സ്ഫോടനം നടന്ന രാമേശ്വരം കഫേ, ഡി.കെ.ശിവകുമാർ | Photo: PTI
ബെംഗളുരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവും 2022ല്‍ മംഗളൂരുവിലെ ഓട്ടോറിക്ഷയിലുണ്ടായ കുക്കര്‍ബോംബ് സ്‌ഫോടനവുംതമ്മില്‍ ബന്ധമുള്ളതായി സംശയമുണ്ടെന്ന്കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മംഗളൂരുവിലെയും ബെംഗളൂരുവിലെയും സംഭവങ്ങള്‍ തമ്മില്‍ ബന്ധം തോന്നുന്നുണ്ട്. സ്‌ഫോടനത്തിനായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍, സമയം തുടങ്ങിയവയില്ലെല്ലാം ഒരു ബന്ധമുണ്ടെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്. മംഗളൂരുവിലെയും ശിവമോഗയിലെയും പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എല്ലാ വശവും പരിശോധിക്കുന്നുണ്ട്’, അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ ജനങ്ങള്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബെംഗളൂരുകാര്‍ പേടിക്കേണ്ട യാതൊരു കാര്യവുമില്ല. ചെറിയ തീവ്രതയിലുള്ള സ്‌ഫോടനമാണ് ഉണ്ടായത്. വലിയ ശബ്ദമുണ്ടായിരുന്നെങ്കിലും ചെറിയൊരു സ്ഥലത്തുമാത്രമാണ് സംഭവം നടന്നത്. തൊപ്പിയും കണ്ണടയും ധരിച്ചിട്ടും എല്ലാ കോണുകളില്‍ നിന്നും പ്രതിയുടെ മുഖം വ്യക്തമാകുന്നുണ്ട്. പ്രതി നടക്കുന്നതെല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്’, നഗരവികസന മന്ത്രി കൂടിയായ ശിവകുമാര്‍ പറഞ്ഞു. 2022 നവംബറിലാണ് ഓട്ടോറിക്ഷയിലെ പ്രഷര്‍ കുക്കറിനുള്ളിലുണ്ടായിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായത്.
‘നിലവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്. ഏഴ്-എട്ട് ടീം ഇതിനായി അവര്‍ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ല. ബെംഗളൂരുവില്‍ എല്ലായിടത്തും ക്യാമറയുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ ബസിലാണ് വന്നിരിക്കുന്നത്, അയാള്‍ തിരിച്ചുപോയതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാകും. അന്വേഷണം നടക്കട്ടെ. സര്‍ക്കാറും ഗൗരവത്തോടെയാണ് ഈ സ്‌ഫോടനത്തെ കാണുന്നത്. ഇതിനിടെ ബി.ജെ.പി. എന്തുവേണമെങ്കിലും പറയട്ടെ. അവര്‍ക്ക് സഹകരിക്കണമെങ്കില്‍ സഹകരിക്കാം, രാഷ്ട്രീയം കളിക്കണമെങ്കില്‍ അങ്ങനെയാവാം. അതൊന്നും ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ല’, ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
