Screengrab | arunachal pradesh football association-youtube
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കരുത്തരായ സര്‍വീസസിനെ തകര്‍ത്ത് ഗ്രൂപ്പില്‍ മുന്നേറാമെന്ന കേരളത്തിന്റെ ആശ നിറവേറിയില്ല. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില കൊണ്ട് തൃപ്തിപ്പെട്ടു. എങ്കിലും ഗ്രൂപ്പില്‍ തലപ്പത്തുള്ള സര്‍വീസസിനെ സമനിലയില്‍ തളച്ചെന്നതില്‍ കേരളത്തിന് ആശ്വസിക്കാം.
സജീഷ് നേടിയ ഗോളിലൂടെ കേരളമാണ് ആദ്യം മുന്നിലെത്തിയത്. 22-ാം മിനിറ്റില്‍ അക്ബര്‍ സിദ്ധിഖ് എടുത്ത ഒരു ഷോര്‍ട്ട് കോര്‍ണറില്‍ നിന്ന് അര്‍ജുന്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ നിന്നായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍ വന്നത്. ഉയര്‍ന്നുവന്ന പന്ത് ഒരു കിടിലന്‍ ബുള്ളറ്റ് ഹെഡറിലൂടെ സജീഷ് വലയിലാക്കി.
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സര്‍വീസസ് ഒപ്പമെത്തി. മത്സരം ആദ്യ പകുതിയുടെ അധികസമയത്തേക്ക് കടന്നതോടെ കേരള താരങ്ങള്‍ തളര്‍ച്ച പ്രകടിപ്പിച്ചുതുടങ്ങിയ സമയത്തായിരുന്നു ഗോള്‍. മലയാളി താരം മുഹമ്മദ് ഷഫീല്‍ എടുത്ത ത്രോ ഉഷം റോബിന്‍സണ്‍ സിങ് ബോക്‌സിലേക്ക് ക്രോസ് ചെയ്യുമ്പോള്‍ ബോക്‌സിലുണ്ടായിരുന്ന സമിര്‍ മുര്‍മുവിനെ തടയാന്‍ കേരളത്തിന്റെ രണ്ട് പ്രതിരോധ താരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരും ഗോളി നിഷാദും തമ്മിലുള്ള ധാരണപ്പിശക് കേരളത്തിന് തിരിച്ചടിയായി. ഹെഡറിലൂടെ മുര്‍മു സര്‍വീസസിനെ ഒപ്പമെത്തിക്കുകയും ചെയ്തു.
മത്സരത്തിലുടനീളം സര്‍വീസസാണ് നന്നായി കളിച്ചത്. കേരളത്തിന്റെ പ്രതിരോധനിര പലപ്പോഴും പരീക്ഷിക്കപ്പെട്ടു. മികച്ച പ്രതിരോധം സാധ്യമായതുകൊണ്ടാണ് കേരളം തോല്‍ക്കാതെ രക്ഷപ്പെട്ടത്. ഏറിയ പങ്കും പന്ത് കൈവശം വെച്ചത് സര്‍വീസസാണ്. കേരള ഗോള്‍മുഖത്ത് നിരന്തരമായി ഭീഷണി ഉയര്‍ത്തുകയും ചെയ്തു. സര്‍വീസസ് താരങ്ങളുടെ വേഗവും കരുത്തും നിറഞ്ഞ മുന്നേറ്റം പലപ്പോഴും കേരള ബോക്‌സ് വരെ കടന്നെത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. ഒടുക്കം ഒന്നാം പകുതിയുടെ ഇന്‍ജുറി ടൈമിലാണ് കേരളം നേടിയ ഒരു ഗോളിന് മറുപടി നല്‍കാന്‍ കഴിഞ്ഞത്.
ആറ് മാറ്റങ്ങളോടെയാണ് കേരളം ഇറങ്ങിയത്. പ്രതിരോധത്തില്‍ മുഹമ്മദ് സാലിം, ജി. സഞ്ജു എന്നിവര്‍ക്ക് പകരം ശരത് പ്രശാന്തും ആര്‍. സുജിത്തും വന്നു. മധ്യനിരയില്‍ ജിതിന് പകരം വി. അര്‍ജുനും മുന്നേറ്റത്തില്‍ മുഹമ്മദ് ആഷിഖിന് പകരം ഇ. സജീഷുമെത്തി. ഗോള്‍കീപ്പര്‍ മുഹമ്മദ് അസ്ഹറിന് പകരം മുഹമ്മദ് നിഷാദിന് ആദ്യമായി അവസരം ലഭിച്ചു.
ക്വാര്‍ട്ടര്‍ ഉറപ്പിച്ച കേരളം, സര്‍വീസസിനെതിരായ മത്സരം വഴി ഗ്രൂപ്പിലെ സ്ഥാനം മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യമിടുന്നത്. യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തിലാണ് മത്സരം. കേരളം നേരത്തേതന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്.
