Representational Image| Photo: freepik.com
തിരുവനന്തപുരം: സംസ്ഥാനത്തെ ബി.എസ്സി. നഴ്സിങ് പ്രവേശനത്തിനു പ്രവേശനപ്പരീക്ഷ നിര്‍ബന്ധമാക്കി. ദേശീയ നഴ്സിങ് കൗണ്‍സിലിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞവര്‍ഷംതന്നെ പ്രവേശനപ്പരീക്ഷ ഏര്‍പ്പെടുത്താന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. പ്രവേശന നടപടികള്‍ നീണ്ടതിനാല്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല.
പ്രവേശനപ്പരീക്ഷയിലൂടെ അല്ലാതെ കോഴ്സ് നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നല്‍കില്ലെന്ന നിലപാട് ദേശീയ നഴ്സിങ് കൗണ്‍സില്‍ സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. പ്രവേശനപ്പരീക്ഷ ഏത് ഏജന്‍സി നടത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. എന്‍ട്രന്‍സ് കമ്മിഷണറെയോ എല്‍.ബി.എസിനെയോ ഏല്‍പ്പിക്കാനാണ് സാധ്യത.
നിലവില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍.ബി.എസാണ് സര്‍ക്കാര്‍ സീറ്റുകളിലേക്കു പ്രവേശനം നടത്തുന്നത്. പ്രവേശനപ്പരീക്ഷ ഏര്‍പ്പെടുത്തിയ നടപടിയെ സ്വകാര്യ നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സജി, സെക്രട്ടറി അയിര ശശി എന്നിവര്‍ സ്വാഗതംചെയ്തു.
