ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ് എന്നിവർ സമീപം |ഫോട്ടോ: എ.എൻ.ഐ

ന്യൂഡൽഹി: നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും ഹിമാചൽ പ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത അട്ടിമറിയിൽ കുടുങ്ങിയ കോൺഗ്രസിന് പ്രതിസന്ധി ഒഴിയുന്നില്ല. പാർട്ടിയിലെ വിമതർ പ്രത്യക്ഷമായും ചരടുവലികളുമായി ബി.ജെ.പി. അണിയറയിലും സജീവമായിത്തന്നെ തുടരുന്നു. പ്രതിസന്ധി മറികടക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച ദൗത്യസംഘം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഒഴിയാതെ തുടരുകയാണ്.

ഇതിനിടെ ബി.ജെ.പിയെ പുകഴ്ത്തിക്കൊണ്ട് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ് രംഗത്തെത്തി. കോൺഗ്രസിന്റെ പ്രവർത്തനത്തേക്കാൾ ബി.ജെ.പിയുടെ പ്രവർത്തനമാണ് ഏറെ മികച്ചതെന്ന് പ്രതിഭാ സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ബി.ജെ.പി. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കോൺഗ്രസ് കീഴ്ഘടങ്ങളിലെ പ്രവർത്തനങ്ങളിൽ പരാജയമെന്നും പ്രതിഭാ സിങ് പറഞ്ഞു.

അയോഗ്യരാക്കിയ എം.എൽ.എമാരുമായി പ്രതിഭാ സിങ്ങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പ്രതിഭാ സിങ്ങിന്റെ പുകഴ്ത്തൽ എന്നതും ശ്രദ്ധേയമാണ്.

രണ്ടു കോൺഗ്രസ് എം.എൽ.എമാരും വിമതരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ അടുത്തവൃത്തങ്ങൾ തയ്യാറായില്ലെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. വിക്രമാദിത്യൻ വിമതരുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് പ്രതിഭ സിങ്ങിനോട് ചോദിച്ചപ്പോൾ, ‘കഴിഞ്ഞ രാത്രി കൂടെ ഉണ്ടായിരുന്നുവെന്നും അതിന് ശേഷം എവിടെ പോയി എന്നതിനെക്കുറിച്ച് അറിയില്ല’ എന്നുമായിരുന്നു പ്രതിഭ മറുപടി നൽകിയത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാരെ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഒരു ഭാഗത്ത് പടലപ്പിണക്കം തീര്‍ക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുമ്പോഴും വിമതരോട് വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെയാണ് വിക്രമാദിത്യ സിങ് വിമത എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

വിമതനീക്കങ്ങള്‍ക്ക് ശക്തിപകര്‍ന്ന് വിക്രമാദിത്യ സിങ് നേരത്തെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നെങ്കിലും ഹൈക്കമാന്‍ഡ് ഇടപ്പെട്ടാണ് രാജിപിന്‍വലിപ്പിച്ചത്.

തുടക്കംമുതലുള്ള പടലപ്പിണക്കം നേതൃത്വം അവഗണിച്ചതാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ഭരണം തുലാസിലാക്കിയതെന്നാണാ് വിവരം. കൃത്യസമയത്ത് ഇടപെട്ട് പരിഹരിക്കാതിരുന്നതോടെ പ്രശ്നങ്ങൾ രൂക്ഷമായി. ചേരിപ്പോരിനൊടുവിലാണ് ഹൈക്കമാൻഡിന്റെ ഇടപെടലോടെ സുഖ്‌വീന്ദർ സിങ് സുഖു മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. ദീർഘകാലം സംസ്ഥാനം ഭരിച്ച വീരഭദ്രസിങ്ങിന്റെ ഭാര്യയും പി.സി.സി. അധ്യക്ഷയുമായ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ പാർട്ടി നിരീക്ഷകനായ അന്നത്തെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബഘേലിന്റെ വാഹനം തടഞ്ഞിരുന്നു. ഷിംലയിൽ നിയമസഭാകക്ഷി യോഗത്തിനുമുമ്പ് പി.സി.സി. ഓഫീസിനുമുന്നിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.