photo: twitter/PTI

ബെംഗളുരു: കുന്ദഹള്ളിയിലുള്ള രാമശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത്. ബാ​ഗുമായി വരുന്ന ഇയാൾ കഫേയുടെ പരിസരത്ത് നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കണ്ണടയും മാസ്ക്കും തൊപ്പിയും ധരിച്ച ഇയാൾ ഒരു പ്ലേറ്റ് ഇഡലിയുമായി കഫേയ്ക്കുള്ളിലൂടെ പോകുന്നതും സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കൈയ്യിലുണ്ടായിരുന്ന ബാ​ഗ് കഫേയുടെ ഉള്ളിൽവെച്ച ശേഷം സ്ഫോടനം നടക്കുന്നതിന് മുമ്പ് ഇയാൾ ഇവിടുന്ന് പോയെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കൊപ്പം കണ്ട മറ്റൊരാളായ ചോദ്യംചെയ്തുവരികയാണ്.

ബോംബ് സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടി പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാകുന്നതും നിരവധിയാളുകള്‍ ജീവനും കൊണ്ട് ഓടുന്നതും ഒരു സ്ത്രീ നിലത്തുവീണു കിടക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. കഫേയുടെ കൗണ്ടറില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഒഴിഞ്ഞ മേശക്കായി കാത്തുനില്‍ക്കുന്ന ആളുകളെയും പ്ലേറ്റുകള്‍ എടുത്തുകൊണ്ട് വരുന്ന ജീവനക്കാരുമാണ് ആദ്യം കാണിക്കുന്നത്. പിന്നാലെ സ്‌ഫോടനം ഉണ്ടാകുന്നതും പുക മാറി ദൃശ്യം ചെറുതായി വ്യക്തമാകുമ്പോള്‍ ഒരു സ്ത്രീ നിലത്തുവീണു കിടക്കുന്നതുമാണ് കാണിക്കുന്നത്.

ഇവര്‍ അല്പ സമയത്തിന് ശേഷം ചരിഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും ഈ ശ്രമം പരാജയപ്പെടുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സ്‌ഫോടനത്തില്‍ സീലിങ്ങ് വരെ താഴോട്ട് പൊളിഞ്ഞുവീണിട്ടുണ്ട്. അല്‍പസമയത്തിന് ശേഷം പൊടിപടലങ്ങള്‍ക്കും പുകയ്ക്കും ഇടയിലൂടെ ചില ആളുകള്‍ ഓടുന്നതും ആരെയോ തിരയുന്നതുമെല്ലാം ഇതേ ദൃശ്യങ്ങളില്‍ കാണാം. കഫേയുടെ ഓപ്പണ്‍ കിച്ചനിലുള്ള സിസിടിവിയിലേതാണ് രണ്ടാമത്തെ ദൃശ്യങ്ങള്‍. കഫേയില്‍ കാത്തുനില്‍ക്കുന്നവരും ജീവനക്കാരും സ്‌ഫോടനം ഉണ്ടാകുമ്പോള്‍ ചിതറിയോടുന്നതാണ് ഇതില്‍ കാണിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സ്ഥിരീകരിച്ചത്. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്ന് സംശയിക്കുന്നതായും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദകരമായി ആരോ കഫേയില്‍ ബാഗ് ഉപേക്ഷിച്ചതായി കണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. കഫേ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. എന്‍ഐഎ സംഘവും ബോംബ് സ്‌ക്വാഡും അടക്കമുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. സ്‌ഫോടനത്തില്‍ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ. പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെംഗളൂരു ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് ബെംഗളുരുവിലെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് സ്‌ഫോടനമുണ്ടായ രാമേശ്വരം കഫേ. മുന്‍ രാഷ്ട്രപതി എ.പി.ജി. അബ്ദുള്‍ കലാമിനുള്ള സ്മരണാര്‍ഥമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ രാമേശ്വരം എന്ന് കഫേയ്ക്ക് പേരിട്ടതെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. ഭക്ഷ്യമേഖലയില്‍ 20 വര്‍ഷത്തെ പാരമ്പര്യമുള്ള രാഘവേന്ദ്ര റാവുവും അദ്ദേഹത്തിന്റെ ഭാര്യയും ചാര്‍ട്ടണ്ട് അക്കൗണ്ടന്റുമായ ദിവ്യ റാവുവും ചേര്‍ന്ന് 2021ല്‍ തുടങ്ങിയ കഫേയാണിത്.