സിദ്ധാർഥൻ
- ഒച്ചയും ബഹളവും കേട്ടിരുന്നോ എന്ന് ചോദിച്ചാല്‍ ഹോസ്റ്റലില്‍ എപ്പോഴും പാട്ടും ബഹളവുമാണ്. എല്ലാവരും ഉറങ്ങുമ്പോള്‍ വൈകും. അതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാനായില്ല.
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ വിദ്യാര്‍ഥികളുടെ ആദ്യപ്രതികരണം. ഹോസ്റ്റല്‍ അന്തേവാസികളായ ഒരുവിഭാഗം വിദ്യാര്‍ഥികളാണ് ശനിയാഴ്ച പ്രതികരണം നടത്തിയത്. സിദ്ധാര്‍ഥനെ ഹോസ്റ്റലില്‍വെച്ച് മര്‍ദിച്ചിട്ടുണ്ടെന്നും എന്നാല്‍ മൂന്നുദിവസം മര്‍ദിച്ചതായുള്ള കണ്ടെത്തല്‍ തെറ്റാണെന്നുമാണ് ഇവരുടെ വാദം. സിദ്ധാര്‍ഥന് ഭക്ഷണംപോലും നല്‍കിയില്ലെന്ന ആരോപണം തെറ്റാണ്. മരണത്തിന്റെ ഞെട്ടല്‍ കാരണമാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും ഒരുവിഭാഗം വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാര്‍ഥികളുടെ വാക്കുകള്‍ ഇങ്ങനെ:-
”മൂന്നുദിവസത്തെ മര്‍ദനമൊന്നും അവന് നേരിട്ടിട്ടില്ല. മര്‍ദനം നേരിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷേ, മൂന്നുദിവസം പട്ടിണിക്കിട്ടു, ക്രൂരമായി മര്‍ദിച്ചു എന്നതൊന്നും നടന്നിട്ടില്ല. ഇങ്ങനെ കള്ളങ്ങള്‍ പൊട്ടിമുളയ്ക്കുന്നത് എങ്ങനെയാണെന്ന് പോലും അറിയില്ല..
മര്‍ദിച്ചില്ലെന്ന് പറയുന്നില്ല. പക്ഷേ, മൂന്നുദിവസമായി മര്‍ദിച്ചിട്ടില്ല. ഹോസ്റ്റല്‍ സെക്രട്ടറിയും മെസ്സിലെ കുക്കും ഭക്ഷണം അവന്റെ മുറിയില്‍ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അവന്‍ കഴിച്ചിട്ടില്ല.
ഒച്ചയും ബഹളവും കേട്ടിരുന്നോ എന്ന് ചോദിച്ചാല്‍ ഹോസ്റ്റലില്‍ എപ്പോഴും പാട്ടും ബഹളവുമാണ്. എല്ലാവരും ഉറങ്ങുമ്പോള്‍ വൈകും. അതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാനായില്ല. ഇങ്ങനെയൊരു പ്രശ്‌നം ഇവിടെ മുന്‍പ് ഉണ്ടായിട്ടില്ല. സീനിയര്‍-ജൂനിയര്‍ റാഗിങ്ങിന്റെ പ്രശ്‌നവും മുന്‍പ് നടന്നിട്ടില്ല. സീനിയര്‍-ജൂനിയർ ബന്ധം ഭയങ്കര കമ്പനിയാണ്.”
അതേസമയം, വെറ്ററിനറി കോളേജ് ഹോസ്റ്റല്‍, കോളേജിനു സമീപത്തുള്ള കുന്ന്, ഹോസ്റ്റലിന്റെ നടുമുറ്റം, ഡോര്‍മെറ്ററി തുടങ്ങി നാലു സ്ഥലങ്ങളില്‍ വെച്ചാണ് സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് കോളേജിലെ റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ബെല്‍റ്റുകൊണ്ട് ഒട്ടേറെത്തവണ മര്‍ദിച്ചു, ചവിട്ടി താഴെയിട്ടു. ഡോര്‍മെറ്ററിയിലെ കട്ടിലില്‍ ഇരുന്നപ്പോള്‍ അവിടെ വെച്ചും മര്‍ദിച്ചു. മുറിക്കകത്ത് കിടന്നുറങ്ങുകയായിരുന്ന മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ചുണര്‍ത്തി. ഇങ്ങനെയായിരിക്കും സംഭവിക്കുക എന്ന് മുന്നറിയിപ്പുനല്‍കുന്ന രീതിയില്‍ മര്‍ദിക്കുന്നത് കാണിച്ചുകൊടുത്തു.
സിദ്ധാര്‍ഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിക്കുകയും ചെയ്തു. പുറത്തുപറയരുതെന്ന് വിദ്യാര്‍ഥികളെ അക്രമിസംഘം ഭീഷണിപ്പെടുത്തി. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമര്‍ദനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മൊഴിയെടുത്ത അധ്യാപകര്‍പോലും സംഭവം കേട്ടതിന്റെ ഷോക്കില്‍നിന്ന് മുക്തരായിട്ടില്ല. അത്രയ്ക്ക് നടുക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയതെന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘം പറഞ്ഞത്.
എല്ലാപ്രതികളും പിടിയില്‍
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാപ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സിന്‍ജോ ജോണ്‍സണ്‍, അല്‍ത്താഫ്, കാശിനാഥന്‍ എന്നിവരടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട 18 പ്രതികളും പിടിയിലായി. മുഖ്യപ്രതികളിലൊരാളായ സിന്‍ജോയെ കീഴടങ്ങാന്‍ വരുന്നതിനിടെ കല്പറ്റയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സിദ്ധാര്‍ഥനെ മൂന്നുദിവസം ക്രൂരമായി മര്‍ദിക്കുകയും ആള്‍ക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തയാളാണ് സിന്‍ജോയെന്നാണ് ആരോപണം. ബെല്‍റ്റ് പൊട്ടുന്നത് വരെ സിദ്ധാര്‍ഥനെ ബെല്‍റ്റ് കൊണ്ടടിച്ചു. അവശനായി നിലത്തുകിടന്ന സിദ്ധാര്‍ഥന്റെ ശരീരത്തിന് മുകളില്‍ കസേരയിട്ടിരുന്ന് വീണ്ടും അടിച്ചെന്നും സിന്‍ജോയ്ക്കെതിരേ ആരോപണമുണ്ടായിരുന്നു. സിദ്ധാര്‍ഥനെ ഹോസ്റ്റലിന്റെ നടുമുറ്റത്തിട്ടും ഡോര്‍മെറ്ററിയില്‍വെച്ചും കാമ്പസിലെ പാറയ്ക്ക് മുകളില്‍വെച്ചും ക്രൂരമായി ആക്രമിച്ചപ്പോള്‍ ഇതിന് നേതൃത്വം നല്‍കിയതും സിന്‍ജോയായിരുന്നു. സംഭവം ഹോസ്റ്റലിന് പുറത്തറിഞ്ഞാല്‍ തല കാണില്ലെന്ന് മറ്റ് അന്തേവാസികളെയും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ പ്രതികളായ അഖിലും സിന്‍ജോയും ചേര്‍ന്നാണ് ആള്‍ക്കൂട്ട വിചാരണയും ആക്രമണവും ആസൂത്രണം ചെയ്തതെന്നായിരുന്നു മൊഴി.
