Photo: PTI

പെരിന്തൽമണ്ണ: സ്റ്റേഡിയത്തിന് വലുപ്പം കൂട്ടേണ്ടിവരുമോയെന്ന സംശയത്തിലായി പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയം അധികൃതർ. അതിർത്തിവരയ്ക്കുമപ്പുറം താത്കാലിക ഗാലറിയും ബ്ലാക്ക് സ്‌ക്രീനും കടന്ന് പവലിയൻ വരെയും പന്തെത്തി. അടിച്ചുതകർത്തയാളെ കണ്ടപ്പോൾ അദ്ഭുതം ഇല്ലാതായി.

ഐ.പി.എൽ. സീസണിനു മുന്നോടിയായി പരിശീലനത്തിനെത്തിയതാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻകൂടിയായ സഞ്ജു സാംസൺ. കൂറ്റൻ ഷോട്ടുകൾ പരിശീലിക്കാനാണ് താരം ഏറെയും താത്പര്യംകാട്ടിയത്. ശനിയും ഞായറുമായാണ് പരിശീലനം നിശ്ചയിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ സഞ്ജു സ്റ്റേഡിയത്തിലെത്തുകയായിരുന്നു.

പെരിന്തൽമണ്ണ ജോളി റോവേഴ്‌സ് ക്ലബ്ബിന്റെയും അക്കാദമിയുടെയും ബൗളർമാരായ വിഘ്‌നേഷ് പുത്തൂർ, മുഹമ്മദ് ഇഷാഖ്, ദേവനാരായണൻ, റിസ്‌വാൻ എന്നിവരും സഞ്ജുവിനൊപ്പമുണ്ടായിരുന്ന രണ്ടുപേരും പന്തെറിഞ്ഞു. സഞ്ജുവിന്‌ കൂട്ടായി രഞ്ജി താരം ആനന്ദ് കൃഷ്ണനും ബാറ്റേന്തി. ശനിയാഴ്ചയും ഞായറാഴ്ചയും പരിശീലനം തുടരും.

ശനിയാഴ്ച രാജസ്ഥാൻ റോയൽസിന്റെ ബൗളർമാരും പരിശീലകരടക്കമുള്ള ഒഫീഷ്യലുകളും എത്തും. രഞ്ജി ടീമിലെ ബേസിൽ തമ്പി, നിധീഷ്, ആനന്ദ് കൃഷ്ണൻ തുടങ്ങിയവരുണ്ടാകും. സ്റ്റേഡിയത്തിലെ 11 പിച്ചുകളിൽ രണ്ടെണ്ണമാണ് സഞ്ജുവിനായി ഒരുക്കിയിരിക്കുന്നത്. പരിശീലനം കാണാനെത്തുന്നവർക്ക് ഗാലറിക്ക് മുകളിൽ താത്കാലിക പന്തലും ഒരുക്കിയിട്ടുണ്ട്.