പുതിയ ഫുട്‌ബോള്‍ ലീഗിന് തുടക്കമാകുന്നു. കേരള സൂപ്പര്‍ ലീഗിന്റെ പ്രഥമ സീസണ്‍ ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യവാരമോ ആരംഭിക്കും. ഹള്‍ക്ക്, കഫു, കക്ക, ഇബ്രാഹിമോവിച്ച് തുടങ്ങിയ ലോകോത്തര താരങ്ങള്‍ ലീഗിന്റെ ഭാഗമായേക്കും. കേരളത്തിലേതുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് സൂപ്പര്‍ ലീഗില്‍ പന്തുതട്ടാം. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ പ്രഖ്യാപനം ഉടന്‍ തന്നെ നടത്തുമെന്ന് കേരള സൂപ്പര്‍ ലീഗ് സിഇഒ മാത്യു ജോസഫ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

‘ആറു ടീമുകളാണ് കേരള സൂപ്പര്‍ ലീഗില്‍ ഏറ്റുമുട്ടുന്നത്. ഹോം, ഏവേ രീതിയില്‍ 30 ലീഗ് മത്സരങ്ങള്‍ നടത്തും. ലീഗ് മത്സരങ്ങള്‍ക്ക് ശേഷം സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആകെ 33-മത്സരങ്ങള്‍. കേരളത്തിന് പുറത്തുനിന്നും ടീമുകളുണ്ടാകും. ഏപ്രിലില്‍ ടീമുകളുടെ പ്രഖ്യാപനവും നടത്തും. ആറോ ഏഴോ സൂപ്പര്‍താരങ്ങള്‍ കേരള സൂപ്പര്‍ ലീഗ് പ്രഥമ സീസണിന്റെ ഭാഗമാകും.’- മാത്യു ജോസഫ് പറഞ്ഞു.

ഗുഡ്‌വില്‍ അംബാസിഡര്‍ എന്ന നിലയിലും കളിക്കാരായും ഈ താരങ്ങള്‍ ലീഗിന്റെ ഭാഗമാകുമെന്നും പല താരങ്ങളുമായി സംസാരിച്ച് ധാരണയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ലീഗില്‍ കളിക്കുന്ന ടീമിന് ആറ് വിദേശതാരങ്ങളെ തിരഞ്ഞെടുക്കാം. അതില്‍ പരമാവധി നാലുപേര്‍ക്ക് മാത്രമേ ഒരേ സമയം മൈതാനത്ത് കളിക്കാനാവൂ. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിങ്ങനെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ഡ്രാഫ്റ്റ് സിസ്റ്റം വഴിയാണ് ടീമുകള്‍ക്ക് കളിക്കാരെ തിരഞ്ഞെടുക്കാനാവുക. കേരള താരങ്ങള്‍ക്കായി 35% സംവരണവുമുണ്ട്. കഴിഞ്ഞ അഞ്ച് മാസങ്ങളായി താരങ്ങളെ സ്‌കൗട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നും സ്‌കൗട്ടിങ് നടന്നുകൊണ്ടിരിക്കുന്നു. 150-ഓളം താരങ്ങളെ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ നോര്‍ത്ത് ഈസ്റ്റ്, ഗോവ, ബംഗാള്‍, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും കളിക്കാരെ സ്‌കൗട്ട് ചെയ്യുന്നുണ്ട്. ഇതൊരു ഡ്രാഫ്റ്റാക്കി ഫ്രാഞ്ചൈസികള്‍ക്ക് ലഭ്യമാക്കും.-മാത്യു ജോസഫ് പറഞ്ഞു.

ഇത്തരം പ്രൊഫഷണല്‍ ലീഗുകള്‍ വന്നാല്‍ മാത്രമേ കൂടുതല്‍പേര്‍ക്ക് അവസരം ലഭ്യമാകുകയുള്ളൂ. രാജ്യത്തും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയുള്ളൂ. ബെന്‍ഫിക്ക, ബൊക്ക ജൂനിയര്‍ ക്ലബ്ബുകള്‍ ഫ്രാഞ്ചൈസികളുടെ ഭാഗമായി ഉണ്ടായേക്കും. ഭാവിയില്‍ അല്‍നസര്‍ പോലുള്ള പശ്ചിമേഷ്യന്‍ ക്ലബ്ബുകളുടെ പങ്കാളിത്തവും കൊണ്ടുവരാന്‍ ഉദ്ദശിക്കുന്നുണ്ട്.- മാത്യു ജോസഫ് വ്യക്തമാക്കി.