1.എസ്.എഫ്.ഐ. പ്രവർത്തകരുടെ മർദനമേറ്റ അമൽ, 2. കൊയിലാണ്ടിയിലെ ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ്
- ആരോപണവിധേയർ കുറ്റക്കാരാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോഴിക്കോട്: കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്തു. രണ്ടാം വർഷ ബി.എസ്.സി. കെമിസ്ട്രി വിദ്യാർഥി സി.ആർ. അമലിനെ മർദിച്ച സംഭവത്തിലാണ് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അനുനാഥ്, കോളേജ് യൂണിയൻ ചെയർമാൻ അഭയ് എന്നിവരെ സസ്പെൻഡ് ചെയ്തത്.
കോളേജ് ക്യാമ്പസിൽ വച്ച് മർദിച്ചെന്ന അനുനാഥിന്റെ പരാതിയിൽ മൂന്ന് പേരേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഷഫാഖ്, ആദിത്യൻ, ആദർശ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യപ്പെട്ട അഞ്ചുപേരും കുറ്റക്കാരാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോളേജ് അധികൃതർ അറിയിച്ചു. കോളജ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്റെയും റാഗിങ് വിരുദ്ധ കമ്മറ്റിയുടേയും റിപ്പോർട്ട് വന്ന ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക. സംഭവത്തിൽ പോലീസ് അന്വേഷണവും തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് അമൽ ഒരുസംഘം എസ്.എഫ്.ഐ. പ്രവർത്തകരുടെ വിചാരണയ്ക്കും മർദനത്തിനും ഇരയായത്. അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനുസമീപം നീരുവന്ന് വീർക്കുകയുംചെയ്തിരുന്നു.
തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തിയെന്നും മൂക്കിൽനിന്ന് ചോരയൊലിച്ചപ്പോൾ മുഖംതാഴ്ത്തിനിന്നപ്പോൾ അതിന് പോലും അനുവദിക്കാതെ നേരേ നോക്കാൻ ആവശ്യപ്പെട്ടുവെന്നും അമൽ പറഞ്ഞു. ഒടുവിൽ തലകറങ്ങി നിലത്തിരുന്നപ്പോഴാണ് വിചാരണ നിർത്തി വിട്ടയച്ചത്. ഇതുസംബന്ധിച്ച പരാതി അമലും പിതാവായ പയ്യോളി വില്ലേജ് ഓഫീസർ എ.വി. ചന്ദ്രനും കൊയിലാണ്ടി പോലീസിലും പ്രിൻസിപ്പലിനും ശനിയാഴ്ചയാണ് നൽകിയത്.
