കേരള ഹൈക്കോടതി

ന്യൂഡല്‍ഹി: ആലുവ മണപ്പുറത്തെ എക്സിബിഷന്‍ നടത്താനുള്ള കരാറുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനീതിയും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. എക്സിബിഷന്‍ നടത്താനുള്ള കരാര്‍, കൂടിയതുക വാഗ്ദാനം ചെയ്ത ഷാസ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിക്ക് നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാനും ബെഞ്ച് വിസമ്മതിച്ചു.

എക്‌സിബിഷന്‍ നടത്താനുള്ള കരാര്‍, ഫണ്‍ വേള്‍ഡ് എന്ന സ്ഥാപനത്തിന് നല്‍കാന്‍ ആയിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഷാസ് എന്റര്‍ടെയ്ന്‍മെന്റ് കരാര്‍ നല്‍കാനായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഷാസ് എന്റര്‍ടെയ്ന്‍മെന്റ് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് കഴിഞ്ഞ ആഴ്ച്ച സ്റ്റേ ചെയ്തിരുന്നു.

ഈ സ്റ്റേ നീക്കണം എന്ന് ആവശ്യപ്പെട്ട് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫണ്‍ വേള്‍ഡ് ആണ് ഇന്ന് (തിങ്കളാഴ്ച) സുപ്രീം കോടതിയെ സമീപിച്ചത്. എക്‌സിബിഷനുമായി ബന്ധപ്പെട്ട 90 ശതമാനം പണിയും കഴിഞ്ഞതായും അതിനാല്‍ കരാറുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നും ഫണ്‍ വേള്‍ഡ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ഷാസ് എന്റര്‍ടെയ്ന്‍മെന്റ് വാഗ്ദാനം ചെയ്തതിനേക്കാള്‍ 50 ലക്ഷം രൂപ കുറച്ചാണ് ഫണ്‍ വേള്‍ഡീന് കരാര്‍ നല്‍കിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് അനീതിയും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എക്‌സിബിഷനുമായി ബന്ധപ്പെട്ട് ആലുവ മണപ്പുറത്ത് സ്ഥാപിച്ച സാധനങ്ങള്‍ നാളെ (ചൊവ്വാഴ്ച) വൈകുന്നേരത്തിനകം മാറ്റാന്‍ ഫണ്‍ വേള്‍ഡിന് സുപ്രീം കോടതി അനുമതി നല്‍കി. ഫണ്‍ വേള്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും ഷാസ് എന്റര്‍ടെയ്ന്‍മെന്റ്‌ന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയലും അഭിഭാഷക പല്ലവി പ്രതാപും ഹാജരായി.

ആലുവ ശിവരാത്രി മണപ്പുറത്ത് എക്സിബിഷന്‍ നടത്താന്‍ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തത് ഷാസ് എന്റര്‍ടെയ്ന്‍മെന്റ് എന്ന സ്ഥാപനം ആയിരുന്നു. തുക ആലുവ നഗരസഭയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ തുക കൃത്യസമയത്ത് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഫണ്‍ വേള്‍ഡ് എന്ന സ്ഥാപനത്തില്‍ മുന്‍സിപ്പാലിറ്റി കരാര്‍ നല്‍കി. ഷാസ് എന്റര്‍ടെയ്ന്‍മെന്റ് വാഗ്ദാനം ചെയ്തതിനേക്കാള്‍ 50 ലക്ഷം രൂപ കുറച്ചാണ് ഫണ്‍ വേള്‍ഡീന് കരാര്‍ നല്‍കിയത്. ആലുവ മുനിസിപ്പാലിറ്റിയുടെ ഈ നടപടി റദ്ദാക്കി കൊണ്ട് കരാര്‍ ഷാസ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിക്ക് നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. ആ സ്റ്റേ ആണ് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി നീക്കിയത്.