Manjummel boys

മഞ്ഞുമ്മല്‍: ഇന്നാട്ടുകാര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല നാടിന്റെ പേര് ഇത്രക്കങ്ങ് ഹിറ്റാകുമെന്ന്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയ്‌ക്കൊപ്പം മഞ്ഞുമ്മലെന്ന നാടും ഹിറ്റാണിപ്പോള്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന പേര് നിശ്ചയിച്ചപ്പോഴും മഞ്ഞുമ്മലിനു സമീപം സിനിമ ചിത്രീകരിച്ചപ്പോഴുമൊക്കെ നാട്ടുകാര്‍ വന്‍ പബ്ലിസിറ്റിയാണ് സിനിമയ്ക്ക് നല്‍കിയിരുന്നത്. മഞ്ഞുമ്മല്‍ക്കാര്‍ സ്വപ്നം കണ്ടിരുന്നതിനെക്കാളും ഏറെ പെരുമയാണ് നാടിന് സിനിമാ പേരിലൂടെ കിട്ടിയത്. മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ പള്ളിയിലും പരിസരത്തും ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തും നിരവധി സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മഞ്ഞുമ്മല്‍ എന്ന നാട് ഇത്രയ്ക്ക് അറിയപ്പെട്ടില്ല.

വ്യവസായ കേരള തലസ്ഥാനമായ ഏലൂര്‍ നഗരസഭയിലെ ഏറ്റവും കൂടുതല്‍ വാര്‍ഡുകളുള്ള, കൂടുതല്‍ ജനങ്ങള്‍ പാര്‍ക്കുന്ന, സ്ഥലമാണ് മഞ്ഞുമ്മല്‍. മഞ്ഞുമ്മലില്‍നിന്ന് 18 വര്‍ഷം മുന്‍പ് ഒരുപറ്റം കൂട്ടുകാര്‍ കൊടൈക്കനാലില്‍ ടൂര്‍ പോയിരുന്നു. ഇതില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ടു, കൂട്ടുകാര്‍ അതിസാഹസികമായി ഇയാളെ രക്ഷപ്പെടുത്തിയത് ഒക്കെ നാട്ടുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കൂട്ടുകാരനെ രക്ഷപ്പെടുത്തിയ യുവാവിനെ മഞ്ഞുമ്മല്‍ പൗരാവലിയുടെ നേതൃത്വത്തില്‍ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

പണ്ടേ സിനിമാപ്രേമികള്‍

മഞ്ഞുമ്മലുകാര്‍ പണ്ടേ സിനിമാപ്രേമികള്‍ ആയിരുന്നു. പെരിയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഏലൂരിലെ ആദ്യ സിനിമാ തിയേറ്റര്‍ മഞ്ഞുമ്മലില്‍ ആയിരുന്നു. 1950-ല്‍ തുടങ്ങിയ തിയേറ്ററിന്റെ പേര് കൈരളി ടാക്കീസ്. വൈദ്യുതി എത്താത്തതിനാല്‍ ഓയില്‍ എന്‍ജിന്‍ െവച്ച് ഡയനാമോ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചായിരുന്നു സിനിമാ പ്രദര്‍ശനം. ദിവസേന 6.30-നും 9.30-നും രണ്ടു പ്രദര്‍ശനം. മലയാളത്തിനൊപ്പം നിരവധി തമിഴ് പടങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചു. തറയ്ക്ക് രണ്ടണയും ബെഞ്ചിന് നാലണയും സെക്കന്‍ഡ് ക്ലാസ് കസേരയ്ക്ക് ആറണയും ഫസ്റ്റ് ക്ലാസ് കാന്‍വാസ് ചാരുകസേരയ്ക്ക് 12 അണയുമായിരുന്നു അന്ന് ടിക്കറ്റ് നിരക്ക്.