പ്രതീകാത്മകചിത്രം

  • ഉള്‍പ്രദേശത്തെ വീട്ടുകിണറുകളില്‍ 20 ലിറ്റര്‍ വെള്ളത്തില്‍ ശരാശരിയുള്ളത് 28 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍. 20 ലിറ്റര്‍ കടല്‍വെള്ളത്തില്‍ ശരാശരിയുള്ളത് 63 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍.

കണ്ണൂര്‍: കേരളത്തിലെ കടല്‍വെള്ളത്തിലും കിണര്‍വെള്ളത്തിലുമുണ്ട് മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍. കുടിവെള്ളത്തിലൂടെയും മീന്‍ ഉള്‍പ്പെടെയുള്ള കടല്‍വിഭവങ്ങളിലൂടെയും ഇത് ശരീരത്തിലെത്താം. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷനിലെ അറ്റോമിക് ആന്‍ഡ് മോളിക്യുലാര്‍ഫിസിക്‌സ് വിഭാഗം നടത്തിയ പഠനത്തിലാണ് സുപ്രധാന വിവരങ്ങള്‍.

കണ്ണൂര്‍ അഴീക്കോട് ചാല്‍ഭാഗത്തെ കടല്‍വെള്ളവും അഴീക്കോട് പഞ്ചായത്തിലെ വീടുകളിലെ കിണര്‍വെള്ളവുമാണ് ഒരുവര്‍ഷംനീണ്ട പഠനത്തിന് സാംപിളായി ശേഖരിച്ചത്. 20 ലിറ്റര്‍ കടല്‍വെള്ളത്തില്‍ ശരാശരി 63 മൈക്രോപ്ലാസ്റ്റിക് കണങ്ങളുണ്ട്. ഇതില്‍ 38 എണ്ണം നാര് രൂപത്തിലാണ്. കടല്‍വെള്ളത്തില്‍ പെയിന്റ് അംശവും ധാരാളമായുണ്ട്. 20 ലിറ്റര്‍ വെള്ളത്തില്‍ 72 പെയിന്റ് അംശവും കിട്ടി.

ഉള്‍പ്രദേശത്തെ വീട്ടുകിണറുകളില്‍ 20 ലിറ്റര്‍ വെള്ളത്തില്‍ ശരാശരി 28 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ കണ്ടെത്തി. റോഡരികിലുള്ള വീട്ടുകിണറുകളില്‍ 35 മുതല്‍ 45 വരെയും. കേരളത്തില്‍ എല്ലായിടത്തും ഏതാണ്ട് സമാനസ്ഥിതി ആയിരിക്കുമെന്നും അതിനാല്‍ പ്ലാസ്റ്റിക് ജാഗ്രതയോടെയും നിയന്ത്രണത്തോടെയും ഉപയോഗിക്കണമെന്ന് എം.എ.എച്ച്.ഇ.യിലെ അറ്റോമിക് ആന്‍ഡ് മോളിക്യുലാര്‍ ഫിസിക്‌സ് വിഭാഗം അധ്യാപകന്‍ ഡോ. എം.കെ. സതീഷ് പറയുന്നു. മനുഷ്യരില്‍ വൃക്ക, ശ്വാസകോശം തുടങ്ങിയ അവയവങ്ങളില്‍ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ കണ്ടെത്തുന്നതായുള്ള വാര്‍ത്ത പലയിടങ്ങളില്‍ നിന്നും വരുന്നുണ്ട്.

ശ്രദ്ധിക്കണം കിണര്‍ വലകള്‍

കിണറുകള്‍ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വലകളും പ്ലാസ്റ്റിക് കയറുകളുമാണ് മൈക്രോപ്ലാസ്റ്റിക് കിണര്‍ വെള്ളത്തിലെത്താന്‍ വഴിയൊരുക്കുന്നത്. നിശ്ചിതകാലാവധിക്കുള്ളില്‍ ഇവ മാറ്റണം. അല്ലെങ്കില്‍ ഇവ മാറ്റണം. അല്ലെങ്കില്‍ പൊടിഞ്ഞുവീഴും.

എന്താണ് മൈ ക്രോപ്ലാസ്റ്റിക്

പ്ലാസ്റ്റിക്കില്‍നിന്ന് വിഘടിക്കുന്ന ചെറുപ്ലാസ്റ്റിക് പദാര്‍ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. അഞ്ച് മില്ലിമീറ്ററില്‍താഴെ വലുപ്പം. പ്ലാസ്റ്റിക് വലകള്‍, കുപ്പികള്‍, സഞ്ചികള്‍ തുടങ്ങിയവ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെയും ഋതുഭേദങ്ങളുടെയും ഫലമായി പൊടിഞ്ഞാണ് ചെറുകണികകളാവുന്നത്. നൈലോണ്‍, പോളി എത്തിലിന്‍, പോളി പ്രൊപ്പിലീന്‍ പോളി സള്‍ഫോണ്‍ എന്നിവയാണ് പ്രധാനമായും കാണുന്നത്.