Photo | AFP

മനാമ: ഫോർമുല വൺ റേസിങ് ട്രാക്കുകളിൽ ത്രസിപ്പിക്കുന്ന കാറോട്ടങ്ങളുടെ മറ്റൊരു സീസണിന് തുടക്കമാകുന്നു. ആദ്യ ഗ്രാൻപ്രീക്ക് ശനിയാഴ്ച ബഹ്‌റൈനിൽ ഫ്‌ളാഗുയരും. ഇന്ത്യൻ സമയം രാത്രി 8.30-നാണ് മത്സരം തുടങ്ങുക.

ബെസ്റ്റാകാൻ വെസ്റ്റപ്പൻ

കഴിഞ്ഞ മൂന്നുസീസണുകളിലായി ട്രാക്കിൽ സമഗ്രാധിപത്യം പുലർത്തുന്ന റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പൻ നാലാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഇക്കുറി ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ 22 ഗ്രാൻപ്രീകളിൽ 19-ലും ജയിച്ചാണ് ഡച്ച് ഡ്രൈവർ ലോകകിരീടം നിലനിർത്തിയത്. ഇത്തവണയും വെസ്റ്റപ്പന് കാര്യമായി വെല്ലുവിളിയുണ്ടാകാനിടയില്ല.

കഴിഞ്ഞ സീസണിൽ തുടർച്ചയായി പത്ത് ഗ്രാൻപ്രീകൾ ജയിച്ച് വെസ്റ്റപ്പൻ റെക്കോഡ് സൃഷ്ടിച്ചു. അവസാനംനടന്ന ഏഴ് ഗ്രാൻപ്രീകളിലും ജേതാവായി. റെഡ്ബുള്ളിലെ സഹ ഡ്രൈവറായ സെർജിയോ പെരസ് രണ്ടും ഫെരാരിയുടെ കാർലോസ് സെയ്ൻസ് ഒരു ഗ്രാൻപ്രീയിലും ജയിച്ചു. ലോകചാമ്പ്യൻഷിപ്പിൽ വെസ്റ്റപ്പനുപിന്നിൽ പെരസ് രണ്ടാമതും മെഴ്‌സിഡസിന്റെ ലൂയി ഹാമിൽട്ടൻ മൂന്നാമതുമായിരുന്നു. കൺസ്ട്രക്ടേഴ്‌സിൽ റെഡ്ബുള്ളാണ് കിരീടം നേടിയത്.

വെല്ലുവിളി

വെസ്റ്റപ്പന് വെല്ലുവിളിയുയർത്താൻ കഴിയുന്നത് സഹ ഡ്രൈവറായ സെർജിയോ പെരസ്, ഹാമിൽട്ടൻ, മുൻ ലോകചാമ്പ്യൻ ഫെർണാണ്ടോ അലോൻസോ (ആസ്റ്റൺ മാർട്ടിൻ), കാർലോസ് സെയ്ൻസ് (ഫെരാരി), ലാൻഡോ നോറിസ് (മാക്‌ലാരൻ) എന്നിവർക്കാണ്.

വിട മെഴ്‌സിഡസ്

അടുത്തസീസണോടെ മെഴ്‌സിഡസിനോട് ബൈ പറയാനൊരുങ്ങുകയാണ് ഏഴുതവണ ലോകചാമ്പ്യനായ ലൂയി ഹാമിൽട്ടൻ. 2013 മുതൽ മെഴ്‌സിഡസിനുവേണ്ടി മത്സരിക്കുന്ന ഹാമിൽട്ടൻ 2025 മുതൽ ഫെരാരിക്കുവേണ്ടിയാകും മത്സരിക്കുക. മെഴ്‌സിഡസിനൊപ്പം ആറുതവണ കിരീടംനേടി.

സീസൺ 2024

ഗ്രാൻപ്രീ -24

ഡ്രൈവർമാർ -20

കൺസ്ട്രക്ടേഴ്‌സ് -10

റെക്കോഡുകൾ

കൂടുതൽ ലോകകിരീടം -മൈക്കൽ ഷുമാക്കർ, ലൂയി ഹാമിൽട്ടൻ (7)

ഗ്രാൻപ്രീ വിജയം -ലൂയി ഹാമിൽട്ടൻ (103)

സീസണിലെ ഗ്രാൻപ്രീ വിജയം -മാക്‌സ് വെസ്റ്റപ്പൻ (19)

തുടർച്ചയായ ഗ്രാൻപ്രീ വിജയം -മാക്‌സ് വെസ്റ്റപ്പൻ (10)

പ്രായംകുറഞ്ഞ ഗ്രാൻപ്രീ ചാമ്പ്യൻ -വെസ്റ്റപ്പൻ (18 വർഷം 228 ദിവസം)

പ്രായം കൂടിയ ഗ്രാൻപ്രീ ചാമ്പ്യൻ -ലുയ്ഗി ഫഗിയോളി (53 വർഷം 22 ദിവസം)