മരിച്ച സിദ്ധാർഥൻ, വാട്സാപ്പ് സന്ദേശം | Photo: Screengrab

തിരുവനന്തപുരം: വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് പിന്നിലെ കാരണം അറിയാമെന്നും അത് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സുഹൃത്തിന്റെ വാട്സാപ്പ് സന്ദേശം. സിദ്ധാർഥന്റെ കൂടെ പഠിച്ച കുട്ടി സഹപാഠിക്ക് അയച്ച വാട്സാപ്പ് സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്. അതേസമയം സിദ്ധാർഥനെതിരേ പരാതി നൽകിയ പെൺകുട്ടിയേയും പ്രതി ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

സിദ്ധാർഥനെതിരേ പെൺകുട്ടി നൽകിയ പരാതി വാസ്തവമാണോ എന്ന് അറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കണം. പെൺകുട്ടിയുടെ പേര് കോളേജ് അധികൃതർക്ക് അറിയാം. എന്നാൽ ഇത് വെളിപ്പെടുത്താൻ കോളേജ് മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. മാധ്യമങ്ങൾ കണ്ടെത്തണം.

ഫെബ്രുവരി 14-ന് നടന്നു എന്ന് പറയുന്ന സംഭവത്തിൽ പരാതി നൽകുന്നത് 18-നാണ്. അത്തരത്തിൽ ഒരുപരാതി ഉണ്ടായിരുന്നെങ്കിൽ അന്ന് തന്നെ നൽകാമായിരുന്നുവെന്നും വേണ്ട നടപടികൾ അന്ന് തന്നെ സ്വീകരിക്കാമായിരുന്നുവെന്നും സിദ്ധാർഥന്റെ പിതാവ് പറഞ്ഞു.

എസ്.എഫ്.ഐക്കെതിരേ ഗുരുതര ആരോപണമാണ് സിദ്ധാർഥന്റെ കുടുംബം ഉന്നയിക്കുന്നത്. പെൺകുട്ടിയുടെ പരാതി കിട്ടി എന്ന കാര്യം കഴിഞ്ഞ ദിവസമാണ് അറിയുന്നത്. 14-ാം തീയതിയാണ് പ്രശ്നം ഉണ്ടായി എന്നാണ് പറയുന്നത്. എങ്കിൽ എന്തുകൊണ്ട് 18-ാം തീയതി വരെ കാത്തിരുന്നു. പോലീസിനേയോ കുടുംബത്തേയോ അറിയിക്കാമായിരുന്നല്ലോ. മരണം വരെ എന്തിനാ കാത്തിരുന്നത്. മരിച്ചു കഴിഞ്ഞ് എന്തിനാ പരാതി നൽകിയത്. കുറ്റവാളിയെ ശിക്ഷിക്കാനാണ് പരാതി നൽകേണ്ടത്. അല്ലാതെ മരിച്ചുകഴിഞ്ഞ് കുറ്റവാളിയെ ശിക്ഷിച്ചിട്ട് എന്തിനാ. കൊന്നു തിന്നുകഴിഞ്ഞാലും വൈരാഗ്യം തീരില്ല. അതാണ് ആ സംഘടന. അവർ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ഏതറ്റവും പോകാനുള്ള ചെന്നായക്കൂട്ടമാണ് അവർ.

മരിച്ച ആളിന്റെ പേരിൽ പരാതി കൊടുക്കുന്നത് ലോകത്ത് ആദ്യായിട്ടാണ് കേൾക്കുന്നത്. കൊന്ന് കഴിഞ്ഞ് കൊന്നവർ തന്നെയാണ് പരാതി നൽകുന്നത്-സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.

സംഭവത്തിൽ പ്രതിചേർക്കപ്പെട്ട നാലുപേർക്കെതിരേ വയനാട് ജില്ലാ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗദ് റിസാൽ, കാശിനാഥൻ, അജയ്കുമാർ, സിൻജോ ജോൺ എന്നിവർക്കെതിരേയാണ് വയനാട് ജില്ലാ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.