അക്രമ ദൃശ്യങ്ങൾ, പരിക്കേറ്റ വിദ്യാർത്ഥി | Photo: Screengrab
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനറല്‍ ബോഡി യോഗത്തിനിടെ സംഘർഷം. എ.ബി.വി.പി- എസ്.എഫ്.ഐ. ഇടത് സംഘടനകള്‍ തമ്മിലാണ് വ്യഴാഴ്ച രാത്രിയിൽ സംഘര്‍ഷമുണ്ടായത്. ജെ.എന്‍.യു.വിലെ സ്‌കൂള്‍ ഓഫ് ലാഗ്വേംജസിൽ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘർഷത്തെത്തുടർന്ന് വസന്ത് കുഞ്ജ് പോലീസ് കേസെടുത്തു. സംഘര്‍ഷം സൃഷ്ടിച്ചവര്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വി.സി. ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു. സംഘര്‍ഷരഹിതമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് വിദ്യാര്‍ഥികളുടെ ഉത്തരവാദിത്വമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
വിദ്യാര്‍ഥി സംഘടനകളായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡേഷന്‍ (എ.ഐ.എസ്.എ), ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷന്‍ (ഡി.എസ്.എഫ്), എസ്.എഫ്.ഐ, എ.ബി.വി.പി സംഘടനയിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വടികള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെ മർദിക്കുന്നതിന്റെയും സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം മാര്‍ച്ചിലാണ് ജെ.എന്‍.യു.വില്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
പി.എച്ച്.ഡി. വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
