പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെ.പി നഡ്ഡ എന്നിവർ യോഗത്തിനിടെ | Photo:PTI

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാത്രി വൈകിയും യോ​ഗം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ യോ​ഗത്തിന്റെ ഭാ​ഗമായി.

ഷായും നഡ്ഡയുമായുി തന്റെ വസതിയിൽ വച്ച് പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ മത്സരിക്കുന്ന 100 സ്ഥാനാർഥികളെയാണ് യോഗം നിശ്ചയിച്ചതെന്നാണ് വിവരം.ഇവരുടെ പേരുകൾ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ പേരുകൾ ആദ്യ പട്ടികയിലുണ്ടെന്നും സൂചനയുണ്ട്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരളം, തെലങ്കാന, രാജസ്ഥാൻ, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയായിരിക്കും ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുകയെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പ്രഖ്യാപനം പിന്നീടായിരിക്കും.

2019-ലും തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപേ ബി.ജെ.പി തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഓരോ സീറ്റുകളിൽ പാർട്ടി സർവേയുടെ അടിസ്ഥാനത്തിലുള്ള വിജസാധ്യത കണക്കിലെടുത്താണ് തീരുമാനം. പ്രധാനമന്ത്രി വാരാണസിക്കുപുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍കൂടി മത്സരിക്കുമോ എന്നതിലാണ് ആകാംക്ഷ.

പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, ഭൂപേന്ദ്ര യാദവ്, സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഒ.ബി.സി. മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ഡോ. കെ. ലക്ഷ്മണന്‍, ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. ഇഖ്ബാല്‍ സിങ് ലാല്‍പുര, ഡോ. സുധാ യാദവ്, ഡോ. സത്യനാരായണ്‍ ജതിയ, ഓം പ്രകാശ് മാഥൂര്‍, മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസന്‍ എന്നിവരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങള്‍.