പ്രതീകാത്മക ചിത്രം (iStock image)

മുംബൈ∙ ചൈനയിൽനിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന‌ തടഞ്ഞു. പാക്കിസ്ഥാന്റെ ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന സംശയത്തെ തുടർന്നാണ് നവഷേവാ തുറമുഖത്ത് കപ്പൽ തടഞ്ഞത്. വിശദമായ പരിശോധനയിൽ ഇറ്റാലിയൻ നിർമിത കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീൻ കറാച്ചിയിലേക്ക് കടത്തുന്നതായി കണ്ടെത്തി. കംപ്യൂട്ടർ അധിഷ്ഠിതമായി ആണവായുധങ്ങളും മിസൈലുകളും നിയന്ത്രിക്കാനാവാം ഇവ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് നിഗമനം.

ജനുവരി 23നു നടന്ന സംഭവം ഇന്നാണ് അധികൃതർ പുറത്തുവിട്ടത്. മാൾട്ടയുടെ പതാകയുള്ള കപ്പലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞത്. ‘ഷാങ്ഹായ് ഗ്ലോബൽ ലോജിസ്റ്റിക്സി’ൽനിന്ന് സിയാൽകോട്ടിലുള്ള ‘പാക്കിസ്ഥാൻ വിങ്സി’ലേക്ക് അയച്ച സാധനസാമഗ്രികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

രാജ്യാന്തര സമാധാനത്തിനുള്ള 1996ലെ വസനാർ കരാർ പ്രകാരം നിരോധിച്ച സാങ്കേതികവിദ്യകളിൽ ഒന്നാണ് സിഎൻസി മെഷീനുകൾ. സിവിലിയൻ, സൈനിക ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കരുതെന്നാണ് കരാറിൽ നിർദേശിക്കുന്നത്. കരാറിൽ ഇന്ത്യ ഉള്‍പ്പെടെ 42 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. ഉത്തര കൊറിയ അവരുടെ മിസൈൽ പദ്ധതികളിൽ സിഎൻസി മെഷീനുകൾ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്.