ഡോ. എം.ആർ. ശശീന്ദ്രനാഥ്, കൊല്ലപ്പെട്ട സിദ്ധാർഥൻ | Photo: Screen grab
കല്പറ്റ: ആൾക്കൂട്ടവിചാരണയിൽ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാർഥി, സുൽത്താൻബത്തേരി താലൂക്കാശുപത്രിയിലെ മോർച്ചറിയിൽ കിടക്കുമ്പോൾ മാനേജ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ് പിടിക്കാൻ തട്ടിക്കൂട്ടിയ ‘അഭിമുഖ മാമാങ്ക’ത്തിന്റെ തിരക്കിലായിരുന്നു വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ.
അസി. പ്രൊഫസർമാർമുതൽ പ്രൊഫസർമാർവരെയുള്ള നൂറിലധികം അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി 19 മുതൽ 21 വരെ വെറ്ററിനറി കോളേജിൽ കരിയർ അഡ്വാൻസ് സ്കീം (സി.എ.എസ്.) അഭിമുഖം നടത്തിയിരുന്നു. 18-ന് ഉച്ചമുതൽ വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് കാംപസിലുണ്ട്. 21-ന് അഭിമുഖം കഴിഞ്ഞ് സ്ഥലംവിട്ട വി.സി. പിന്നീട് പൂക്കോട്ടേക്കു വന്നതേയില്ല. ഇത്രയേറെ വിവാദമായ സംഭവമായിട്ടും ഇടപെട്ടുമില്ല.
മാത്രമല്ല, മൂന്നുദിവസവും കോളേജിലെ അധ്യാപകരുൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും അഭിമുഖത്തിന് വരുന്നവരെ സ്വീകരിക്കാനും അവർക്ക് ഹോട്ടൽ സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങളൊരുക്കാനും നിയോഗിച്ചു. എല്ലാവരും ഇതിനുപിന്നാലെയായതോടെ ആത്മഹത്യക്കു കാരണമായ വിഷയമറിയാൻ ആരും മുതിർന്നതുമില്ല. സർവകലാശാല വി.സി.യും രജിസ്ട്രാറുമുൾപ്പെടെയുള്ളവർ അഭിമുഖത്തിനാണ് പ്രാധാന്യം നൽകിയത്.
19-ന് കോളേജിൽ സിദ്ധാർഥന്റെ മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ മൃതദേഹത്തിൽ റീത്ത് സമർപ്പിക്കുകമാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹത്തിനും സർവകലാശാലാ രജിസ്ട്രാർക്കുമെതിരേ ഉയരുന്ന വിമർശനം. ഗവർണർ സസ്പെൻഡ് ചെയ്ത ശേഷമാണ് സിദ്ധാർഥന്റെ മരണത്തിൽ പ്രതികരിക്കാൻപോലും വി.സി. തയ്യാറായത്.
ഫെബ്രുവരി 22-ന് മാനേജ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ് തീരുമാനിച്ചതാണ്. പക്ഷേ, അഭിമുഖം നടത്താൻവേണ്ടി തിരഞ്ഞെടുപ്പ് 27-ലേക്കു മാറ്റി. അഭിമുഖം നടത്തി അധ്യാപകരുടെ സ്ഥാനക്കയറ്റം തീരുമാനിച്ചുകഴിഞ്ഞാൽ മാനേജ്‌മെന്റ് കൗൺസിൽ പിടിച്ചടക്കാമെന്നുതന്നെയാണ് ഈ അസ്വാഭാവികമായ തിരക്കുകൂട്ടലിനു കാരണമെന്ന് ഒരുവിഭാഗം ജീവനക്കാർ ആരോപിക്കുന്നു. 27-ന് നടന്ന മാനേജ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷസംഘടനകളാണ് വിജയിച്ചത്. മാനേജ്‌മെന്റ് കൗൺസിൽ പിടിച്ചടക്കാൻ 156 അധ്യാപകതസ്തികകൾ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട് സർവകലാശാല വിജ്ഞാപനമിറക്കിയത് നേരത്തേ വിവാദമുയർത്തിയിരുന്നു.
വെറ്ററിനറി സർവകലാശാല: സി.പി.എം. അനുകൂല സംഘടനകൾക്ക് വിജയം
പൂക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല മാനേജ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പിൽ സി.പി.എം. അനുകൂല സംഘടനകൾക്ക് ഉന്നത വിജയം. മാനേജ്‌മെന്റ് കൗൺസിലിലേക്ക് മണ്ഡലങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ നാലുസീറ്റുകളിൽ സി.പി.എം. അനുകൂല സംഘടനകൾ വിജയിച്ചു. അധ്യാപകവിഭാഗത്തിൽ നിന്ന് ഡോ. കെ.സി. ബിബിനും ഡോ. ശ്രീരഞ്ജിനിയും തിരഞ്ഞെടുക്കപ്പെട്ടു.
അനധ്യാപക പ്രതിനിധിയായി സി.ആർ. സന്തോഷും തൊഴിലാളി പ്രതിനിധിയായി സുധീഷും തിരഞ്ഞെടുക്കപ്പെട്ടു. സർവകലാശാലയിൽ വിദ്യാർഥി ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് പ്രതിനിധികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേസിൽ അറസ്റ്റിലായ പ്രതി ഐ.സി.സി. കമ്മിറ്റിയുടെയും പ്രതിനിധി
കല്പറ്റ: സിദ്ധാർഥനെ മർദിക്കാൻ നേതൃത്വം നൽകിയ എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എസ്. അഭിഷേക് പെൺകുട്ടികളുടെ പരാതികൾ പരിഗണിക്കുന്ന ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റിയിലും അംഗം. സിദ്ധാർഥനെതിരേ പെൺകുട്ടി നൽകിയ പരാതി ചർച്ചചെയ്ത ഐ.സി.സി.യുടെ യോഗത്തിൽ അഭിഷേകുമുണ്ടായിരുന്നു. ഇയാൾ ഒളിവിലായിരുന്നില്ലെങ്കിലും കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ്. പക്ഷേ, അയാൾ യോഗം നടക്കുമ്പോൾ കേസിൽ പ്രതിയാവുകയോ സസ്പെൻഷനിലാവുകയോ ഒന്നും ചെയ്യാതിരുന്നതുകൊണ്ടാണ് യോഗത്തിൽ പങ്കെടുപ്പിച്ചതെന്നാണ് കോളേജ് അധികൃതർ പറയുന്നത്. ഫെബ്രുവരി 20-നും 26-നുമാണ് യോഗം ചേർന്നത്.
അഭിഷേകിന്റെ പങ്ക് തെളിയുന്നത് 28-നാണ്. അന്നാണ് അയാൾ അറസ്റ്റിലാവുന്നതെന്നാണ് കോളേജിന്റെ വിശദീകരണം. പക്ഷേ, മർദനം നടക്കുമ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന ആൾ എന്ന നിലയിലെങ്കിലും അഭിഷേകിനെ മാറ്റിനിർത്തേണ്ടിയിരുന്നു.
ഹോസ്റ്റൽമുറികൾ തുറന്നു, ജനപ്രതിനിധികൾക്ക് മുന്നിൽ…
കല്പറ്റ: വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥനെ മർദിച്ച് മൃതപ്രായനാക്കിയ കോളേജ് ഹോസ്റ്റൽ ജനപ്രതിനിധികൾക്കു മുന്നിൽ തുറന്നു. സിദ്ധാർഥിന്റെ മരണത്തിനുശേഷം സമാന്തരലോകംപോലെ പ്രവർത്തിച്ച ഹോസ്റ്റലിൽ ആദ്യമായി രണ്ട് സെക്യൂരിറ്റി ജീവനക്കാരെ കണ്ടു. നേരത്തേ ഈ സംവിധാനമുണ്ടായിരുന്നെങ്കിൽ ഒരുപേക്ഷ ആ വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.
മർദനം പുറംലോകമെങ്കിലും അറിയുമായിരുന്നു. സിദ്ധാർഥനെ അടിവസ്ത്രംമാത്രമണിയിച്ച് കെട്ടിയിട്ട് മർദിച്ച നടുമുറ്റത്തേക്കാണ് ഹോസ്റ്റലിന്റെ വാതിൽ തുറന്നതുതന്നെ. അൻപത് വിദ്യാർഥികൾക്ക് താമസിക്കാവുന്ന ഹോസ്റ്റലിലാണ് 130 പേരെ താമസിപ്പിച്ചിരിക്കുന്നത്. മൂന്നും നാലും വിദ്യാർഥികൾ ഒരുമിച്ചുകഴിയുന്ന മുറികളിലൊന്നും ഒട്ടും സൗകര്യമില്ല. വൈദ്യുതിയുണ്ടായിട്ടും ഇരുണ്ട മുറികൾതന്നെയായിരുന്നു. എം.എൽ.എ.മാരായ ടി. സിദ്ദിഖും ഐ.സി. ബാലകൃഷ്ണനും മുൻമന്ത്രി പി.കെ. ജയലക്ഷ്മിയുമുൾപ്പെടെയുള്ളവർ സിദ്ധാർഥനെ മർദിച്ച സ്ഥലങ്ങളും മരിച്ചനിലയിൽ കണ്ടെത്തിയ ഇടവുമെല്ലാം സന്ദർശിച്ചു. ജനപ്രതിനിധികളെത്തിയപ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികൾ വാതിലടച്ച് ഓടിയൊളിക്കുന്നതാണ് കണ്ടത്.
മുന്നിലിട്ട് ക്രൂരമായി സഹപാഠി ആക്രമിക്കപ്പെടുമ്പോൾ കാണിച്ച അതേ നിസ്സംഗത അവിടെയും കണ്ടു. മൃഗീയമായ മർദനത്തിന് അവർ സാക്ഷിയായിട്ടും ആരോടും ഒന്നുംപറയാൻ അവർ തയ്യാറായില്ല. ഞങ്ങൾക്ക് ഒന്നുമറിയില്ലെന്ന ഭാവത്തിലായിരുന്നു അവർ നിന്നത്. എസ്.എഫ്.ഐ.യുടെ ആധിപത്യമാണ് ഹോസ്റ്റലിലെന്ന് വ്യക്തമാക്കുന്ന കാഴ്ചകളായിരുന്നു അവിടെ കണ്ടതെല്ലാം.
സി.പി.എം. പ്രതിഷേധക്കൂട്ടായ്മ നാളെ
കല്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ കള്ളപ്രചാരണങ്ങൾക്കെതിരേ തിങ്കളാഴ്ച സി.പി.എം. പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും.
സി.പി.എം. കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് നാലിന് സർവകലാശാലയ്ക്ക് മുന്നിലാണ് പരിപാടി. മണ്ഡലം കമ്മിറ്റി യോഗത്തിൽ കെ. സുഗതൻ അധ്യക്ഷനായി. പി. ഗഗാറിൻ, സി.കെ. ശശീന്ദ്രൻ, കെ. റഫീക്ക്, എം. മധു, സി. യൂസുഫ്, എം. സെയ്ത്, ജോബിസൺ ജെയിംസ് എന്നിവർ സംസാരിച്ചു.
